X

അതിര്‍ത്തിയില്‍ സംഘര്‍ഷം പുകയുന്നു, ഗിലാനി വീണ്ടും വീട്ടുതടങ്കലില്‍

അഴിമുഖം പ്രതിനിധി

ഇന്ത്യ-പാക് ചര്‍ച്ച ഉപേക്ഷിച്ചതിനു പിന്നാലെ കശ്മീര്‍ വിഘടനവാദി നേതാവ് സയ്യീദ് അലി ഷാ ഗിലാനിയെ വീട്ടുതടങ്കലിലാക്കി. ഗിലാനിയെ കരുതല്‍ തടങ്കലില്‍ ആക്കിയതിനെതിരെ അദ്ദേഹത്തിന്റെ അനുയായികള്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തിലെത്തുകയും ചെയ്തു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കിയും ടിയര്‍ ഗ്യാസും പ്രയോഗിച്ചു. 

ശ്രീനഗറിലെ ഹൈദര്‍പോരയിലെ ഗിലാനിയുടെ വസതിയില്‍ എത്തിയാണ് കശ്മീര്‍ പൊലീസ് അദ്ദേഹത്തെ തടങ്കലിലാക്കിയത്. നേരത്തെ ഇന്ത്യയില്‍ ചര്‍ച്ചയ്‌ക്കെത്തുമ്പോള്‍ ഗിലാനി ഉള്‍പ്പെടെയുള്ള വിഘടനവാദി നേതാക്കളുമായി ചര്‍ച്ച നടത്തുമെന്ന പാക് സുരക്ഷാഉപദേഷ്ടാവിന്റെ പ്രഖ്യാപനം ഇന്ത്യയെ ചൊടിപ്പിച്ചിരുന്നു. കേന്ദ്രസര്‍ക്കാരുമായി യാതൊരുവിധ ആശവിനിമയവും നടത്താതെയാണ് ഗിലാനിയടക്കമുള്ളവരുമായി പാകിസ്താന്‍ ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്. ഇതിനെതിരെ ഇന്ത്യ ശക്തമായി പ്രതികരിച്ചിരുന്നു.

ചര്‍ച്ചയില്‍ കശ്മീര്‍ വിഷയം ഉള്‍പ്പെടുത്തണമെന്ന പാകിസ്താന്റെ ആവശ്യം നിരാകരിച്ച ഇന്ത്യ തീവ്രവാദം മാത്രമായിരിക്കും അജണ്ടയെന്ന് പ്രഖ്യാപിച്ചതോടെയാണ് പാകിസ്താന്‍ ചര്‍ച്ചയില്‍ നിന്ന് പിന്മാറിയത്. 

അതേസമയം ഇന്ത്യ-പകിസ്താന്‍ ചര്‍ച്ച റദ്ദാക്കിയിത് നിരാശാജനകമാണെന്ന് അമേരിക്ക പ്രതികരിച്ചു. ഇരുരാജ്യങ്ങളും ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്നും യു എസ് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.

This post was last modified on December 27, 2016 3:22 pm