X

കനയ്യ കുമാറിന് എതിരെ കോടതിയലക്ഷ്യവും

അഴിമുഖം പ്രതിനിധി

കനയ്യ കുമാറിനെതിരെ കോടതി അലക്ഷ്യം ആരോപിച്ച് സുപ്രീംകോടതിയില്‍ ഇന്നലെ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു. ജെഎന്‍യു വിവാദം ആരംഭിച്ചതിനുശേഷം ഒളിവില്‍ പോയ വിദ്യാര്‍ത്ഥിയായ ഉമര്‍ ഖാലിദ്, ഇപ്പോള്‍ ജയിലിലുള്ള ഡല്‍ഹി സര്‍വകലാശാല മുന്‍ പ്രൊഫസര്‍ എസ് എ ആര്‍ ഗിലാനി എന്നിവര്‍ക്കെതിരേയും മറ്റു നാലുപേര്‍ക്കെതിരേയും കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പാര്‍ലമെന്റ് ആക്രമണ കേസില്‍ അഫ്‌സല്‍ ഗുരുവിനെ വധശിക്ഷയ്ക്ക് വിധേയനാക്കിയതില്‍ പ്രതിഷേധിച്ച് ജെഎന്‍യുവില്‍ പരിപാടി നടന്നതിന് പിന്നാലെ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ പൊലീസ് രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.

ജുഡീഷ്യറി നടത്തിയ കൊലപാതകമാണ് അഫ്‌സല്‍ ഗുരുവിന്റേതെന്ന് എന്ന് ആരോപിച്ചു കൊണ്ടുള്ള ലഘുലേഖകള്‍ കനയ്യയും മറ്റുള്ളവരും വിതരണം ചെയ്തുവെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. ഇത് കോടതിയലക്ഷ്യമാണെന്നാണ് ഹര്‍ജിക്കാരന്റെ വാദം. സ്വതന്ത്രമായ വിചാരണ നടത്തിയിട്ടും സുപ്രീംകോടതിയിലെ ജഡ്ജിമാരെ കൊലപാതകികളാക്കി ചിത്രീകരിച്ചത് കോടതിയലക്ഷ്യത്തിന് വകുപ്പുണ്ടെന്ന് പറഞ്ഞ് സുപ്രീംകോടതി അഭിഭാഷകനായ വിനീത് ധാന്‍ഡേയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

ചീഫ് ജസ്റ്റിസ് ടി എസ് താക്കൂര്‍ അധ്യക്ഷനായ ബഞ്ച് അടുത്തയാഴ്ച കേസ് വാദം കേള്‍ക്കും.

This post was last modified on February 20, 2016 3:06 pm