X

വാട്സാപ്പിലൂടെ അവഹേളനവും ഭീഷണിയും; പരാതിപ്പെടാൻ സംവിധാനമൊരുക്കി അധികൃതർ

ccaddn-dot@nic.in എന്ന ഇമെയിൽ വിലാസത്തിൽ പരാതി അയയ്ക്കുകയാണ് വേണ്ടതെന്ന് ടെലികോം ഡിപ്പാർട്ട്മെന്റിന്റെ കൺട്രോളർ ഓഫ് കമ്യൂണിക്കേഷൻസ് ആശിഷ് ജോഷി പറയുന്നു.

വാട്സാപ്പിലൂടെ ലഭിക്കുന്ന അവഹേളനപരമായ സന്ദേശങ്ങൾക്കെതിരെ പരാതിപ്പെടാൻ ടെലിക്കമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്റ് പുതിയൊരു സംവിധാനമൊരുക്കി. അവഹേളനമോ, കൊലപാതക ഭീഷണിയോ, മോശപ്പെട്ട മറ്റു സന്ദേശങ്ങളോ വാട്സാപ്പിലൂടെ ലഭിച്ചാൽ അതിന്റെ സ്ക്രീൻ ഷോട്ടും അയച്ചയാളുടെ മൊബൈൽ നമ്പരും സഹിതം ഇവിടെ പരാതി നൽകാവുന്നതാണ്. ccaddn-dot@nic.in എന്ന ഇമെയിൽ വിലാസത്തിൽ പരാതി അയയ്ക്കുകയാണ് വേണ്ടതെന്ന് ടെലികോം ഡിപ്പാർട്ട്മെന്റിന്റെ കൺട്രോളർ ഓഫ് കമ്യൂണിക്കേഷൻസ് ആശിഷ് ജോഷി പറയുന്നു.

പരാതി ലഭിച്ചാൽ അത് ടെലികോം ഓപ്പറേറ്റർമാർക്കും പൊലീസിനും കൈമാറുകയാണ് ഇവർ ചെയ്യുക. രാജ്യത്തിന്റെ പല സ്ഥലങ്ങളിലും ഇത്തരം പരാതികൾ സ്വീകരിക്കപ്പെടാതിരിക്കുന്ന പ്രശ്നവും ഇതോടെ പരിഹരിക്കപ്പെടും.

വാട്സാപ്പിലൂടെ ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്ന സംഭവങ്ങൾ നിത്യേനയെന്നോണം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ ബിജെപിയെയും സംഘപരിവാർ സംഘടനകളെയും വിമർശിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ നമ്പരുകൾ ബിജെപി ഐടി സെൽ പരസ്യമാക്കുകയും അവയിലേക്ക് അശ്ലീല സന്ദേശങ്ങളുടെ കുത്തൊഴുക്കുണ്ടാകുകയും ചെയ്തിരുന്നു. ഈ സംഭവങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് ടെലികമ്യൂണിക്കേഷൻസ് ഡിപ്പാർട്ട്മെന്റ് പുതിയ നടപടിയുമായി രംഗത്തു വരുന്നത്.

തങ്ങളുടെ സബ്സ്ക്രൈബർമാർ ഇത്തരം മെസ്സേജുകൾ അയയ്ക്കുന്നതിന് തടയിടണമെന്നാവശ്യപ്പെട്ട് എല്ലാ ടെലികോം ഓപ്പറേറ്റർമാർക്കും ടെലികമ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്റ് കത്തയച്ചിരുന്നു.

This post was last modified on February 23, 2019 8:06 am