X

രണ്ടിലയില്‍ മറയുന്ന സൂര്യനും വാടുന്ന താമരയും

അഴിമുഖം പ്രതിനിധി

കഴിഞ്ഞ ഏഴു മാസമായി തമിഴകത്തില്‍ ജയലളിതയുടെ എഐഎഡിഎംകെ പ്രതിരോധം പോലും നഷ്ടപ്പെട്ട് ഭാവിയെന്ത് എന്ന ആശങ്കയിലായിരുന്നു. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട് ജാമ്യത്തിലായിരുന്ന ജയലളിതയ്ക്ക് പകരം ജയയുടെ വിശ്വസ്തനായ ഒപിഎസ് എന്ന ഒ പനീര്‍ശെല്‍വം രണ്ടാമതും കാവല്‍ മുഖ്യമന്ത്രിയായതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഭരണം തന്നെ ഇല്ലാതിരുന്ന അവസ്ഥയിലായിരുന്നു. ഈ അനിശ്ചിതാവസ്ഥയെ മുതലെടുക്കാന്‍ ഡിഎംകെയും ബിജെപിയും കച്ചകെട്ടി ഇറങ്ങുകയും ഒരുപാട് ദിവാസ്വപ്‌നം കാണുകയും ചെയ്തിരുന്നു. 

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 18 മുതല്‍ ജയലളിതയുടെ പാര്‍ട്ടി സ്വയം ഏര്‍പ്പെടുത്തിയ മൗനത്തില്‍ കഴിയുകയായിരുന്നു. ആ മൗനത്തിനുള്ളില്‍ പ്രവര്‍ത്തകര്‍ മാത്രമല്ല നേതാക്കളും ഒതുങ്ങിക്കൂടി. ജയലളിതയ്ക്ക് ലഭിച്ച ശിക്ഷയില്‍ മനംനൊന്തായിരുന്നു അത്. എന്നാല്‍ ഈ വര്‍ഷം മെയ് 11-ന് കര്‍ണാടക ഹൈക്കോടതി ജയലളിതയെ കുറ്റവിമുക്തയാക്കുകയും അവര്‍ക്ക് മുഖ്യമന്ത്രി പദവിയിലേക്ക് തിരികെ വരാന്‍ അവസരം ഒരുങ്ങിയതും ആ മൗനത്തെ വെടിഞ്ഞ് പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ അവസരം ഒരുക്കി. ഒരു ദിനം വൈകിയായിരുന്നു എഐഎഡിഎംകെ പ്രവര്‍ത്തകര്‍ക്ക് അമ്മയുടെ ദിനം ആഘോഷിക്കാന്‍ സാധ്യമായത്. വിധിയെന്താകും എന്നതിനെ കുറിച്ച് യാതൊരു ശുഭാപ്തി വിശ്വാസവും ഇല്ലാതിരുന്നിട്ടും നേതാക്കന്‍മാരും പ്രവര്‍ത്തകരും തമിഴ്‌നാട്ടിലെ ആരാധനാലയങ്ങളില്‍ വഴിപാടുകള്‍ നേര്‍ന്നു. ഒടുവില്‍ അവരെ അത്ഭുതപ്പെടുത്തിക്കൊണ്ട് ജയലളിതയ്ക്ക് അനുകൂലമായ വിധിയെത്തി. 

ജയലളിതയെ കുറ്റവിമുക്തരാക്കി കൊണ്ടുള്ള വിധി തമിഴ്‌നാടിന്റെ രാഷ്ട്രീയ ഭൂമികയെ തന്നെ മാറ്റി മറിക്കും. ഡിഎംകെയ്ക്കാണ് ഏറ്റവും കൂടുതല്‍ തിരിച്ചടിയേല്‍ക്കേണ്ടി വരിക. 2ജി അഴിമതിയുടെ അന്വേഷണത്തിന്റെ നിഴലില്‍ നില്‍ക്കുന്ന അവര്‍ കഴിഞ്ഞ ഏഴുമാസമായി പുതിയ ഊര്‍ജം നേടി വരികയായിരുന്നു. ഇപ്പോഴത്തെ വിധി അവരെ വീണ്ടും പിന്‍നിരയിലേക്ക് തള്ളി മാറ്റുന്ന ഒന്നാണ്. ഡിഎംകെയുടെ ഉദയ സൂര്യനെ ജയലളിതയുടെ രണ്ടില മറയ്ക്കാന്‍ പോകുന്ന കാഴ്ചയാണ് തമിഴകം ഇനി കാണാന്‍ പോകുന്നത്. 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലേതു പോലെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെയ്ക്ക് സംപൂജ്യരായി തോല്‍വിയടയേണ്ടി വരുമെന്നാണ് ആവേശഭരിതരായ എഐഎഡിഎംകെ പ്രവര്‍ത്തകര്‍ പറയുന്നത്. 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

തങ്ങള്‍ മാത്രമാണ് അഴിമതിയുടെ കറപുരളാത്ത പാര്‍ട്ടിയെന്ന പ്രചാരണവുമായി രണ്ട് ദ്രാവിഡ പാര്‍ട്ടികളേയും പ്രതിരോധത്തിലാക്കിയിരുന്ന ബിജെപിയുടെ താമര സെന്റ് ജോര്‍ജ് ഫോര്‍ട്ടില്‍ വിരിയുമെന്ന പ്രതീക്ഷയ്ക്കും തിരിച്ചടിയാകുകയാണ്. ദ്രാവിഡ പാര്‍ട്ടികളുടെ വളക്കൂറുള്ള മണ്ണില്‍ ബ്രാഹ്മണരുടെ പാര്‍ട്ടിയെന്ന പ്രതിച്ഛായയില്‍ നിന്ന് മോദിയുടെ ഒബിസി പ്രതിച്ഛായയിലൂടെ വേരുറപ്പിക്കാമെന്ന ബിജെപിയുടെ മോഹമാണ് കൊഴിയുന്നത്. അമ്മയ്ക്ക് പകരം ഡോക്ടര്‍ അക്കയെന്ന പ്രചാരണത്തിലൂടെയും അവര്‍ ഒരു കൈ നോക്കിയിരുന്നതാണ്. ഇനി അക്ക വേണ്ട അമ്മ മതിയെന്ന വികാരത്തില്‍ ആ പ്രചാരണവും ക്ലച്ച് പിടിക്കാതെ പോകും. വീണ്ടും മുഖ്യമന്ത്രിയാകുന്ന ജയലളിത അമ്മ ബ്രാന്‍ഡുമായി തമിഴകത്തില്‍ നിലനില്‍ക്കുന്ന അനുകൂല വികാരം വോട്ടാക്കി മാറ്റി ഭരണ തുടര്‍ച്ച സാധ്യമായേക്കാം.

This post was last modified on December 27, 2016 3:10 pm