X

ജോയ് ആലുക്കാസിന്‍റെ മകനായി ആള്‍മാറാട്ടം; യുവാവും സുഹൃത്തും പിടിയിൽ

അഴിമുഖം പ്രതിനിധി

പ്രമുഖ വ്യവസായി ജോയ് ആലുക്കാസിന്റെ മകനായി ആൾ മാറാട്ടം നടത്തി 65 ലക്ഷം രൂപ  തട്ടാൻ ശ്രമിച്ച യുവാവും സുഹൃത്തും പിടിയിൽ. തിരുവനന്തപുരം സ്വദേശി ആദിൽ , ചാലക്കുടി സ്വദേശി ദീപക് ആന്റോ എന്നിവരാണ് പിടിയിലായത്. ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ ജോയ് ജെറ്റ് കമ്പനിയിൽ പൈലറ്റ് ആയി നിയമിക്കാം എന്ന് വിശ്വസിപ്പിച്ച് മുംബൈ സ്വദേശി സൌരവിൽ നിന്നാണ് ഇവർ 65 ലക്ഷം തട്ടാൻ ശ്രമം നടത്തിയത്. എയർ ഇന്ത്യയുടെ ഗ്രൌണ്ട് ഹാൻഡലിംഗ് കമ്പനിയിൽ ജീവനക്കാരനായിരുന്ന ദീപക് ആണ് തട്ടിപ്പ് ആസൂത്രണം ചെയ്തത്.

ജോയ് ആലുക്കാസിന്റെ മകനായി ആദിലിനെ അവതരിപ്പിച്ചായിരുന്നു തട്ടിപ്പ്. നെടുമ്പാശേരിയിലെ സ്വകാര്യഹോട്ടലിൽ സൗരവിനെ വിളിച്ചു വരുത്തി കഴിഞ്ഞ ഡിസംബറിൽ വ്യാജ അഭിമുഖം നടത്തി. തുടർന്ന് കൃത്രിമമായി നിർമ്മിച്ച   ലെറ്റർപാഡിൽ അപ്പോയ്മെൻറ് ഓർഡർ നൽകുകയും ചെയ്തു. പിന്നീട് ട്രെയിനിംഗ് ഫീസ്‌ ആയി 65 ലക്ഷം ആവശ്യപ്പെടുകയായിരുന്നു.

എന്നാൽ പണം നൽകുന്നതിന് മുൻപ് ജോയ് നെറ്റ്ന്റെ വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന ഫോണ്‍നമ്പറിലേക്ക് സൌരവ് വിളിച്ചപ്പോഴാണ് തട്ടിപ്പ് വ്യക്തമാകുന്നത്. ഇതെ തുടർന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ  പരാതിയുടെ അടിസ്ഥാനത്തിൽ നെടുമ്പാശ്ശേരി പോലീസാണ് പ്രതികളെ പിടികൂടിയത്.


— 

This post was last modified on December 27, 2016 2:52 pm