X

കേന്ദ്രധനകാര്യ സഹമന്ത്രിയുടെ ഭാര്യയെ ഇന്‍ഫോസിസ് ഡയറക്ടറായി നിയമിച്ചു, ട്വിറ്ററില്‍ രോഷം

അഴിമുഖം പ്രതിനിധി

ഇന്‍ഫോസിസിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ സ്വതന്ത്ര ഡയറക്ടറായി ഡോക്ടര്‍ പുനിത കുമാര്‍ സിന്‍ഹയെ നിയമിച്ചു. പ്രമുഖ നിക്ഷേപകയായ പുനിത നരേന്ദ്രമോദി സര്‍ക്കാരിലെ ധനകാര്യ സഹമന്ത്രിയായ ജയന്ത് സിന്‍ഹയുടെ ഭാര്യയാണ്.

അമേരിക്കയിലെ അനവധി പ്രമുഖ കമ്പനികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് ഈ അമ്പത്തിമൂന്നുകാരി. അന്താരാഷ്ട്ര, വളരുന്ന വിപണികളില്‍ ഫണ്ട് മാനേജ്‌മെന്റില്‍ 25 വര്‍ഷത്തെ പരിചയവും അവര്‍ക്കുണ്ട്. എസ് കെ എസ് മൈക്രോഫൈനാന്‍സ്, ശോഭാ ലിമിറ്റഡ് തുടങ്ങിയ വന്‍ കമ്പനികളുടെ ഡയറക്ടര്‍ ബോര്‍ഡിലും അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇന്ത്യയിലെ ഐടി രംഗത്തെ വമ്പന്‍മാരില്‍ രണ്ടാമതുള്ള ഇന്‍ഫോസിസിന്റെ ഡയറക്ടറായി ജയന്ത് സിന്‍ഹയുടെ ഭാര്യയെ നിയമിച്ചത് താല്‍പര്യങ്ങളുടെ സംഘട്ടനമുണ്ടാകുമെന്ന വാദം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു.

കോണ്‍ഗ്രസിന്റെ നേതൃത്വത്തിലെ യുപിഎ സര്‍ക്കാരില ധനകാര്യ മന്ത്രിയായിരുന്ന പി ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരത്തെ ഇന്‍കം ടാക്‌സ് വകുപ്പിനെ കേസുകളില്‍ പ്രതിനിധീകരിച്ചിരുന്നപ്പോള്‍ ഉണ്ടായ വിവാദത്തെ ചിലര്‍ ഓര്‍മ്മിപ്പിക്കുന്നു.

എന്നാല്‍ ജയന്ത് സിന്‍ഹയുടെ ഭാര്യ എന്നതിനേക്കാള്‍ നിക്ഷേപക എന്ന നിലയിലാണ് പുനിത അറിയപ്പെടുന്നത് എന്ന മറുവാദമാണ് അവരെ പിന്തുണയ്ക്കുന്നവര്‍ ഉയര്‍ത്തുന്നത്.

ഏഷ്യയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ള പെസഫിക് പാരാഡൈം അഡ്‌വൈസേഴ്‌സ് എന്ന കമ്പനിയുടെ സ്ഥാപകയും മാനേജിംഗ് പാര്‍ട്ട്ണറുമാണ് പുനിത കുമാര്‍ സിന്‍ഹ.

മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്ര ധനകാര്യ മന്ത്രിയുമായ യശ്വന്ത് സിന്‍ഹയുടെ മകനാണ് ജയന്ത് സിന്‍ഹ.

This post was last modified on December 27, 2016 3:36 pm