X

ഉറച്ച സീറ്റ് ലഭിച്ചാല്‍ തിരുവമ്പാടി വിട്ടു കൊടുക്കാമെന്ന് മുസ്ലിംലീഗ്

അഴിമുഖം പ്രതിനിധി

തിരുവമ്പാടി സീറ്റിനെ ചൊല്ലിയുള്ള യുഡിഎഫിലെ തര്‍ക്കം പുതിയവഴിത്തിരിവില്‍. വിജയ സാധ്യതയുള്ള സീറ്റ് ലഭിച്ചാല്‍ മണ്ഡലം കോണ്‍ഗ്രസിന് വിട്ടു കൊടുക്കാമെന്ന് മുസ്ലിംലീഗ് ദേശീയ സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

ജിദ്ദയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ഉറപ്പുള്ള സീറ്റ് ലഭിച്ചാല്‍ കോണ്‍ഗ്രസിന് സീറ്റ് കൈമാറാനുള്ള മുസ്ലിംലീഗിന്റെ സന്നദ്ധത അദ്ദേഹം വെളിപ്പെടുത്തിയത്. ഇതോടെ പന്ത് കോണ്‍ഗ്രസിന്റെ കോര്‍ട്ടിലായി. ഇനി തീരുമാനം എടുക്കേണ്ടത് കോണ്‍ഗ്രസാണ്. മുസ്ലിംലീഗ് അംഗീകരിക്കാനിടയുള്ള സീറ്റിനായി കോണ്‍ഗ്രസ് തെരച്ചില്‍ തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം.

സഭയ്ക്ക് താല്‍പര്യമുള്ള സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് മത്സരിപ്പിക്കുന്നത് മലയോര വികസന സമിതിക്കും താല്‍പര്യമുള്ള കാര്യമാണ്. തിരുവമ്പാടി സീറ്റ് ഇത്തവണ കോണ്‍ഗ്രസിന് വിട്ടു കൊടുക്കുമെന്ന് മുസ്ലിംലീഗിനുവേണ്ടി പി കെ കുഞ്ഞാലിക്കുട്ടി കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് എഴുതി ഒപ്പിട്ടു നല്‍കിയിരുന്നു. എന്നാല്‍ അത് അവഗണിച്ച് മുസ്ലിംലീഗ് ഏകപക്ഷീയമായി തിരുവമ്പാടിയില്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചതിനെ തുടര്‍ന്ന് താമരശേരി രൂപതയുടെ പിന്തുണയോടെ മലയോര വികസന സമിതി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ കുഞ്ഞാലിക്കുട്ടി ഒപ്പിട്ട കത്ത് പുറത്ത് വരികയും ചെയ്തിരുന്നു.

അതേസമയം, കാത്തലിക് ലെമെന്‍സ് അസോസിയേഷന്‍ താമരശേരി രൂപതയുടെ രാഷ്ട്രീയ നീക്കത്തെ വിമര്‍ശിച്ചു കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. രൂപത വിശ്വാസികള്‍ക്ക് നാണക്കേടുണ്ടാക്കുന്നതായി അസോസിയേഷന്‍ ആരോപിച്ചു. സഭയിലെ വിമതരുടെ സംഘമാണ് അസോസിയേഷന്‍.

ബിഷപ്പ് കണ്‍വീനറായ പശ്ചിമഘട്ട സംരക്ഷണ സമിതിയെ പോലെ സഭയുടെ സംഘടനയാണ് മലയോര വികസന സമിതിയെന്ന് അസോസിഷേയന്‍ പറഞ്ഞു. താമരശേരി ബിഷപ്പ് റെമജിയസ് ഇഞ്ചനാനിയേലിന് എതിരെ നടപടിയെടുക്കണമെന്ന് അസോസിയേഷന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പിനോട് ആവശ്യപ്പെട്ടു.

This post was last modified on December 27, 2016 3:48 pm