X

എന്താണ് ലോക്‌സഭ പാസാക്കിയ ആര്‍ടിഐ ബില്‍ ഭേദഗതി? എന്തുകൊണ്ട് പ്രതിപക്ഷം ഇതിനെ എതിര്‍ക്കുന്നു?

ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണം എന്ന പ്രതിപക്ഷ ആവശ്യം തള്ളിയ സര്‍ക്കാര്‍ ലോക്‌സഭയില്‍ ബില്‍ പാസാക്കി.

വിവരാവകാശ ഭേദഗതി ബില്‍ പ്രതിഷേധങ്ങള്‍ക്കിടെ ലോക്‌സഭയില്‍ സര്‍ക്കാര്‍ 79നെതിരെ 218 വോട്ടുകള്‍ക്ക്‌
പാസാക്കി. വിവരാവകാശ നിയമത്തെ ദുര്‍ബലപ്പെടുത്തുന്നതാണ് ബില്‍ എന്ന് ആരോപിച്ച് പ്രതിപക്ഷം എതിര്‍പ്പുയര്‍ത്തി. അതേസമയം ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണം എന്ന പ്രതിപക്ഷ ആവശ്യം തള്ളിയ സര്‍ക്കാര്‍ ലോക്‌സഭയില്‍ ബില്‍ പാസാക്കി. വിവരാവകാശ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധവുമായി ന്യൂഡല്‍ഹിയില്‍ സാമൂഹ്യപ്രവര്‍ത്തകര്‍ പ്രകടനം നടത്തി.

ഭരണപരമായ കാര്യങ്ങളില്‍ സുതാര്യതയില്ലാതെ തോന്നിയ പോലെ പ്രവര്‍ത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് വിവരാവകാശ നിയമത്തിലെ വെള്ളം ചേര്‍ക്കല്‍ എന്ന് വിവരാവകാശ പ്രവര്‍ത്തകരും സാമൂഹ്യപ്രവര്‍ത്തകരും ആരോപിക്കുന്നു. സര്‍ക്കാരിന് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയില്‍ ബില്‍ തടയാമെന്ന കണക്കുകൂട്ടലിലാണ് പ്രതിപക്ഷം. അതേസമയം എന്‍ഐഎ ബില്ലിനെതിരെ ലോക്‌സഭയില്‍ പ്രതിപക്ഷ നിരയില്‍ നിന്ന് എതിര്‍പ്പുകളുയര്‍ന്നെങ്കിലും രാജ്യസഭയില്‍ എതിരില്ലാതെ പാസാക്കപ്പെടുകയാണുണ്ടായത്.

തിരഞ്ഞെടുപ്പ് കമ്മീഷനെ പോലെ ഭരണഘടനാ സ്ഥാപനമല്ല വിവരാവകാശ കമ്മീഷന്‍ എന്നും 2005ലെ വിവരാവകാശ നിയമപ്രകാരം അതൊരു സ്റ്റാറ്റിയൂട്ടറി ബോഡി മാത്രമാണെന്നും കേന്ദ്ര സര്‍ക്കാര്‍ വാദിക്കുന്നു. അതേസമയം അപകടകരമായ ഭേദഗതികളാണ് സര്‍ക്കാര്‍ കൊണ്ടുവരുന്നത് എന്ന് കോണ്‍ഗ്രസ് ലോക്‌സഭ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി അഭിപ്രായപ്പെട്ടു. വിവരാവകാശ കമ്മീഷന്റെ സ്വാതന്ത്ര്യം ഇല്ലാതാക്കി അതിനെ നശിപ്പിക്കാനാണ് ശ്രമിക്കുന്നത്. ജനാധിപത്യ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. അംഗങ്ങള്‍ക്ക് രണ്ട് ദിവസം മുമ്പ് ബില്ലിന്റെ കോപ്പി സര്‍ക്കാര്‍ നല്‍കിയില്ല എന്നും അധീര്‍ രഞ്ജന്‍ ചൗധരി കുറ്റപ്പെടുത്തി.

പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത വിവരാവകാശ പ്രകാരം അന്വേഷിച്ചതിനാണോ നിങ്ങളീ ഭേദദഗതി കൊണ്ടുവന്നത് എന്ന് ചൗധരി ചോദിച്ചു. ഇത്തരത്തില്‍ മതിയായ പരിശോധനയില്ലാതെ ബില്ലുകള്‍ കൊണ്ടുവരുന്നത് എന്തുകൊണ്ടാണ്. പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റികള്‍ രൂപീകരിക്കുന്നത് എന്തുകൊണ്ട് സര്‍ക്കാര്‍ നീട്ടിക്കൊണ്ടുപോകുന്നു എന്നും അധീര്‍ രഞ്ജന്‍ ചൗധരി ചോദിച്ചു. തൃണമൂല്‍ കോണ്‍ഗ്രസും ഡിഎംകെയും എഐഎംഐഎം നേതാവ് അസദുദീന്‍ ഒവൈസിയും ബില്ലിനെതിരെ സഭയില്‍ ശക്തമായ എതിര്‍പ്പുയര്‍ത്തി.

എന്താണ് ആര്‍ടിഐ ബില്‍? എന്തുകൊണ്ട് എതിര്‍പ്പുയരുന്നു?

2005ലാണ് വിവരാവകാശ നിയമം നിലവില്‍ വരുന്നത്. ഭരണപരമായ വിവരങ്ങള്‍ പൗരന്മാര്‍ക്ക് അപേക്ഷ നല്‍കി 30 ദിവസത്തിനകം നല്‍കണമെന്നാണ് ബില്‍ വ്യവസ്ഥ ചെയ്യുന്നത്. ബില്ലിലെ രണ്ട് പ്രധാന ഭാഗങ്ങള്‍ ഭേദഗതി ചെയ്യുന്നതിലൂടെ ബില്‍ ഫലമില്ലാത്തതാകും എന്ന് വിമര്‍ശകര്‍ പറയുന്നു.

സെക്ഷന്‍ 13 പറയുന്നത് മുഖ്യ വിവരാവകാശ കമ്മീഷണറുടേയും വിവരാവകാശ കമ്മീഷണര്‍മാരുടേയും കാലാവധി പരമാവധി അഞ്ച് വര്‍ഷവും 65 വയസ് വരെയുമാണ് എന്നാണ്. എന്നാല്‍ ഭേദഗതി വ്യവസ്ഥ ചെയ്യുന്നത് വിവരാവകാശ കമ്മീഷണര്‍മാരുടെ കാലാവധി സര്‍ക്കാരിന് തീരുമാനിക്കാം എന്നാണ്. ഇവരുടെ ശമ്പളമടക്കമുള്ള കാര്യങ്ങളും സര്‍ക്കാരിന് തീരുമാനിക്കാം.

സെക്ഷന്‍ 16 ഭേഗതി ചെയ്യുന്നതിലൂടെ സംസ്ഥാനങ്ങളിലും സമാനമായ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നു. വിവരാവകാശ കമ്മീഷന്റെ സ്വതന്ത്രമായ പ്രവര്‍ത്തനം തടഞ്ഞ് സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ ഉദ്ദേശിച്ചുള്ളതാണ് പ്രസ്തുത ഭേദഗതികളെന്ന് പ്രതിപക്ഷം പറയുന്നു. ഇത് ആര്‍ടിഐ ഉന്മൂലന (RTI Elimination Bill) ആണ് എന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ജോലിയേയും ശമ്പളത്തേയും ബാധിക്കുമെന്ന് വരുമ്പോള്‍ സത്യസന്ധരായ ഉദ്യോഗസ്ഥര്‍ പോലും സുതാര്യമായി പ്രവര്‍ത്തിക്കാതെ വരും.

അതേസമയം മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ പരിശോധിച്ച കാര്യങ്ങളില്‍ ചിലത് തിരുത്തുക മാത്രമാണ് ചെയ്യുന്നത് എന്ന് മോദി സര്‍ക്കാര്‍ വാദിക്കുന്നു. മാത്രമല്ല സുപ്രീം കോടതി ജഡ്ജിക്ക് തുല്യമായ പദവിയുള്ള കേന്ദ്ര വിവരാവകാശ കമ്മീഷറുടെ അധികാരം കീഴ് കോടതികളില്‍ ചോദ്യം ചെയ്യാന്‍ കഴിയുന്ന തരത്തിലുള്ള വ്യവസ്ഥകള്‍ ഭേദഗതിയിലുണ്ട് എന്നും സര്‍ക്കാര്‍ വാദിക്കുന്നു.

This post was last modified on July 22, 2019 10:06 pm