X

സൽകർമങ്ങൾ ചെയ്യുന്ന ആന്റണി ഫെർണാണ്ടസ് എന്ന ബിസിനസ്സുകാരനായി വിലസി; രവി പൂജാരി പിടിയിലായത് സെനഗലിലെ ബാർബർ ഷോപ്പിൽ നിന്ന്

സെനഗലിലെ ഇന്ത്യൻ അംബാസ്സഡറായ രാജീവ് കുമാറാണ് രവി പൂജാരിയെ കുടുക്കുന്നതിന് സഹായങ്ങൾ നൽകിയതെന്ന് കർണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി അറിയിച്ചു.

കർണാടക പൊലീസ് കഴിഞ്ഞ ആറുമാസത്തോളമായി നടത്തിവന്ന ശ്രമങ്ങൾക്കൊടുവിലാണ് രവി സുലിയ പൂജാരിയെന്ന അധോലോക കുറ്റവാളി പിടിയിലാകുന്നത്. ഇയാൾ എവിടെയുണ്ടെന്ന കാര്യത്തിൽ പോലും വ്യക്തതയില്ലാതെ നട്ടംതിരിയുകയായിരുന്നു പൊലീസ്. ഇതിനിടയിലാണ് ‘നമസ്തെ ഇന്ത്യ’ എന്ന റസ്റ്റോറന്റ് ശൃംഖലയിൽ രവി പൂജാരി പങ്കാളിയായ വിവരം പൊലീസിന് ലഭിക്കുന്നത്. ആഫ്രിക്കൻ രാജ്യങ്ങളില്‍ പ്രവർത്തിക്കുന്ന ഈ റസ്റ്ററന്റ് ശൃംഖലയിൽ നിക്ഷേപം നടത്തിയ സംഭവത്തോടെയാണ് രവി പൂജാരിയുടെ അറസ്റ്റിലേക്കുള്ള വഴി തെളിഞ്ഞത്.

സെനഗല്‍ തലസ്ഥാനമായ ഡാകാറിൽ ഇയാൾ നടത്തുന്ന പ്രവർത്തനങ്ങൾ അന്വേഷകരുടെ നിരീക്ഷണത്തിലായിരുന്നു. ഡാകാറിലെ ക്രിമിനല്‍ ജസ്റ്റിസ് പൊലീസ് രവി പൂജാരിയെ തിരിച്ചറിഞ്ഞു. വ്യാജ മേൽവിലാസങ്ങൾ സൃഷ്ടിച്ചായിരുന്നു ഇയാളുടെ നീക്കങ്ങളെല്ലാം. ബുർകിന ഫാസോ എന്ന ആഫ്രിക്കൻ രാജ്യത്ത് ഇയാൾ സമ്പാദിച്ച ഐഡന്റിറ്റി കാർഡിൽ പേര് നൽകിയിരിക്കുന്നത് ആന്റണി ഫെർണാണ്ടസ് എന്നാണ്.

രവി പൂജാരിയെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുകയാണ് കർണാടക പൊലീസ് ഇപ്പോൾ. ശബ്നം ഡെവലപ്പേഴ്സിന്റെ രണ്ട് ജീവനക്കാരെ വെടിവെച്ചു കൊന്ന കേസ്സാണ് കർണാടക പൊലീസ് പ്രധാനമായും പരിഗണിക്കുന്നത്. ഇതോടൊപ്പം 96ഓളം പണാപഹരണക്കേസുകളും ഉണ്ട്. 2007ൽ ശബ്നം ഡെവലപ്പേഴ്സിന്റെ ഉടമയോട് പണം ആവശ്യപ്പെട്ടിരുന്നു രവി പൂജാരി. പണം നൽകാൻ ഇദ്ദേഹം വിസമ്മതിച്ചു. ഇതിന്റെ പ്രതികാരമായിട്ടാണ് കൊല നടന്നത്.

സെനഗലിലെ ഇന്ത്യൻ അംബാസ്സഡറായ രാജീവ് കുമാറാണ് രവി പൂജാരിയെ കുടുക്കുന്നതിന് സഹായങ്ങൾ നൽകിയതെന്ന് കർണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി അറിയിച്ചു.

കഴിഞ്ഞവർഷമാണ് ബുർകിന ഫാസോയിൽ രവി പൂജാരിയുണ്ടെന്ന വിവരം പൊലീസിന് ലഭിക്കുന്നത്. അവിടെ ചില ഹോട്ടൽ ശൃംകലകളിൽ നിക്ഷേപം നടത്തിയ വിവരം പൊലീസിന് കിട്ടു. ആന്റണി ഫെർണാണ്ടസ് എന്ന ഒളിപ്പേരിലാണ് ജീവിതം. ഈ രാജ്യത്തില്‍ സൽകർമങ്ങൾ ചെയ്യുന്ന ഒരു ബിസിനസ്സുകാരനെന്ന പേര് രവി പൂജാരി നേടിയിരുന്നു. പ്രാദേശിക മാധ്യമങ്ങളിൽ ഇദ്ദേഹത്തിന്റെ സൽകർമങ്ങൾ വാർത്തയായി വരികയും ചെയ്തു. ബുർകിന ഫാസോയിൽ നിന്നും പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് സെനഗലിലേക്കുള്ള രവിപൂജാരിയുടെ നീക്കം.

സെനഗലിൽ രവി പൂജാരിയെ പിന്തുടർന്ന ഇന്ത്യൻ അധികൃതർക്ക് വ്യക്തമായ ചില വിവരങ്ങൾ ലഭിച്ചു. ഡാകാറിൽ ഒരു ക്രിക്കറ്റ് കളി കാണാൻ ഇയാൾ ചെന്നിരുന്നെന്ന വിവരമാണ് ലഭിച്ചത്. ലഭ്യമായ വിവരങ്ങളെല്ലാം വെച്ച് ഇന്ത്യൻ വിദേശകാര്യ ഉദ്യോഗസ്ഥർ സെനഗലിന്റെ ആഭ്യന്തരമന്ത്രിയുമായി ബന്ധപ്പെട്ടു. രാജ്യത്തിന്റെ പ്രസിഡണ്ടിനും വിവരങ്ങൾ നൽകി. ഇങ്ങനെ ജനുവരി 19ന് അറസ്റ്റിനുള്ള വഴിയൊരുങ്ങി.

ഇയാളെ പിടികൂടുന്നത് ഏറെ പ്രയാസമുള്ള പണിയായിരുന്നെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. തന്റെ അനുയായികളുമായി ഇന്റർനെറ്റ് കോളുകളിലൂടെയാണ് രവി പൂജാരി ബന്ധപ്പെട്ടിരുന്നത്. സ്വയം ഒളിപ്പിക്കാൻ ഇതുവഴി രവി പൂജാരിക്ക് സാധിച്ചു. പണാപഹരണത്തിന് രവി പൂജാരി വിളിക്കുന്നതും ഇത്തരം മാർഗങ്ങളിലൂടെയായിരുന്നു. രവി പൂജാരിയുടെ പണാപഹരണക്കേസിൽ ഏറ്റവുമൊടുവിലത്തേക്ക് കൊച്ചിയിലെ നടി ലീന മരിയയുടെ കച്ചവടസ്ഥാപനത്തിലുണ്ടായ ആക്രമണമാണ്.

This post was last modified on February 2, 2019 7:20 am