X

ബ്രെക്സിറ്റ്‌: മാർക്സിസ്റ്റുമായി നീക്കുപോക്കുകൾ നടത്തരുതെന്ന സ്വന്തം പാര്‍ട്ടിയുടെ ആവശ്യം തള്ളി മേ; കോര്‍ബിനുമായി ചര്‍ച്ച നടത്തും

ബ്രെക്സിറ്റ്‌ കരാറോട് കൂടി യൂറോപ്യൻ യൂണിയൻ വിടാനുള്ള സമയം കൂട്ടി ചോദിക്കും

ബ്രെക്സിറ്റ്‌ കരാറോട് കൂടി യൂറോപ്യൻ യൂണിയൻ വിടാനുള്ള സമയം കൂട്ടി ചോദിക്കാനൊരുങ്ങി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ. കരാർ അംഗീകരിക്കാനുള്ള തടസങ്ങൾ നീക്കാനും അംഗങ്ങളെ മയപ്പെടുത്താനും കൂടുതൽ ചർച്ചകൾക്കുമാണ് മേ യൂറോപ്യൻ യൂണിയനോട് സമയം നീട്ടി ചോദിക്കുന്നത്. ലേബർ നേതാവ് ജെറെമി കോർബിനെ താൻ ഉടൻ സന്ദർശിക്കാനിരിക്കുകയാണെന്നും തുടർന്ന് യൂറോപ്യൻ യൂണിയനുമായുള്ള ബന്ധവും കരാറും എങ്ങനെയായിരിക്കണമെന്നതിനെ സംബന്ധിച്ച് ചർച്ചകൾ നടത്തുമെന്നും മേ മാധ്യമങ്ങളോട് പറഞ്ഞു. മേയെ കാണുന്നതിലും ചർച്ച ചെയ്യുന്നതിലും തനിക്കും സന്തോഷമുണ്ടെന്നും തൊഴിലാളി അവകാശങ്ങൾ സംരക്ഷിക്കുന്നതായിരിക്കണം കരാർ എന്നുമാണ് കോർബിൻ പ്രതികരിച്ചത്.

കോർബിനുമായി ചർച്ച നടത്താനുള്ള മേയുടെ നീക്കത്തിന് സ്വന്തം പാർട്ടിയിൽ നിന്ന് തന്നെ ധാരാളം എതിർപ്പുകളുണ്ടായി. ഒരു മാർക്സിസ്റ്റുമായി നീക്കുപോക്കുകൾ നടത്തുന്നത് ഒരു തരത്തിലും ആശാസ്യമല്ല എന്നാണ് അവരുടെ പ്രധാന വിമർശനം. ബ്രെക്സിറ്റ്‌ കരാറിന്റെ അവസാന ഘട്ട തീരുമാനങ്ങൾ മേ മനഃപൂർവം ലേബർ പാർട്ടിയ്ക്ക് വിട്ടുകൊടുക്കുന്നുവെന്നാണ് ടോറി എംപിമാർ ആക്ഷേപിക്കുന്നത്.

യൂറോപ്യൻ യൂണിയനുമായുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്തികൊണ്ട് ഒരു മൃദു ബ്രെക്സിറ്റിനായിരിക്കും മേയുടെ തുടർന്നുള്ള നീക്കങ്ങൾ എന്നാണ് ആഗോള മാധ്യമങ്ങൾ വിലയിരുത്തുന്നത്. ഏതെങ്കിലും ഒരു കരാർ അംഗീകരിക്കാൻ യൂണിയൻ ഏപ്രിൽ 12 വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്. തന്റെ ബ്രെക്സിറ്റ്‌ കരാർ പ്രധാനമന്ത്രി പാർലമെന്റിൽ അവതരിപ്പിച്ചപ്പോഴൊക്കെ പാർലമെൻറ്റ് കരാർ തള്ളുകയായിരുന്നു. മാർച്ച് 29 ന് യൂണിയൻ വിടേണ്ടതായിരുന്നെങ്കിലും മേ കരാറിനായി സമയം നീട്ടി ചോദിച്ചിരുന്നു. യൂറോപ്യന്‍ യൂണിയനുമായി മേ 2018 നവംബർ മാസത്തിൽ തന്നെ കരാറിൽ ഏർപ്പെട്ടിരുന്നെങ്കിലും കരാറിന് പാർലമെണ്റ്റിൽ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. കരാർ അംഗീകരിപ്പിക്കാനുള്ള വെള്ളിയാഴ്ച നടന്ന ഏറ്റവും ഒടുവിലത്തെ ശ്രമത്തിലും 58 വോട്ടുകൾക്ക് കരാർ പരാജയപ്പെട്ടിരുന്നു.

This post was last modified on April 3, 2019 9:07 am