X

ഞാന്‍ രാജി വച്ചിട്ടില്ല, എന്റെ കള്ള ഒപ്പിട്ട് രാജിക്കത്തെന്ന് പറയുന്നത് വെറും ചീപ്പാണ്: കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി

വിശ്വാസ വോട്ടിന് പോകാതെ കുമാരസ്വാമി രാജി വയ്ക്കും എന്നായിരുന്നു സൂചന. എന്നാല്‍ ഇത്തരം അഭ്യൂഹങ്ങള്‍ തള്ളിക്കളഞ്ഞിരിക്കുകയാണ് എച്ച്ഡി കുമാരസ്വാമി.

ഞാന്‍ രാജി വച്ചതായി എനിക്ക് വിവരം കിട്ടി. ഞാന്‍ ഗവര്‍ണര്‍ക്ക് രാജി നല്‍കി എന്നാണ് അറിയാന്‍ കഴിഞ്ഞത് ആരാണ് മുഖ്യമന്ത്രിയാകാന്‍ കാത്തിരിക്കുന്നത് എന്ന് എനിക്കറിയില്ല. ആരോ എന്റെ ഒപ്പ് വ്യാജമായി നിര്‍മ്മിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയാണ്. ഇത് എന്നെ ഞെട്ടിച്ചു. അങ്ങേയറ്റം തരംതാണ പരിപാടിയായിപ്പോയി ഇത് – തന്റെ വ്യാജ രാജിക്കത്തുകളുടെ കോപ്പി നിയമസഭയില്‍ ഉയര്‍ത്തിക്കാട്ടി എച്ച്ഡി കുമാരസ്വാമി നിയമസഭയില്‍ പറഞ്ഞു.

കോണ്‍ഗ്രസിന് മുഖ്യമന്ത്രി പദം വിട്ടുനല്‍കാനും താനടക്കം കോണ്‍ഗ്രസിലെ ആര് മുഖ്യമന്ത്രിയാകുന്നതിനും അനുകൂലമാണ് എന്ന് ജെഡിഎസ് ദേശീയ പ്രസിഡന്റ് എച്ച്ഡി ദേവഗൗഡ പറഞ്ഞതായി കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ഡികെ ശിവകുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതേസമയം കുമാരസ്വാമിയോ ജെഡിഎസ് നേതാക്കളോ ഇതിനോട് പ്രതികരിച്ചിരുന്നില്ല.

നേരത്തെയും കുമാരസ്വാമി രാജി വച്ചേക്കും എന്ന വാര്‍ത്തകള്‍ വന്നിരുന്നു. ഇന്ന് വൈകീട്ട് ഏഴ് മണിക്ക് ഗവര്‍ണറെ കണ്ട് കുമാര സ്വാമി രാജിക്കത്ത് നല്‍കും എന്നാണ് ഇന്ന് വന്ന വാര്‍ത്ത. വിശ്വാസ വോട്ടെടുപ്പ് ഇന്ന് തന്നെ നടത്തണമെന്ന് ഭരണപക്ഷത്തോട് സ്പീക്കര്‍ കെആര്‍ രമേഷ് കുമാര്‍ ആവശ്യപ്പെട്ട പശ്ചാത്തലത്തിലായിരുന്നു ഇത്. ഈ സാഹചര്യത്തില്‍ വിശ്വാസ വോട്ടിന് പോകാതെ കുമാരസ്വാമി രാജി വയ്ക്കും എന്നായിരുന്നു സൂചന. എന്നാല്‍ ഇത്തരം അഭ്യൂഹങ്ങള്‍ തള്ളിക്കളഞ്ഞിരിക്കുകയാണ് എച്ച്ഡി കുമാരസ്വാമി. ഇനിയും എംഎല്‍എമാര്‍ക്ക് സഭയില്‍ സംസാരിക്കാനുണ്ടെന്നും സാഹചര്യങ്ങള്‍ മാറി എന്നുമാണ് കുമാരസ്വാമി ഒടുവില്‍ പറഞ്ഞിരിക്കുന്നത്. സ്പീക്കറുമായി അദ്ദേഹത്തിന്റെ ചേംബറില്‍ മുഖ്യമന്ത്രിയും ഭരണപക്ഷ നേതാക്കളും ചര്‍ച്ച നടത്തിയിരുന്നു.

This post was last modified on July 22, 2019 10:40 pm