X

എന്നില്‍ ശകുന്തള ബാക്കിയാകുന്നു; കാവാലവുമൊത്തുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് മഞ്ജു വാര്യര്‍

മഞ്ജു വാര്യര്‍

ഞാന്‍ കാവാലം സാറിനെ ആദ്യമായി കാണുന്നത് പത്രക്കടലാസിലും ടിവിയിലുമാണ്. കുട്ടനാട്ടിലെ പാടവരമ്പില്‍ നില്കുകയായിരുന്നു പലപ്പോഴും അദ്ദേഹം. അപ്പോഴൊക്കെ എനിക്ക് തോന്നിയത് വിളഞ്ഞു നില്കുന്ന മറ്റൊരു നെല്‍ച്ചെടിയാണ് കാവാലം സാര്‍ എന്നാണ്. മെല്ലിച്ച്, നല്ല ഉയരത്തില്‍, കതിര്‍ക്കനത്തോടെ…എന്നാല്‍ അതിന്റെ തലക്കനമില്ലാതെ…

കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ കുട്ടനാട്ടിലേക്ക് പോകുമ്പോള്‍ അതേ ദൃശ്യമായിരുന്നു മനസ്സില്‍. അന്ന് അദ്ദേഹത്തിന്റെ തറവാട്ടില്‍ സപ്താഹയജ്ഞം നടക്കുകയാണ്. അദ്ദേഹം വിവര്‍ത്തനം ചെയ്ത ഭാഗവതത്തിന്റെ പ്രകാശനവുമുണ്ടായിരുന്നു. സാറിന് ഓണപ്പുടവ കൊടുത്തപ്പോള്‍ എന്തുകൊണ്ടോ, ഓര്‍മകളില്‍ മഞ്ഞുമുഖമായി മാത്രമുള്ള അപ്പൂപ്പനെ നേരില്‍കാണുന്നതുപോലെ തോന്നി. പിന്നെ അദ്ദേഹം കണ്വനെപ്പോലെ എന്റെ അരികിലിരുന്നു. ശാകുന്തളത്തിലേക്ക് കൈപിടിച്ചു. അധീരമായിരുന്ന എന്റെ മനസ്സിനെ ശാകുന്തളം നാലാമങ്കത്തിലെ വിഖ്യാതമായ പിതൃവചനങ്ങള്‍പോലെയുള്ള ഉപദേശങ്ങളാല്‍ പരുവപ്പെടുത്തി. ശകുന്തളയെ എന്നിലേക്കൊരു മുല്ലവള്ളിപോലെ പടര്‍ത്തിവിട്ടു. മടങ്ങിപ്പോരുമ്പോഴും പാടങ്ങള്‍ കടന്നൊരു കാറ്റ് തൊട്ടുതലോടിക്കൊണ്ടിരുന്നു.

സോപാനം, പുതിയ അറിവുകളിലേക്കും അഭിനയത്തിന്റെ അറിയാലോകങ്ങളിലേക്കുമുള്ള ചവിട്ടുപടിയായി. എത്രയോ നാടകപ്രതിഭകള്‍ ചുവടുവച്ച കളരിയില്‍ കാവാലം എന്ന അഭിവന്ദ്യ ആചാര്യന്‍ അരങ്ങിലേക്കുള്ള എന്റെ ആദ്യ കാല്‍വയ്പിനെ അനുഗ്രഹിച്ചു. ജീവിതം സാര്‍ത്ഥകമായി എന്ന് തോന്നുന്ന അപൂര്‍വം ചില നിമിഷങ്ങളിലൊന്ന്. രണ്ടാഴ്ച നീണ്ട നാടകപരിശീലനത്തില്‍ കാവാലം സാര്‍ മറ്റൊരു ഇതിഹാസമായി മുന്നില്‍ നിന്നു. നെല്‍ച്ചെടി അരയാലായി പരിണമിക്കുന്നതുപോലൊരു കാഴ്ച. പക്ഷേ, വാത്സല്യം ഓരോ വാക്കിലും വിളിയിലുമുണ്ടായിരുന്നു. തെറ്റുകള്‍ തിരുത്തിത്തരികയും പഠിപ്പിച്ചത് പാലിക്കുമ്പോള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഞാന്‍ പലവട്ടം മനസ്സുകൊണ്ട് അപ്പൂപ്പാ എന്ന് ഉരുവിട്ടു.

അഭിജ്ഞാനശാകുന്തളം അരങ്ങിലെത്തിക്കുകയെന്നത് അദ്ദേഹത്തിന്റെ അവസാനനാളുകളിലെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നു. ആശുപത്രിയിലാകും മുമ്പ് ഉജ്ജയിനിയിലെയും ഡല്‍ഹിയിലെയും വേദികള്‍ അദ്ദേഹം തന്നെ ബുക്ക് ചെയ്തു. പക്ഷേ ആദ്യഅവതരണത്തിന് കാത്തുനില്കാതെ അരങ്ങൊഴിഞ്ഞു. കുറച്ചുദിവസം മുമ്പായിരുന്നു ഒടുവില്‍ കണ്ടത്. അദ്ദേഹത്തിന് സംസാരിക്കാനാകുമായിരുന്നില്ല. പക്ഷേ ശ്വാസോച്ഛ്വാസത്തില്‍ നിന്ന് അറിയാനാകുമായിരുന്നു ഒരു കുട്ടനാടന്‍ കാറ്റിന്റെ തണുപ്പും തലോടലും. തിരിച്ചുപോന്നപ്പോഴും അത് പിന്തുടര്‍ന്നുവന്നു. മലയാളത്തിനുമീതേ ചൊല്ലായും ചുവടായും പാട്ടായും താളമായും കവിതയായും കരനാഥനായും വിരിഞ്ഞുനിന്ന കാവാലം എന്ന വലിയ വൃക്ഷം ഇനിയില്ല എന്ന അവിശ്വസനീയത വല്ലാതെ വേദനിപ്പിക്കുന്നു. മഞ്ഞില്‍ എനിക്ക് ഒരു അപ്പൂപ്പന്റെ മുഖം വ്യക്തമായി കാണാനാകുന്നു. ഏതോ ജന്മാന്തരനിയോഗമെന്നോണം. 

ജീവിതനാടകത്തിന്റെ അവസാനരംഗത്തില്‍ എന്നെ അനുഗ്രഹിച്ചുകടന്നുപോയ തണുത്തൊരു കാറ്റ് ആത്മാവില്‍ തൊട്ടുവിളിക്കുന്നു. എന്നില്‍ ശകുന്തള ബാക്കിയാകുന്നു…

This post was last modified on December 27, 2016 4:16 pm

Related Post
Leave a Comment