X

വധശിക്ഷയ്ക്ക് മൊറട്ടോറിയം; യുഎന്‍ പ്രമേയത്തെ എതിര്‍ത്ത് ഇന്ത്യ

അഴിമുഖം പ്രതിനിധി

വധശിക്ഷയ്ക്ക് മൊറട്ടോറിയം നടപ്പാക്കണമെന്ന ഐക്യരാഷ്ട്രസഭ പ്രമേയത്തിനെതിരായി ഇന്ത്യ വോട്ട് ചെയ്തു. ഇന്ത്യന്‍ നിയമങ്ങള്‍ക്ക് എതിരാകുമെന്നതിനാലും പരമാധികാരമുള്ള രാജ്യങ്ങള്‍ക്ക് അവരുടെ സ്വന്തം നിയമങ്ങളും ശിക്ഷാരീതികളും പിന്തുടരാന്‍ അവകാശമുള്ളതിനാലുമാണ് യുഎന്‍ നയത്തെ എതിര്‍ക്കേണ്ടി വരുന്നതെന്ന് ഇന്ത്യ വ്യക്തമാക്കി.

വധിശിക്ഷ നിര്‍ത്തലാക്കണം എന്നതാണ് മൊറട്ടോറിയത്തിന്റെ പ്രോത്സാഹനത്തിലൂടെ ഐക്യരാഷ്ട്ര സഭ ലക്ഷ്യം വയ്ക്കുന്നത്. എന്നാല്‍ ഇത്തരമൊരു തീരുമാനത്തെ എതിര്‍ത്ത് വോട്ട് ചെയ്യേണ്ടി വന്നു. കാരണം ഇന്ത്യക്ക് ചട്ടപ്രകാരമുള്ള നിയമവ്യവസ്ഥയുണ്ട്; യു എന്നിലെ ഇന്ത്യന്‍ കൗണ്‍സിലറായ മായങ്ക് ജോഷി പറയുന്നു.

അതേസമയം വധശിക്ഷയ്ക്ക് മൊറട്ടോറിയം നടപ്പാക്കണം എന്ന തീരുമാനം യു എന്‍ ജനറല്‍ അസംബ്ലിയില്‍ 38 നെതിരേ 115 വോട്ടുകള്‍ക്ക് പാസായി. 31 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു. ഒരു രാജ്യത്തിന്റെ പരമാധികാരത്തെ അംഗീകരിക്കണമെന്നും അതിനെ ദുര്‍ബലപ്പെടുത്താത്ത രീതിയില്‍ പുതിയ തീരുമാനം നടപ്പാക്കാന്‍ രാജ്യങ്ങള്‍ക്ക് അവകാശമുണ്ടായിരിക്കുമെന്ന ഭേദഗതിയും 72 നെതിരേ 76 വോട്ടുകള്‍ക്ക് പാസായി. ഭേദഗതി ഇന്ത്യ പിന്തുണയ്ക്കുകയുണ്ടായി. ഓരോ രാജ്യത്തിനും അവരുടേതായ നിയമവ്യവസ്ഥയിലും ശിക്ഷാവിധികളും തീരുമാനം എടുക്കാനുള്ള അവകാശമുണ്ടെന്ന് മായങ്ക് ജോഷി വ്യക്തമാക്കി.

അപൂര്‍വങ്ങളില്‍ അപൂര്‍വങ്ങളായ കേസുകളില്‍ മാത്രമാണ് ഇന്ത്യയില്‍ വധശിക്ഷ നടപ്പാക്കാറുള്ളൂവെന്നും മായങ്ക് ജോഷി ഇന്ത്യന്‍ നിലപാടിനെ ന്യായീകരിച്ചുകൊണ്ട് പറഞ്ഞു.

 

This post was last modified on December 27, 2016 2:17 pm