X

പത്താന്‍കോട്ട് ആക്രമണം; മൗലാന മസൂദ് അസ്ഹര്‍ പിടിയിലായതായി സൂചന

അഴിമുഖം പ്രതിനിധി

ജെയ്‌ഷെ ഇ മുഹമ്മദ് തലവനും പത്താന്‍കോട്ട് വ്യോമസേന താവളത്തിലെ ആക്രമണത്തിന്റെ സൂത്രധാരനുമായ മൗലാന മസൂദ് അസ്ഹര്‍ പിടിയിലാതായി പാക് മാധ്യമങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍. പത്താന്‍കോട്ട് ആക്രമണത്തിന്റെ തെളിവുകള്‍ ഇന്ത്യ കൈമാറി സാഹചര്യത്തിലാണ് മൗലാന മസൂദിന്റെ അറസ്‌റ്റെന്നു കരുതുന്നു. ഇയാളുടെ സഹോദരനും കസ്റ്റഡിയില്‍ ആയെന്നാണ് വിവരം. പക്ഷേ ഇതേക്കുറിച്ചൊന്നും പാക് സര്‍ക്കാരിന്റെ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.

നേരത്തെ ഇന്ത്യയുടെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് മൂന്നു ജെയ്‌ഷെ തീവ്രവാദികളെ പാകിസ്താന്‍ അറസ്റ്റ് ചെയ്തിരുന്നു. സംഘടനയുടെ പാകിസ്താനിലെ ഓഫീസ് സീല്‍ ചെയ്തതായും വാര്‍ത്തകള്‍ വന്നിരുന്നു. ഈ തീവ്രവാദ സംഘടനയാണ് വ്യോമതാവളത്തില്‍ ആക്രമണം നടത്തിയതെന്നു വ്യക്തമാക്കുന്ന തെളിവുകള്‍ ഇന്ത്യ കൈമാറിയിരുന്നു. പാകിസ്താന്‍ നടപടി കൈക്കൊള്ളുന്നില്ലെങ്കില്‍ ശക്തമായി പ്രതികരിക്കാന്‍തന്നെയാണ് തീരുമാനം എന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. നേരത്തെ നിശ്ചയിച്ച ഇരു രാജ്യങ്ങളുടെയും സെക്രട്ടറിതല ചര്‍ച്ച നീട്ടിവയ്ക്കാന്‍ ഇന്ത്യ തയ്യാറെടുക്കുന്നതായും വിവരമുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പാക് അന്വേഷണ സംഘം ഇന്ത്യയില്‍ തെളിവെടുപ്പ് നടത്താന്‍ ഇരിക്കവെയാണ് മൗലാന മസൂദിന്റെ അറസ്റ്റ് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവരുന്നത്. കാണ്ഡഹാര്‍ വിമാനറാഞ്ചലിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യക്ക് മോചിപ്പിക്കേണ്ടി വന്ന കൊടുംഭീകരനാണ് മൗലാന മസുദ് അസ്ഹര്‍.

 

This post was last modified on December 27, 2016 3:36 pm