X

നോട്ട് നിരോധനം ഇന്ത്യന്‍ സമ്പദ്‌രംഗത്തെ മന്ദഗതിയിലാക്കി; രഘുറാം രാജന്‍

റിസര്‍വ് ബാങ്ക് ഗവര്‍ണറായി തുടരാന്‍ തയ്യാറായിരുന്നിട്ടും സര്‍ക്കാര്‍ കാലാവധി നീട്ടി നല്‍കിയില്ല

വേണ്ടത്ര മുന്നൊരുക്കം നടത്താതെ 1000, 500 രൂപയുടെ നോട്ടുകള്‍ നിരോധിച്ച നടപടി രാജ്യത്തെ സമ്പദ്‌രംഗത്തെ മന്ദഗതിയിലാക്കാനും രാജ്യവ്യപാകമായി വ്യാപാര-ഉല്‍പാദന മേഖല സ്തംഭിക്കാനും  കാരണമായെന്നും റിസര്‍വ്വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ . എന്‍ഡി ടിവിക്കു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് രഘുറാം രാജന്‍ ഇക്കാര്യം വ്യക്തമാക്കിയത്. നോട്ട് നിരോധനത്തില്‍ തന്റെ വിയോജിപ്പ് ബന്ധപെട്ടവരെ താന്‍ അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഗവര്‍ണറായി തുടരാമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടും ചിക്കാഗോ സര്‍വ്വകലാശാലയില്‍ നിന്നും അവധി ലഭിക്കാത്തതുകൊണ്ട് തുടരാതിരുന്നതാണെന്ന പ്രചാരണം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ സ്ഥാനത്ത് തുടരാന്‍ താന്‍ തയ്യാറായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ കരാര്‍ നീട്ടി നല്‍കിയില്ലെന്നും രാജന്‍ വ്യക്തമാക്കി. തന്റെ മൂന്നു വര്‍ഷത്തെ കാലവധി കഴിഞ്ഞു. പിന്നീട് തുടരുന്നതിന് സര്‍ക്കാര്‍ കരാര്‍ നീട്ടി നല്‍കണം. അതുണ്ടായില്ല. അദ്ദേഹം പറഞ്ഞു. അതുസംബന്ധിച്ച്‌ ചില ആലോചനകളുണ്ടായിരുന്നു. അത് വെളിപെടുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരു മുന്നൊരുക്കവുമില്ലാതെ ഒറ്റ ദിവസം കൊണ്ട് നോട്ട് പിന്‍വലിച്ചത്‌ തീര്‍ച്ചയായും സമ്പദ് രംഗത്തെ ബാധിച്ചതായി അദ്ദേഹം പറഞ്ഞു. അതിന്റെ ദുരന്തം ഇന്ത്യന്‍ സമ്പദ് രംഗത്ത് ദൃശ്യമാണ്. കുറഞ്ഞ മാര്‍ജിനില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് പിടിച്ചു നില്‍ക്കാനാവാത്ത സാഹചര്യമുണ്ടായി. പെട്ടെന്നു കച്ചവടം കുറഞ്ഞ സാഹചര്യമുണ്ടായപ്പോള്‍ പല കമ്പനികള്‍ക്കും പിടിച്ചുനില്‍ക്കാനാവാത്ത സാഹചര്യമുണ്ടായി. മൂന്നാമതായി നിക്ഷേപരംഗത്തും ഈ അനിശ്ചിതാവസ്ഥ കനത്ത പ്രഹരമേല്‍പ്പിച്ചുവെന്നും അദ്ദേഹം വിശദീകരിച്ചു. നോട്ടുനിരോധനത്തെ അംഗീകരിക്കുന്നവര്‍ പല അവകാശവാദങ്ങളും ഉന്നയിക്കുന്നു. അതില്‍ ഒന്നും തന്നെ വ്യക്തമായ ആശയമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ഒരു നടപടി സ്വീകരിക്കുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ ആലോചിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

This post was last modified on September 8, 2017 11:59 am