X

1995ലെ ‘ഗസ്റ്റ് ഹൗസ് സംഭവ’ത്തിനു ശേഷം വൈരം മറന്ന് മായാവതി; കാൽ തൊട്ടു വന്ദിക്കണമെന്ന് അണികളോടഭ്യര്‍ത്ഥിച്ച് മുലായം

അഖിലേഷ് യാദവ് എസ്‌പി നേതാവായതിനു ശേഷമാണ് മായാവതിയുമായുള്ള ബന്ധം ഊഷ്മളമായിത്തുടങ്ങിയത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയെപ്പോലെ ‘വ്യാജ ഒബിസി’ അല്ല സമാജ്‌വാദി പാർട്ടി നേതാവ് മുലായം സിങ് യാദവെന്ന് ബിഎസ്‌പി നേതാവ് മായാവതി. 24 വർഷത്തെ രാഷ്ട്രീയവൈരം മറന്ന് ഇരുനേതാക്കളും ഒരുമിച്ച വേദിയിൽ വെച്ചാണ് യുപിയിലെ ജാതിരാഷ്ട്രീയത്തിന്റെ ഉള്ളറിഞ്ഞുള്ള പ്രയോഗം മായാവതി നടത്തിയത്. സവർണ്ണ ജാതിയിൽപ്പെട്ട നരേന്ദ്രമോദി താൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് തന്റെ ജാതിയെ ഒബിസിയിൽ പെടുത്തിയെന്ന ആരോപണത്തെ മുൻനിർത്തിയായിരുന്നു ഈ വിമർശനം.

മുലായം സിങ് യാദവ് ഇക്കഴിഞ്ഞ വര്‍ഷങ്ങളിൽ ഏറെ മാറിക്കഴിഞ്ഞെന്നും പഴയ ‘ഗസ്റ്റ് ഹൗസ് സംഭവം’ ഓർമയിൽ വെച്ചെന്നോണം മായാവതി പറഞ്ഞു. ‘ചില സന്ദർഭങ്ങളിൽ രാജ്യത്തിന്റെ ഭാവിയെക്കരുതി ചില പ്രയാസമേറിയ തീരുമാനങ്ങളെടുക്കേണ്ടി വരും. മുലായം സിങ് യാദവ്ജി ഇക്കാലയളവിനിടയിൽ ഏറെ മാറിക്കഴിഞ്ഞിട്ടുണ്ട്. ജനങ്ങൾക്കു വേണ്ടി, പ്രത്യേകിച്ചും സ്ത്രീകൾക്കു വേണ്ടി സമാജ്‌വാദി പാർട്ടി ഭരണകാലയളവിൽ അദ്ദേഹം ഒരുപാട് കാര്യങ്ങൾ ചെയ്യുകയുണ്ടായി.’ -മായാവതി പറഞ്ഞു.

മായാവതിയുടെ കാല്‍ തൊട്ട് നിറുകയിൽ വെക്കണമെന്ന് പാർട്ടി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തുകൊണ്ടാണ് മുലായം മായാവതിയെ വേദിയിലേക്ക് സ്വീകരിച്ചത്. താൻ എക്കാലത്തും മായാവതിയെ ബഹുമാനിച്ചിരുന്നെന്നും കടലായി ഇരമ്പിയെത്തിയ പുരുഷാരത്തെ സാക്ഷിയാക്കി മുലായം പറഞ്ഞു. മോശം കാലങ്ങളിൽ എസ്‌പിക്കൊപ്പം നിന്ന നേതാവാണ് മായാവതിയെന്നും അദ്ദേഹം പറയുകയുണ്ടായി.

സംസ്ഥാനത്ത് നിരവധിയിടങ്ങളിൽ പ്രതിപക്ഷ മഹാസഖ്യം സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. ഇവിടങ്ങളില്‍ ഇരുപാർട്ടികളുടെയും വോട്ടുകൾ കൃത്യമായി വീഴാന്‍ ഈ വേദിപങ്കിടൽ വഴിയൊരുക്കും.

അഖിലേഷ് യാദവ് എസ്‌പി നേതാവായതിനു ശേഷമാണ് മായാവതിയുമായുള്ള ബന്ധം ഊഷ്മളമായിത്തുടങ്ങിയത്. ഇരുവരും നിലവില്‍ ‘ബുവ-ബാബുവ’ (അമ്മായിയും മരുമോനും) എന്നാണ് അറിയപ്പെടുന്നത്. കഴിഞ്ഞവർഷം ചില ഇടക്കാല തെരഞ്ഞെടുപ്പുകളിൽ (കൈരാന ഗോരഖ്പൂർ, ഫുൽപൂർ) ഇരുകക്ഷികളും ഒരുമിച്ചു നിൽക്കുകയും വിജയം കൈവരിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഈയടുത്തിട വരെയും മുലായം മായാവതിയോടുള്ള ശത്രുത സൂക്ഷിച്ചിരുന്നു. മായാവതിയുടെ പാർട്ടിക്ക് പകുതി സീറ്റുകളും നൽകിയുള്ള അഖിലേഷിന്റെ നീക്കത്തെയും അദ്ദേഹം വിമർശിക്കുകയുണ്ടായി. എസ്‌പി അത്ര കുറഞ്ഞ പാർട്ടിയല്ലെന്നും മൂന്നുതവണ സ്വന്തം മന്ത്രിസഭയുണ്ടാക്കിയ കക്ഷിയാണെന്നും അഖിലേഷ് പാർട്ടിയെ തകർക്കുകയാണെന്നുമെല്ലാം സൂചിപ്പിച്ചായിരുന്നു കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ മുലായം നടത്തിയ വിമർശനം.

‘ഗസ്റ്റ് ഹൗസ് സംഭവം’

രണ്ട് ദശകങ്ങളോളം എതിർചേരികളിൽ നിന്ന രണ്ട് നേതാക്കളുടെ ഒത്തുചേരലിന് ദേശീയരാഷ്ട്രീയത്തിൽ വലിയ പ്രാധാന്യമാണുള്ളത്. സമാജ്‌വാദി പാർട്ടി നേതാവ് മുലായം സിങ് യാദവും ബിഎസ്‌പി നേതാവ് മായാവതിയും ഒരുമിച്ചൊരു വേദി പങ്കിട്ടപ്പോൾ ഇരുവരിൽ നിന്നും പുറത്തുവന്ന ഓരോ വാക്കുകളും രാജ്യം ശ്രദ്ധയോടെയാണ് കാതോർത്തത്. 1995ൽ ഒരു ഗസ്റ്റ് ഹൗസിൽ വെച്ച് ബിഎസ്‌പി നേതാവ് മായാവതിയെ സമാജ്‌വാദി പാർട്ടി പ്രവർത്തകർ ആക്രമിച്ചതിൽപ്പിനെ ഇരു കക്ഷികള്‍ക്കുമിടയിൽ വീണ്ടുമൊരു സഖ്യം അസാധ്യമായിത്തീരുകയായിരുന്നു. 1993ൽ, ബാബറി മസ്ജിദ് തകർക്കപ്പെട്ടതിനു പിന്നാലെ നടന്ന തെരഞ്ഞെടുപ്പിൽ യുപിയിൽ ബിജെപി നേട്ടമുണ്ടാക്കുമെന്ന് ഉറപ്പായിരുന്നു. ഇതിനെ ചെറുക്കാനായി മുലായവും മായാവതിയും സഖ്യമുണ്ടാക്കി. ഇരുവരും ചേർന്ന് 176 സീറ്റുകൾ നേടുകയും കോണ്‍ഗ്രസ്സിന്റെ കൂടെ പിന്തുണയോടെ 177 സീറ്റ് നേടിയ ബിജെപിയെ പുറത്തിരുത്തി അധികാരത്തിലേറുകയും ചെയ്തു. എന്നാൽ, രണ്ടുവർഷത്തിനു ശേഷം ഈ സഖ്യം തകർത്ത് മായാവതി ബിജെപിക്കൊപ്പം പോകുകയും മുലായം സർക്കാരിനെ വീഴ്ത്തുകയും ചെയ്തു. ഇതിൽ നിരാശരായ എസ്‌പി പ്രവർത്തകർ ലഖ്നൗവിലെ മീരാഭായി മാർഗിലെ ഒരു ഗസ്റ്റ് ഹൗസിൽ യോഗം ചേരുകയായിരുന്ന മായാവതിയെ ആക്രമിച്ചു. ഈ സംഭവത്തിനു ശേഷം ഇതാദ്യമായാണ് മായാവതി മുലായത്തിനൊപ്പം വേദി പങ്കിടാനെത്തുന്നത്.

എസ്‌‌പി-ബിഎസ്‌പി സഖ്യത്തെ വിമർശിക്കുമ്പോഴെല്ലാം തന്റെ പ്രസംഗങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഈ സംഭവം എടുത്തു പറയാറുണ്ട്. 24 വർഷത്തോളം പഴക്കമുള്ള ഈ വൈരത്തെ കുത്തിയിളക്കാനുള്ള മോദിയുടെ ശ്രമങ്ങളാണ് ഇപ്പോൾ പാഴായിരിക്കുന്നത്.

ബാബറി മസ്ജിദ് സംഭവത്തിനു ശേഷം ബിജെപിയെ അധികാരത്തിൽ നിന്നും അകറ്റി നിർത്താൻ സാധിച്ച സഖ്യമാണ് ബിഎസ്‌പിയുടെയും എസ്പിയുടെയും. കഴിഞ്ഞ രണ്ട് ദശകങ്ങളിലെ ശത്രുത ആകെയെടുത്തു പരിശോധിച്ചാൽ ഇരുകൂട്ടർക്കും വലിയ നേട്ടങ്ങള്‍ അതിൽ നിന്നുണ്ടായില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

This post was last modified on April 19, 2019 8:37 pm