X

ബാലകോട്ട് ആക്രമണത്തിൽ ജെയ്ഷ് ഭീകരർ കൊല്ലപ്പെട്ടതിന് ദൃക്സാക്ഷികളുണ്ടെന്ന് മാധ്യമങ്ങൾ

വ്യോമാക്രമണത്തിൽ നാശനഷ്ടമുണ്ടായെന്ന് ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ സഹോദരൻ പറയുന്ന ശബ്ദസന്ദേശം പുറത്തുവന്നതായി മാതൃഭൂമിയും റിപ്പോർട്ട് ചെയ്യുന്നു.

ബാലകോട്ട് ആക്രമണത്തിൽ ഡസൻകണക്കിന് ജെയ്ഷ് തീവ്രവാദികൾ കൊല്ലപ്പെട്ടതിന് ദൃക്സാക്ഷി തെളിവുകളുണ്ടെന്ന് മാധ്യമ റിപ്പോർട്ടുകൾ. ഫെബ്രുവരി 26ന് പുലർച്ചെ ഇന്ത്യ നടത്തിയ ആക്രമണത്തിനു ശേഷം 35 ശവശരീരങ്ങൾ ഒരു ആംബുലൻസിൽ നഗരത്തിന്റെ പുറത്തേക്ക് കടത്തിയെന്ന് ദൃക്സാക്ഷികൾ പറയുന്നതായി ഫസ്റ്റ്പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ഈ വിവരങ്ങൾ നൽകിയവരെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ റിപ്പോർട്ടിലില്ല. പ്രാദേശിക സർക്കാർ അധികാരികളാണ് വിവരം നൽകിയതെന്നും ഇവർ ഭീതി മൂലം പേരുകൾ വെളിപ്പെടുത്താൻ തയ്യാറായില്ലെന്നും റിപ്പോർട്ട് വിശദീകരിക്കുന്നു.

സ്ഥലത്തേക്ക് ആക്രമണം നടന്നയുടൻ എത്തിയ പട്ടാളം പൊലീസുകാരെപ്പോലും അകത്തേക്ക് വിടുകയുണ്ടായില്ലെന്ന് ദൃക്സാക്ഷികളിലൊരാൾ പറഞ്ഞതായി ഫസ്റ്റ്പോസ്റ്റിന്റെ റിപ്പോർട്ടിലുണ്ട്. അതെസമയം, റോയിട്ടേഴ്സ്, ദി ഗാർഡിയൻ തുടങ്ങിയ അന്തർദ്ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് പ്രകാരം ബാലാകോട്ട് ആക്രമണത്തിൽ ആരും കൊല്ലപ്പെട്ടിരുന്നില്ലെന്നാണ്. ഇവരും പ്രദേശവാസികളുടെ ദൃക്സാക്ഷി വിവരണങ്ങളെയാണ് ആശ്രയിച്ചത്. മുന്നൂറോളം പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നാണ് ഇന്ത്യ അവകാശപ്പെടുന്നത്. എന്നാൽ പാകിസ്താൻ ഈ അവകാശവാദത്തെ ഖണ്ഡിക്കുകയാണ്. ഇന്ത്യ കാട്ടിലെ മരങ്ങൾ നശിപ്പിച്ചെന്നും അത് ‘പരിസ്ഥിതി ഭീകരത’യാണെന്നും കാട്ടി ഐക്യരാഷ്ട്രസഭയ്ക്ക് പരാതി നൽകുകയും ചെയ്തു പാകിസ്താൻ.

ഫസ്റ്റ്പോസ്റ്റിന്റെ റിപ്പോർട്ട് പ്രകാരം മുൻ പാകിസ്താനി ഇന്റർ സർവ്വീസ് ഇന്റലിജൻസ് (ഐഎസ്ഐ) ഓഫീസറും പ്രദേശത്ത് ‘കേണൽ സലിം’ എന്നറിയപ്പെടുന്നയാളുമായ ജെയ്ഷെ പ്രവര്‍ത്തകനും ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ഇയാൾക്ക് ആക്രമണത്തിൽ പരിക്കേറ്റിരുന്നെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു. പെഷവാറിൽ നിന്നുള്ള ജെയ്ഷെ മൊഹമ്മദ് ഇൻസ്ട്രക്ടർ മുഫ്തി മോയീനും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട് പറയുന്നത്.

വ്യോമാക്രമണത്തിൽ നാശനഷ്ടമുണ്ടായെന്ന് ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ സഹോദരൻ പറയുന്ന ശബ്ദസന്ദേശം പുറത്തുവന്നതായി മാതൃഭൂമിയും റിപ്പോർട്ട് ചെയ്യുന്നുണ്ട്. മസൂദ് അസറിന്റെ സഹോദരന്‍ മൗലാനാ അമര്‍ ആണ് ഈ സന്ദേശമയച്ചതെന്ന് റിപ്പോർട്ട് പറയുന്നു. അതെസമയം ഇതിന്റെ സോഴ്സ് ഏതെന്ന് മാതൃഭൂമി റിപ്പോർട്ടിലില്ല. 14 മിനിറ്റ് ദൈർഘ്യമുള്ള സന്ദേശം മസൂദ് അസർ തന്നെ അയച്ചതാണെന്നതിനു സ്ഥിരീകരണം റിപ്പോർട്ടിൽ ലഭ്യമല്ല.

ആർമി കഴിഞ്ഞദിവസം നടത്തിയ വാർത്താ സമ്മേളനത്തിൽ പാകിസ്താനിൽ എത്ര ജെയ്ഷ് ഭീകരർ കൊല്ലപ്പെട്ടു എന്നതു സംബന്ധിച്ച് യാതൊരു വിവരവും നല്‍കിയിരുന്നില്ല. ഔദ്യോഗികമായ മറ്റു വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല.