സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിറകെ പത്രികാ സമർപ്പണത്തിനായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. ഇന്നു രാത്രി കേരളത്തിലെത്തുന്ന അദ്ദേഹം നാളെ രാവിലെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. കോഴിക്കോട് നിന്ന് രാവിലെ കൽപ്പറ്റയിലെത്തുന്ന അദ്ദേഹം കളക്ട്രേറ്റിന് സമീപമുള്ള സ്കൂള്‍ മൈതാനത്ത് ഹെലികോപ്റ്റർ ഇറങ്ങിയ ശേഷം അവിടെ നിന്ന് റോഡ് ഷോയുടെ അകമ്പടിയോടെ കലക്ട്രേറ്റിലെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനാണ് നിലവിലെ തീരുമാനം. പത്രിക സമർപ്പണത്തിന് കേരളത്തിലെത്തുന്ന രാഹുൽ ഗാന്ധിക്ക് ഒപ്പം സഹോദരി പ്രിയങ്ക ഗാന്ധിയും ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
കോൺഗ്രസ് അധ്യക്ഷന്റെ വയനാട്ടിലെ പത്രികാ സമർപ്പണം ചരിത്ര സംഭവം ആക്കാനുള്ള നീക്കമാണ് യുഡിഎഫ് നടത്തുന്നത്. അതിനിടെ ഇന്നു രാത്രി കോഴിക്കോട്ടെത്തുന്ന രാഹുല്‍ ഗാന്ധി റോഡ് മാർഗം വയനാട്ടിലേക്ക് പോവണമെന്ന ആവശ്യത്തിന് സുരക്ഷാ കാരണങ്ങളാൽ അനുമതി ലഭിച്ചിട്ടില്ല. ഇന്ന് കോഴിക്കോട്ടെത്തുന്ന രാഹുൽ ഗാന്ധി സംസ്ഥാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോർട്ടുകൾ പറയുന്നു. രാഹുൽ ഗാന്ധിയുടെ വരവിന് മുന്നോടിയായി എഐസിസി ജനറൽ സെക്രട്ടറിമാരായ മുകുൾ വാസ്നിക്, കെ സി വേണുഗോപാൽ എന്നിവരും കോഴിക്കോടെത്തിയിട്ടുണ്ട്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻ ചാണ്ടി എന്നിവരുമായി ഇവർ ചർച്ച നടത്തി. പത്രികാ സമർപ്പണം, റോഡ് ഷോ എന്നിവ ആസൂത്രണം ചെയ്യുന്നതിനായി യുഡിഎഫ് നേതാക്കളുടെ യോഗവും ഇന്ന് ചേരുന്നുണ്ട്. കെസി വേണുഗോപാൽ, മുകൾ വാസ്നിക്, പികെ കുഞ്ഞാലിക്കുട്ടി, ആര്യാടൻ മുഹമ്മദ് എന്നിവരും യോഗത്തിൽ പങ്കെടുക്കന്നുണ്ട്. വയനാട് മണ്ഡലത്തില്‍ ഉള്‍പെടുന്ന പ്രസിഡന്റുമാര്‍ , കെ.പി.സി.സി ഭാരവാഹികളുടെയും ഡി.സി.സി പ്രസിഡന്റുമാരുടെയും യോഗവും ഇന്നു കോഴിക്കോട് നടക്കുന്നുണ്ട്.
അതേസമയം, കോൺഗ്രസ് അധ്യക്ഷന്റെ സന്ദർശനത്തിന്റെ ഭാഗമായി കനത്ത സുരക്ഷയാണ് കോഴിക്കോട്, വയനാട് ജില്ലകളിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. കൽപ്പറ്റ പുതിയ ബസ്റ്റാൻഡ് പരിസരത്തു നിന്നായിരിക്കും വയനാട്ടിൽ രാഹുൽ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും റോഡ് ഷോ ആരംഭിക്കുക. ഇതിന്റെ ഭാഗമായി റോഡിന് ഇരുവശവും ബാരിക്കേഡുകൾ സ്ഥാപിക്കുന്നതുൾപ്പെടെയുള്ള നടപടികൾ ഇന്ന് വൈകീട്ടോടെ പുർത്തിയാവുമെന്നാണ് റിപ്പോർട്ടുകൾ.
ഇന്ന് രാത്രി എട്ട് മണിയോടെ രാഹുൽ ഗാന്ധി കരിപ്പൂരിൽ വിമാനം ഇറങ്ങുക. ഇന്ന് കോഴിക്കോട് ഗസ്റ്റ് ഹൗസിൽ തങ്ങുന്ന അദ്ദേഹം നാളെ രാവിലെ 9 മണിയോടെ വയനാട്ടിലേക്ക് തിരിക്കും. വെസ്റ്റ് ഹില്ലിലെ വിക്രം മൈതാനിയിൽ നിന്ന് ഹെലികോപ്റ്റർ മാർഗ്ഗമാണ് കൽപറ്റയിലേക്ക് പോകുക.
This post was last modified on April 3, 2019 10:46 am
Leave a Comment