X

മോദി പാകിസ്ഥാന്റെ ‘പോസ്റ്റര്‍ ബോയ്’: റഫേല്‍ വിഷയത്തില്‍ ആഞ്ഞടിച്ച്‌ രാഹുല്‍ ഗാന്ധി

ഫയല്‍ മുക്കിയത് മോദിയെ രക്ഷിക്കാനെന്നും വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍

റഫേല്‍ ഇടപാടിന്റെ ഫയലുകള്‍ കാണാതായതിനെതിരെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആഞ്ഞടിച്ച് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. പ്രതികരിക്കാന്‍ വൈകിയതില്‍ മാപ്പ് ചോദിച്ചാണ് രാഹുല്‍ പത്രസമ്മേളനം തുടങ്ങിയത്. കാണാതായി (ഗയാബ് ഹോ ഗയാ) എന്നതാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ പുതിയ ടാഗ് ലൈന്‍.

‘ആര്‍ക്കെതിരെ വേണമെങ്കിലും അന്വേഷണം നടത്തൂ. പക്ഷെ പ്രധാനമന്ത്രിക്കെതിരെയും അന്വേഷണം നടത്തണം’ രാഹുല്‍ പറയുന്നു. കാണാതായ രേഖകളെക്കുറിച്ച് അന്വേഷണം നടത്തണം. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെതിരെക്കുറിച്ചും അന്വേഷണം. എല്ലാ സത്യങ്ങളും അവസാനം മറനീക്കി പുറത്തുവരുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രതിരോധമന്ത്രാലയത്തിന്റെ ഫയലില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തര ചര്‍ച്ച നടത്തിയെന്നാണ് ഇന്ത്യന്‍ ചര്‍ച്ചാ സംഘം പറയുന്നത്. അവരുടെ ജോലിയില്‍ എന്തിന് ഇടപെട്ടുവെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പറയണം. അതിന് കാരണം, നിങ്ങള്‍ക്ക് ആ കരാര്‍ അനില്‍ അംബാനിക്ക് നല്‍കണമായിരുന്നു എന്നതാണ്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിനെക്കുറിച്ച് പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പരാതി പറഞ്ഞിരുന്നു. അവര്‍ അങ്ങനെ പരാതിപ്പെട്ടതിനും ഒരു കാരണമുണ്ട്.

പ്രധാനമന്ത്രി കുറ്റക്കാരനല്ലെങ്കില്‍ എന്തുകൊണ്ട് അന്വേഷണത്തിന് ഉത്തരവിടുന്നില്ലെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. മോദി പാകിസ്ഥാന്റെ പോസ്റ്റര്‍ ബോയ് ആണെന്നും രാഹുല്‍ പരിഹസിച്ചു. ‘പത്താന്‍കോട്ടില്‍ ഐഎസ്‌ഐയെ എത്തിക്കാന്‍ മോദിക്ക് സാധിച്ചു. നവാസ് ഷെരീഫിനെ കാണാന്‍ പോയി. മോദി പാകിസ്ഥാന്റെ പോസ്റ്റര്‍ ബോയി ആണ്’.

റഫാല്‍ ഇടപാട് വൈകിപ്പിച്ചിതിനെക്കുറിച്ചും പ്രധാനമന്ത്രിക്കെതിരെ അന്വേഷണം വേണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ കുറ്റപ്പെടുത്തുന്നത് തെളിവുകള്‍ പുറത്തുകൊണ്ടുവന്നവരെയാണ്. മോദിക്കെതിരെ എഴുതാന്‍ ധൈര്യം കാട്ടിയതിനാണ് മാധ്യമങ്ങളെ ശിക്ഷിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു. മോദി ഭരണത്തില്‍ എല്ലാം കാണാതാകുകയാണ്. രണ്ട് കോടി തൊഴില്‍ കാണാതായെന്നും രാഹുല്‍ പരിഹസിച്ചു.

അഴിമതി ആരോപിക്കപ്പെടുമ്പോള്‍ സര്‍ക്കാര്‍ ദേശസുരക്ഷയില്‍ അഭയം തേടുന്നതെങ്ങനെയെന്നാണ് ഇന്നലെ റഫാല്‍ ഇടപാട് കേസില്‍ സുപ്രിംകോടതി ഇന്നലെ ചോദിച്ചത്. കരാര്‍ അനിവാര്യമായിരുന്നെന്നും ദേശസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണിതെന്നുമാണ് അറ്റോണി ജനറല്‍ (എജി) കെ കെ വേണുഗോപാല്‍ വാദിച്ചത്. ഈ വാദത്തെയാണ് ജസ്റ്റിസ് കെ എം ജോസഫ് എതിര്‍ത്തത്. ഇടപാടുമായി ബന്ധപ്പെട്ട രഹസ്യ രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും മോഷ്ടിക്കപ്പെട്ടെന്നും ഔദ്യോഗിക രഹസ്യ നിയമപ്രകാരമുള്ള നടപടികള്‍ക്ക് മുന്നോടിയായി ഇക്കാര്യത്തില്‍ അന്വേഷണം നടക്കുകയാണെന്ന വാദവും എജി ഉന്നയിച്ചു. എന്നാല്‍ നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച് മോഷ്ടിക്കപ്പെട്ട രേഖകള്‍ കോടതിക്ക് പരിശോധിക്കാമെന്നും ജസ്റ്റിസ് ജോസഫ് വിശദീകരിച്ചു. മോഷ്ടിക്കപ്പെട്ടതെന്ന് ആരോപിക്കപ്പെടുന്ന രേഖകള്‍ പരിശോധിക്കാതെ മുന്നോട്ട് പോകാമെന്ന് ഒടുവില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് ഒടുവില്‍ വ്യക്തമാക്കി. ഉറവിടം വെളിപ്പെടുത്തിയ രേഖകള്‍ തന്നെ വേണ്ടത്രയുണ്ടെന്ന് ഹര്‍ജിക്കാരില്‍ ഒരാളായ പ്രകാശ് ഭൂഷണും പറഞ്ഞു. കരാര്‍ റദ്ദാക്കണമെന്നല്ല, അന്വേഷണം വേണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും ഭൂഷണ്‍ കൂട്ടിച്ചേര്‍ത്തു.

This post was last modified on March 7, 2019 12:52 pm