X

ജഡ്ജിമാര്‍ സമരം ചെയ്യാമോ? തെലങ്കാനയില്‍ അതും സംഭവിച്ചു

ഇന്ത്യയിലെ തെരുവുകള്‍ക്ക് സമരങ്ങള്‍ അപരിചിതമല്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ സമരം മുതല്‍ അവകാശങ്ങള്‍ക്കായുള്ള സ്ത്രീകളുടേയും അരികുവല്‍ക്കരിക്കപ്പെട്ട മനുഷ്യരുടെയും സമരങ്ങള്‍ വരെ ഇന്ത്യക്കാര്‍ കണ്ടിട്ടുണ്ട്. ഒടുവില്‍ സമരങ്ങള്‍ വിജയിക്കാത്ത സാഹചര്യത്തില്‍ കോടതികളെയും ജനങ്ങള്‍ സമീപിക്കാറുണ്ട്.

പക്ഷേ ജഡ്ജിമാര്‍ തന്നെ തെരുവിലിറങ്ങി സമരം ചെയ്യുന്ന സാഹചര്യം വളരെ അപൂര്‍വ്വമായേ സംഭവിക്കാറുള്ളൂ. തെലങ്കാനയില്‍ അതും സംഭവിച്ചു. തങ്ങള്‍ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ജഡ്ജിമാര്‍  സമരം നടത്തുന്ന രംഗങ്ങള്‍ക്കാണ് ഹൈദരാബാദ് നഗരം കുറച്ച് ദിവസങ്ങളായി സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്.

തെലങ്കാനയില്‍ 200-ഓളം ആന്ധ്രാപ്രദേശ് ജഡ്ജിമാരെ കഴിഞ്ഞ മാസം നിയമിച്ചിരുന്നു. ഇതിനെ എതിര്‍ത്താണ് 120-ഓളം വരുന്ന ജഡ്ജിമാര്‍ തെലങ്കാനയില്‍ സമരം ചെയ്യുന്നത്. ഇതിനെ എതിര്‍ത്ത് കഴിഞ്ഞ ദിവസം ജഡ്ജുമാരുടെ സംഘം തെലങ്കാന ജഡ്ജസ് അസോസിയേഷന്‍ പ്രസിഡന്റ് കെ. രവീന്തര്‍ റെഡ്ഡിക്ക്  കത്ത് നല്‍കിയിരുന്നു.

കത്തില്‍ നിന്നുള്ള ചില ഭാഗങ്ങള്‍:

“ആന്ധ്രാപ്രദേശില്‍ ഒഴിവുകള്‍ ഉള്ളപ്പോഴും തെലങ്കാനയില്‍ ഒരു ഒഴിവ് പോലും അവര്‍ നിലനിര്‍ത്തിയിട്ടില്ല. തെലങ്കാനയിലെ ജഡ്ജുമാരുടെ പ്രൊമോഷന്‍ തടയാന്‍ മനപൂര്‍വമാണ് ആന്ധ്രാപ്രദേശില്‍ നിന്ന് ഇപ്പോള്‍ നിയമനം നടത്തിയിരിക്കുന്നത്. ആന്ധ്രാപ്രദേശിലെ ജുഡീഷ്യറിയെ നിയന്ത്രിക്കാനും അവരുടെ ആളുകള്‍ക്ക് സംരക്ഷണം നല്‍കാനുമാണ് ഇപ്പോള്‍ ഇങ്ങനെ ഒരു നീക്കം ഉണ്ടായിരിക്കുന്നത്. ഭാവിയില്‍ തെലങ്കാനയിലെ രാഷ്ട്രീയത്തിലും അഡ്മിനിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്ടുകളിലും അവര്‍ ഇടപെടുമെന്ന് ഞങ്ങള്‍ ഭയക്കുന്നു”.

ഹൈക്കോടതി ബാര്‍ അസോസിയേഷനും ജില്ല ബാര്‍ അസോസിയേഷനുകളും തെലങ്കാന അഡ്വക്കേറ്റ്‌സ് ജോയന്റ് ആക്ഷന്‍ കൌണ്‍സിലും തെലങ്കാന ജഡ്ജസ് അസോസിയേഷനും തെലങ്കാന ലോ ഓഫീസേഴ്‌സ് അസോസിയേഷനും സംയുക്തമായി ഒരാഴ്ച നീളുന്ന സമരം പ്രഖ്യാപിച്ചിരുന്നു. ഉച്ചഭക്ഷണ സമയത്ത് ഒരു മണിക്കൂര്‍ വീതമായിരുന്നു അതത് കോടതി വളപ്പില്‍ സംയുക്തമായി സംഘടനകള്‍ സമരം നടത്തിയത്. 

This post was last modified on December 27, 2016 4:16 pm