X

ഒരോട്ടിന് രൂപാ 4000; ഓരോരുത്തര്‍ക്കും ടാര്‍ഗറ്റ്; ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് മാറ്റി വച്ചതിന്റെ കഥകള്‍ ഇങ്ങനെ

ആരോഗ്യമന്ത്രി സി വിജയഭാസ്‌കറിന്റെ കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡില്‍ ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരുന്നു.

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തെ തുടര്‍ന്ന് ചെന്നൈ ആര്‍കെ നഗര്‍ (രാധാകൃഷ്ണ നഗര്‍) മണ്ഡലത്തില്‍ നടക്കേണ്ട ഉപതിരഞ്ഞെടുപ്പ് മാറ്റി വച്ചത് വ്യാപകമായി വോട്ടര്‍മാര്‍ക്ക് പണവും സാധനങ്ങളും വിതരണം ചെയ്തതായി കണ്ടെത്തിയതിനെ തുടര്‍ന്ന്. പ്രധാനമായും എഐഎഡിഎംകെയിലെ ശശികല പക്ഷത്തിന് നേരെയയാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. 89 കോടി രൂപ വിതരണം ചെയ്തതായാണ് കണ്ടെത്തിയിരിക്കുന്നത്.

ആരോഗ്യമന്ത്രി സി വിജയഭാസ്‌കറിന്റെ കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡില്‍ ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയിലില്‍ കഴിയുന്ന ശശികലയ്ക്ക് ഇത് കൂടുതല്‍ തലവേദനയാകുമെന്നാണ് സൂചന. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി ശശികലയെ നിയമച്ചതിന്റെ സാധുത, ഒ പനീര്‍സെല്‍വത്തിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിച്ച് വരുകയാണ്. ശശികലയുടെ അനന്തരവനും അണ്ണാ ഡിഎംകെ ശശികല വിഭാഗത്തിന്റെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയുമായ ടിടിവി ദിനകരനാണ് മണ്ഡലത്തില്‍ ശശികല വിഭാഗം സ്ഥാനാര്‍ത്ഥി. പണമൊഴുക്കിയതില്‍ മന്ത്രിമാരായ വിജയഭാസ്‌കര്‍, ഡിണ്ടിഗല്‍ ശ്രീനിവാസന്‍, ജയകുമാര്‍, മുഖ്യമന്ത്രി ഇ പളനിസാമി എന്നിവര്‍ക്ക് പങ്കുള്ളതായുള്ള ആരോപണമാണ് വരുന്നത്.

ഓരോരുത്തര്‍ക്കും ടാര്‍ഗറ്റ് ഉണ്ടായിരുന്നു എന്നാണ് പിടിച്ചെടുക്കപ്പെട്ട രേഖകളില്‍ നിന്ന് ലഭിക്കുന്ന സൂചന. 33,000 വോട്ടിന് 13.27 കോടി രൂപ എന്നതായിരുന്നു പളനിസാമിയുടെ ദൗത്യം എന്ന് പറയുന്നു. ഫോണ്‍ റീചാര്‍ജ് കൂപ്പണുകള്‍, ന്യൂസ് പേപ്പര്‍ സബ്‌സ്‌ക്രിപ്ഷനുകള്‍, മില്‍ക്ക് ടോക്കണുകള്‍ തുടങ്ങിയവയെല്ലാം വിതരണം ചെയ്തത് സംബന്ധിച്ച് അന്വേഷിക്കുന്നുണ്ട്. പത്രക്കാരും പാല്‍ക്കാരും വഴിയെല്ലാം പണം വിതരണം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സാരി അടക്കമുള്ള വസ്ത്രങ്ങളും മറ്റ് സാധനങ്ങളും വലിയ തോതില്‍ വിതരണം ചെയ്തിരുന്നു. ഓരോ വോട്ടര്‍ക്കും 4000 രൂപ വീതമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. 2.6 ലക്ഷം വോട്ടര്‍മാരുള്ള മണ്ഡലത്തില്‍ 85 ശതമാനമായിരുന്നു ടാര്‍ഗറ്റ്.

അതേസമയം തിരഞ്ഞെടുപ്പ് റദ്ദാക്കിയത് മോശം തീരുമാനമാണെന്നും താന്‍ വിജയിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആഗ്രഹിക്കുന്നതിനാലായിരിക്കും ഇത്തരമൊരു തീരുമാനമെന്നും ദിനകരന്‍ അഭിപ്രായപ്പെട്ടു. ‘ഞങ്ങളുടെ വിജയം നീട്ടിക്കൊണ്ടു പോകാന്‍ മാത്രമേ തിരഞ്ഞെടുപ്പ് കമ്മീഷന് കഴീയൂ. ഞങ്ങള്‍ ജയിക്കുമെന്ന കാര്യത്തില്‍ സംശയമില്ല’ – ദിനകരന്‍ പറഞ്ഞു.

Related Post
Leave a Comment