X

പുൽവാമ ഭീകരാക്രമണത്തിനുപയോഗിച്ച വാഹനത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞു; കാർ മാരുതി ഈക്കോ തന്നെ

അന്വേഷകരെ സഹായിക്കാൻ മാരുതി സുസൂക്കിയിൽ നിന്നുള്ള വിദഗ്ധ സംഘമാണ് എത്തിയിരുന്നത്.

പുൽവാമ ഭീകരാക്രമണത്തിൽ ചാവേർ ഓടിച്ചു കയറ്റിയ വാഹനത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞതായി എൻഐഎ സംഘം. ഫോറൻസിക് വിദഗ്ധരും ഓട്ടോമൊബൈൽ വിദഗ്ധരും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വാഹനത്തിന്റെ വിശദാംശങ്ങൾ ചുരുളഴിച്ചെടുക്കാനായതെന്ന് എൻഐഎ പറയുന്നു.

മാരുതി ഈക്കോ കാറാണ് ആക്രമണത്തിനുപയോഗിച്ചതെന്ന് നേരത്തെ തന്നെ അനുമാനമുള്ളതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് സ്ഥിരീകരിച്ചതായാണ് വിവരം. ദൃക്സാക്ഷികളുടെ വിവരണങ്ങളിൽ നിന്നും കാറിനെക്കുറിച്ച് ഏതാണ്ടൊരു ഊഹം അന്വേഷകർക്ക് നേരത്തേയുണ്ടായിരുന്നു. ചുവന്ന നിറമുള്ള മാരുതി ഈക്കോ കാറാണിതെന്നായിരുന്നു അനുമാനം.

അന്വേഷകരെ സഹായിക്കാൻ മാരുതി സുസൂക്കിയിൽ നിന്നുള്ള വിദഗ്ധ സംഘമാണ് എത്തിയിരുന്നത്.

സജ്ജാദ് ഭട്ട് എന്നയാളുടെ ഉടമസ്ഥതയിലുള്ള കാറാണ് ആക്രമണത്തിനുപയോഗിച്ചതെന്നാണ് അന്വേഷകർ പറയുന്നത്. ഇയാൾ കശ്മീർ അനന്തനാഗ് ജില്ലയിലെ ബിജ്ബെഹറയിലെ താമസക്കാരനാണ്. സംഭവം നടന്നതിനു ശേഷം ഇയാൾ സ്ഥലത്തു നിന്നും മാറിയതായി അന്വേഷകർ പറയുന്നു.

അതെസമയം പുൽവാമ ആക്രമണത്തിനു ശേഷം കേന്ദ്രസർക്കാർ പിന്തുടരുന്ന നയത്തെ വിമർശിച്ച് പിഡിപി നേതാവ് മെഹ്ബൂബാ മുഫ്തി രംഗത്തെത്തി. തീ കൊണ്ടുള്ള കളി അരുതെന്ന് അവർ പറഞ്ഞു. നയങ്ങൾ ഇങ്ങനെ തുടർന്നാൽ ത്രിവർണ പതാകയ്ക്കു പകരം കശ്മീരികൾ ഏത് പതാക കൈയിലെടുക്കുമെന്ന് പറയാനാകില്ലെന്ന് അവർ ആശങ്കപ്പെട്ടു.

അതെസമയം ചാവേറായ ആദിൽ അഹ്മദ് ദാറിന് എങ്ങനെയാണ് ഈ കാർ കൈവശം കിട്ടയതെന്നത് അടക്കമുള്ള വിശദാംശങ്ങളിലേക്ക് ഇപ്പോഴും അന്വേഷകർ എത്തിയിട്ടില്ല. 2010-11 മോഡൽ കാറാണിതെന്ന് അന്വേഷകർ തിരിച്ചറിഞ്ഞിട്ടുണ്ട്.

കാർ കണ്ടെത്താനായി കശ്മീരിൽ നടന്ന കാർമോഷണങ്ങള്‍ എൻഎൈഎ വിശദമായി പരിശോധിച്ചിരുന്നു. ഇതുവഴി പ്രത്യേകിച്ചൊരു അനുമാനത്തിലെത്താൻ കഴിയുകയുണ്ടായില്ല. സംസ്ഥാനത്തിനു പുറത്തു നിന്നായിരിക്കാം കാർ സ്ഥലത്തെത്തിച്ചിരിക്കുകയെന്നും അനുമാനിക്കപ്പെട്ടിരുന്നു. എന്നാൽ പുതിയ കണ്ടെത്തലുകൾ പ്രകാരം കാർ സംസ്ഥാനത്തിനകത്തു നിന്നു തന്നെ സംഘടിപ്പിച്ചതാണെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്.

സംഭവസ്ഥലത്തു നിന്ന് ഒരു വലിയ കാനിന്റെ ഭാഗങ്ങൾ കണ്ടെത്തിയിരുന്നു. 20-25 ലിറ്റർ ശേഷിയുള്ളതാണ് ഈ കാൻ. ഇതിലായിരിക്കാം ആർഡിഎക്സ് പായ്ക്ക് ചെയ്തിരിക്കുക എന്ന് അന്വേഷകർ സംശയിക്കുന്നുണ്ട്. ആക്രമണത്തിനുപയോഗിച്ച കാറിന്റേതെന്ന് കരുതുന്ന ഒരു ഷോക്ക് അബ്സോർബർ കണ്ടെത്തിയിട്ടുണ്ട്.

This post was last modified on February 26, 2019 6:02 am