X

പൊലീസ് മുറയും തത്തമ്മച്ചുണ്ടനും; മണിയുടെ മരണത്തില്‍ തര്‍ക്കം വ്യക്തിഹത്യയിലേക്കും നീളുന്നു

അഴിമുഖം പ്രതിനിധി

കലാഭവന്‍ മണിയുടെ മരണകാരണത്തെ ചൊല്ലിയുള്ള വിവാദം വ്യക്തിപരമായ അവഹേളനത്തിലേക്കും എത്തി നില്‍ക്കുന്നു. മണിയുടെ സഹോദരനും ചലച്ചിത്ര-ടെലിവിഷന്‍ താരം സാബു മോനും തമ്മിലുള്ള തര്‍ക്കമാണ് ഇപ്പോള്‍ വ്യക്തിഹത്യയിലേക്ക് എത്തിയിരിക്കുന്നത്.

മണിയുടേയത് കൊലപാതകമാണെന്ന വാദവുമായി ആദ്യം മുതല്‍ ഉറച്ചു നില്‍ക്കുന്ന രാമകൃഷ്ണന്‍ തന്റെ സഹോദരന്റെത് ആസൂത്രിത കൊലപാതകമാണെന്നും മണിക്കൊപ്പമുണ്ടായിരുന്ന ഡോക്ടറുടെയും മാനേജര്‍ ജോബിയുടേയും ഒത്താശയോടെയാണ് കൊലപാതകം നടന്നതെന്നും കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. സംഭവസമയത്ത് പാഡിയില്‍ ഒപ്പമുണ്ടായിരുന്ന ജാഫര്‍ ഇടുക്കിയേയും സാബുവിനെയും പൊലീസ് മുറയില്‍ ചോദ്യം ചെയ്യണമെന്നും രാമകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു. ഇതില്‍ പ്രകോപിതനായി തന്റെ ഫേസ്ബുക്കില്‍ സാബു കുറിച്ചത് ‘ പൊലീസ് മുറ ഏതാന്നു കൂടി തത്തമ്മച്ചുണ്ടന്‍ പറഞ്ഞു തരണം’ എന്നായിരുന്നു. രാമകൃഷ്ണന്‍ പറയുന്നത് വിവരമില്ലായ്മ ആണെന്നും സഹോദരന്‍ മരിച്ചൊരാള്‍ എന്ന പരിഗണനയാണ് ഇത്രയുംനാള്‍ രാമകൃഷ്ണന് കൊടുത്തതെന്നും ഇനിയത് ഉണ്ടാകില്ലെന്നും സാബു പറയുന്നു. രാമകൃഷ്ണന്‍ എന്തുപറഞ്ഞാലും തന്നെ ബാധിക്കില്ലെന്നും മണിയുടേത് സ്വാഭാവിക മരണമാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നുകഴിഞ്ഞെന്നുമാണ് സാബു ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പറയുന്നത്. രാമകൃഷ്ണന്‍ പ്രശസ്തിക്കുവേണ്ടിയാണ് ഓരോന്നും പറയുന്നതെന്നും വിവരക്കേട് പറയുന്നതിന് പരിധിയുണ്ടെന്നും സാബു രാമകൃഷ്ണനെ കുറ്റപ്പെടുത്തുന്നു.

ഇതിനിടയില്‍ മണിയുടെ ശരീരത്തില്‍ മീഥെയ്ല്‍ ആല്‍ക്കഹോളിന്റെ അംശം കണ്ടെത്തിയതായി ഹൈദരാബാദില്‍ നിന്നുള്ള ലാബ് റിപ്പോര്‍ട്ട് വന്നതെ തുടര്‍ന്ന് വീണ്ടും മണിയുടെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ശക്തമാവുകയാണ്. കുടുംബം നേരത്തെ മരണത്തിനു പിന്നിലെ സത്യാവസ്ഥ പുറത്തു കൊണ്ടുവരണമെന്നാവശ്യപ്പെട്ട് സത്യാഗ്രഹം ആരംഭിക്കാന്‍ തയ്യാറെടുത്തിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനമാനിച്ച് തീരുമാനത്തില്‍ നിന്നും പിന്മാറുകയായിരുന്നു. എന്തായാലും കലാഭവന്‍ മണി മരണം കൊണ്ട് വരുന്ന കുറച്ചുദിവസങ്ങള്‍ കൂടി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കും.

This post was last modified on December 27, 2016 4:13 pm