X

തീപ്പൊരി മുസ്ലിം പുരോഹിതന് ഇസ്രായേലില്‍ തടവ്

വര്‍ഷങ്ങള്‍ക്ക് മുമ്പ് ജറുസലേമില്‍ അക്രമാസക്തമായ പ്രതിഷേധങ്ങള്‍ക്ക് വഴിമരുന്നിട്ട തീവ്രനിലപാടുകാരനായ മുസ്ലിം മതപുരോഹിതന് ഇസ്രായേല്‍ കോടതി 11 മാസത്തെ ജയില്‍ ശിക്ഷ വിധിച്ചു. ഇസ്രായേലി അറബുകള്‍ക്ക് ഇടയില്‍ വര്‍ഗീയത വളര്‍ത്തിയ റെയ്ദ് സാലായെയാണ് കോടതി ശിക്ഷിച്ചത്. “അല്‍ അഖ്‌സാ പള്ളിക്ക് വേണ്ടി രക്തസാക്ഷികളായി ദൈവത്തെ കണ്ടുമുട്ടുന്നതാണ് ഏറ്റവും മികച്ച സമയമെന്ന്” വാഗ്ദാനം ചെയ്തു കൊണ്ട് 2007-ല്‍ റെയ്ദ് നടത്തിയ പ്രസംഗം അക്രമങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു.

വടക്കന്‍ ഇസ്രായേലിലെ റെയ്ദിന്റെ ഇസ്ലാമിക പ്രസ്ഥാനത്തെ നിരോധിക്കണമെന്നും ഫണ്ടുകള്‍ മരവിപ്പിക്കണമെന്നും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അഭിപ്രായപ്പെട്ടു. റെയ്ദ് നേതൃത്വം കൊടുക്കുന്ന വടക്കന്‍ ശാഖയാണ് ഏറ്റവും കൂടുതല്‍ തീവ്രനിലപാടുകള്‍ സ്വീകരിക്കുന്നത്. ഇപ്പോഴത്തെ അക്രമ സംഭവങ്ങള്‍ക്ക് പിന്നിലും ഇവരാണെന്ന് നെതന്യാഹു ആരോപിച്ചു. മുസ്ലിങ്ങളുടെ വിശുദ്ധ സ്ഥലങ്ങളോട് ഇസ്രായേലിന്റെ നിലപാടുകളെ കുറിച്ച് നുണ പ്രചാരണം ഇവര്‍ നടത്തുകയും ചെയ്യുന്നുവെന്ന് നെതന്യാഹു കൂട്ടിച്ചേര്‍ത്തു.

ജറുസലേം നഗരത്തിന്റെ ഹൃദയ ഭാഗത്തുള്ള അല്‍ അഖ്‌സ പള്ളിയുടെ തല്‍സ്ഥിതിയില്‍ മാറ്റം വരുത്താന്‍ ഇസ്രായേല്‍ ശ്രമിക്കുന്നുവെന്ന് ആരോപിക്കുന്ന മുസ്ലിം മതപണ്ഡിതരുമായി നേരിട്ടുള്ള ഏറ്റുമുട്ടലാണ് നെതന്യാഹു നടത്തിയിരിക്കുന്നത്. ഈ പള്ളി തങ്ങളുടേത് മാത്രമാണെന്ന് ഇസ്രായേലിലെ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ ഷെയ്ഖ് കമാല്‍ ഖതീബ് പറഞ്ഞു. നെതന്യാഹു പ്രകോപനം തുടരുകയാണെങ്കില്‍ ഒരു മത യുദ്ധത്തിന് അദ്ദേഹം തിരി കൊളുത്തുകയാണെന്നും അദ്ദേഹം അതില്‍ എരിഞ്ഞടങ്ങുമെന്നും ഖത്തീബ് പറഞ്ഞു.

ഈ പള്ളി വിഷയത്തില്‍ ഇസ്രായേലിനേയും വെസ്റ്റ് ബാങ്കിനേയും വിറപ്പിച്ചു കൊണ്ട് അക്രമപരമ്പരകള്‍ അരങ്ങേറുകയാണ്. ഈ സംഘര്‍ഷ സ്ഥിതിക്കിടയിലാണ് റെയ്ദിനെ ശിക്ഷിച്ചു കൊണ്ടുള്ള വിധി വന്നിരിക്കുന്നത്.

This post was last modified on December 27, 2016 3:24 pm