X

‘മുസ്ലീം പള്ളികളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കണം’, കശ്മീരില്‍ ആശങ്ക പടര്‍ത്തി അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍

വലിയ നടപടികള്‍ ഉണ്ടാകാന്‍ പോകുന്നുവെന്ന ആശങ്കയാണ് തുടരെ തുടരെ വരുന്ന ഉത്തരവുകള്‍ ഉണ്ടാക്കിയിട്ടുള്ളത്.

കശ്മീരില്‍ കേന്ദ്രസര്‍ക്കാര്‍ വലിയ നടപടികള്‍ക്ക് ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ നാട്ടുകാരില്‍ ആശങ്ക ഉയര്‍ത്തി അധികൃതരുടെ പുതിയ നിര്‍ദ്ദേശങ്ങള്‍. ഒരോ മേഖലയിലുമുള്ള മുസ്ലീം പള്ളികളെക്കുറിച്ചുളള വിവരങ്ങള്‍ ശേഖരിക്കാനാണ് ഒടുവില്‍ പുറത്തുവന്ന നിര്‍ദ്ദേശം. എന്നാല്‍ ഇതില്‍ പുതിയതായി ഒന്നുമില്ലെന്നും സാധാരണ നടപടിക്രമങ്ങള്‍ മാത്രമാണെന്നും ഉന്നത് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഞായറാഴ്ചയാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം ജില്ലാ പൊലീസ് മേധാവികള്‍ക്ക് ലഭിച്ചതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

‘ താങ്കളുടെ പരിധിയിലുള്ള മുസ്ലീം പള്ളികളെക്കുറിച്ചും അതിന്റെ നടത്തിപ്പ് എങ്ങനെയാണെന്നതു സംബന്ധിച്ചുമുള്ള വിവരങ്ങള്‍ ഉന്നത പൊലീസ് അധികൃതര്‍ക്ക് സമര്‍പ്പിക്കുന്നതിനായി ശേഖരിച്ച് നല്‍കണമെന്നാണ് ശ്രീനഗറിലെ സീനിയര്‍ സുപ്രണ്ട് ഓഫ് പൊലീസ് നല്‍കിയ കത്തില്‍ പറയുന്നതെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു.

ഇത്തരത്തിലുള്ള നിര്‍ദ്ദേശം നല്‍കിയതായി സ്ഥിരികരിച്ച് ശ്രീനഗര്‍ സീനിയര്‍ സുപ്രണ്ട് ഓഫ് പൊലീസ് ഹസീബ് മുഗള്‍ സ്വാഭാവിക നടപടിക്രമത്തിന്റെ ഭാഗമായാണ് ഇത്തരം ഒരു നിര്‍ദ്ദേശം നല്‍കിയതെന്ന് അറിയിച്ചു. എന്നാല്‍ നിര്‍ദ്ദേശം പുറത്തുവന്ന സമയമാണ് ജനങ്ങളില്‍ ആശങ്കയുണ്ടാക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

ഒരോ പ്രദേശത്തും ലഹളകള്‍ നേരിടുന്നതിനുള്ള ഉപകരണങ്ങള്‍ ഉണ്ടോ എന്നത് സംബന്ധിച്ച് അറിയിക്കണമെന്ന പൊലീസ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മുസ്ലീം പള്ളി സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാനുള്ള ഉത്തരവ് ലഭിക്കുന്നത്. ഇത് കശ്മീരില്‍ സാമുഹ്യ മാധ്യമങ്ങളിലുടെ പ്രചരിക്കുകയാണ്.

അതിനുപുറമെ റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെ വന്നതായി നിര്‍ദ്ദേശവും ജനങ്ങളില്‍ എന്തോ വലിയ നടപടികള്‍ ഉണ്ടാകാന്‍ പോകുന്നുവെന്ന ആശങ്ക ജനിപ്പിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാന്‍ വെള്ളവും ഭക്ഷണ പദാര്‍ത്ഥങ്ങളും ശേഖരിച്ചുവെയ്ക്കാനാണ് നിര്‍ദ്ദേശം റെയില്‍വെ പ്രോട്ടക്ഷന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചതായുള്ള വാര്‍ത്തകള്‍. സീനിയര്‍ ഡിവിഷണല്‍ സെക്യുരിറ്റി കമ്മീഷണറുടെതായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ ഇത്തരം ഒരു നിര്‍ദ്ദേശം നല്‍കാന്‍ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് പിന്നീട് റെയില്‍വെ മന്ത്രാലയം വിശദീകരണം നല്‍കുകയായിരുന്നു.

ബുദ്ഗാം ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അവിടുത്തെ ഇമാമുമാരെ സംബന്ധിച്ച വിശദാംശങ്ങള്‍ ശേഖരിച്ചു നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഇമാമുമാരെ സഹകരിപ്പിക്കുന്നതിനാണ് ഇത്തരത്തിലൊരു നിര്‍ദ്ദേശം നല്‍കിയതെന്നാണ് പിന്നീട് അധികൃതര്‍ വിശദീകരിച്ചത്.

ജനങ്ങളെ പേടിപ്പെടുത്തുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതെന്ന് ജമ്മു കശ്മീര്‍ പിപ്പീള്‍സ് കോണ്‍ഫറന്‍സ് നേതാവ് സജ്ജാദ് ലോണ്‍ പറഞ്ഞു. ജനങ്ങളില്‍ വിദ്വേഷം വളര്‍ത്തിയെടുക്കാനാണ് ഇത്തരം സന്ദേശം ഉപയോഗിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

കശ്മീരുമായി ബന്ധപ്പെട്ടുള്ള ബിജെപിയുടെ കോര്‍ കമ്മിറ്റി യോഗം ഇന്ന് ഡല്‍ഹിയില്‍ നടക്കും.

This post was last modified on July 30, 2019 1:18 pm