X

ദി ടെലിഗ്രാഫ് മാഗസിൻ മെലാനിയ ട്രംപിനെ കുറിച്ചെഴുതിയതില്‍ ഗുരുതര പിഴവുകള്‍, പിന്നാലെ മാപ്പും

മെലാനിയയുടെ കരിയറിനെ കുറിച്ചും ട്രംപുമായുള്ള ബന്ധത്തെക്കുറിച്ചും തെറ്റിദ്ധാരണ പരത്തുന്ന പല പിശകുകളും ലേഖനത്തിലുണ്ട്.

മെലാനിയാ  ട്രംപിനെ കുറിച്ച് ആരുമറിയാത്ത രഹസ്യങ്ങൾ എന്ന് പറഞ്ഞ് ടെലിഗ്രാഫ് പ്രസിദ്ധീകരിച്ചതൊക്കെയും മെലാനിയ പോലും ഞെട്ടിപ്പോകുന്ന കഥകളായിരുന്നു. ന്യൂയോർക്കിലെ തിരക്കുപിടിച്ച മോഡലിംഗ് രംഗത്ത് സ്വന്തം കഴിവ് കൊണ്ട് മാത്രം ഉയർന്നു വന്ന മെലാനിയായെക്കുറിച്ച് പൊടിപ്പും തൊങ്ങലും വെച്ച കഥകളാണ് കഴിഞ്ഞ ദിവസം ദി ടെലിഗ്രാഫ് മാഗസിൻ പ്രസിദ്ധീകരിച്ചത്. ഡൊണാൾഡ് ട്രംപിന്റെ തണല് പറ്റിയാണ് മോഡലിംഗ് രംഗത്ത് അവർ വളർന്നതെന്ന നട്ടാൽ കുരുക്കാത്ത നുണ ഉൾപ്പടെ വസ്തുതാപരമായ നിരവധി ഗുരുതര പിഴവുകളാണ് ‘മിസ്റ്ററി ഓഫ് മെലാനിയാ’ എന്ന കഴിഞ്ഞ ലക്കത്തിലെ ലേഖനത്തിലുള്ളത്. സംഗതി കൈവിട്ടു പോയി എന്ന് മനസിലായതോടെ ടെലിഗ്രാഫ് തങ്ങളുടെ പത്രത്തിൽ ഒരു പ്രത്യേക കോളം വഴി യു എസ് പ്രഥമ വനിതയോട് പരസ്യമായി മാപ്പു പറയുകയും നഷ്ടപരിഹാരം നൽകുമെന്ന് അറിയിക്കുകയും ചെയ്തു.

മെലാനിയയ്ക്കും കുടുംബത്തിനും വാർത്ത മൂലമുണ്ടായ അപമാനത്തിന് മാപ്പു പറയുന്നതായും നഷ്ടപരിഹാം നൽകുന്നതിനൊപ്പം നിയമ നടപടികളെ നേരിടാനും പിഴ ഉടുക്കാനും തയ്യാറാണെന്നാണ് ഈ പ്രമുഖ മാധ്യമ സ്ഥാപനം പരസ്യമായി വാർത്ത നൽകിയത്. മാധ്യമത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് വിവാദ ലേഖനം നീക്കം ചെയ്തിട്ടുമുണ്ട്.

നീന ബർലേഖ് എന്ന പത്രപ്രവർത്തകയുടെ ഗോൾഡൻ “ഹാൻഡ്കഫ്‌സ് : ദി സീക്രട്ട് ഹിസ്റ്ററി ഓഫ് ട്രംപ്സ് വിമെൻ” എന്ന പുസ്തകത്തിലാണ് മെലാനിയാ ട്രംപിനെ കുറിച്ചുള്ള ഈ ഭാഗം ഉള്ളത്. അത് ഈ  ആഴ്ച കവർ സ്റ്റോറി ആയി നല്കിയിട്ടാണ് ഈ മാധ്യമ സ്ഥാപനം പുലിവാല് പിടിച്ചത്.

ട്രംപിന്റെ സഹായത്തോടെ അദ്ദേഹത്തിന്റെ തണൽ പറ്റിയാണ് ഫാഷൻ ലോകത്ത് മെലാനിയാ പിടിച്ചു നിന്നത് എന്നതായിരുന്നു ഗുരുതരമായ ആരോപണം. എന്നാൽ ട്രംപിനെ പരിചയപ്പെടുന്ന സമയത്ത് തന്നെ മെലാനിയാ മത്സരങ്ങൾ നിറഞ്ഞ ഫാഷൻ രംഗത്ത് തന്റേതായ ഇടം പിടിച്ചു കഴിഞ്ഞിരുന്നു. ലേഖനത്തിൽ പറയുന്നത് പോലെ 1996 അല്ല, രണ്ട് വർഷത്തിന് ശേഷം 1998  ൽ പ്രശസ്തയായി കഴിയുമ്പോളാണ് ട്രംപിനെ പരിചയപ്പെടുന്നതും ഡെയ്റ്റ് ചെയ്യുന്നതും. മെലാനിയയുടെ കുടുംബം 2005 ൽ ട്രംപിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലേക്ക് താമസം മാറ്റിയെന്നുള്ളത് തെറ്റാണ്. മാത്രമല്ല മെലാനിയയുടെ പിതാവിനെ കുറിച്ചും, ട്രംപിന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള മെലാനിയയുടെ പ്രതികരണത്തെക്കുറിച്ചും തെറ്റിദ്ധാരണ പരത്തുന്ന കാര്യങ്ങളാണ്  വർത്തയിലുണ്ടായിരുന്നത്.

ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത തെറ്റാണു തങ്ങളിൽ നിന്നും സംഭവിച്ചു പോയതെന്നും ഇനി ഇത്തരം അബദ്ധങ്ങൾ പിണയാതെ ജാഗരൂകരായിരിക്കുമെന്നും ടെലിഗ്രാഫ് മാപ്പു പറയുന്ന കുറിപ്പിൽ സൂചിപ്പിക്കുന്നുണ്ട്.