X

കാവേരി പ്രതിഷേധം: കര്‍ണ്ണാടകയില്‍ കര്‍ഷക ബന്ദ്‌ പൂര്‍ണ്ണം

അഴിമുഖം പ്രതിനിധി 

കര്‍ണ്ണാടകയില്‍ കാവേരി നദീജലം തമിഴ്നാടിന് നല്‍കുന്നതില്‍ പ്രതിഷേധിച്ച് കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദ്‌ പൂര്‍ണ്ണം. ബന്ദ്‌ ആറു മണിക്കൂര്‍ പിന്നിടുമ്പോള്‍ ജന ജീവിതം സ്തംഭിച്ച അവസ്ഥയിലാണ്. ഐടി നഗരമായ ബംഗലൂരുവിലും കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദ്‌ കാര്യമായി ബാധിച്ചിട്ടുണ്ട്. ബംഗലൂരുവിലെ ഓഫീസുകളുടെ പ്രവര്‍ത്തനം നിലച്ചു.  ഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ച അവസ്ഥയിലാണ്. പ്രതിപക്ഷമായ ബിജെപിയും ജനതാദള്‍ എസും ബന്ദിന് പൂര്‍ണ്ണ പിന്തുണ നല്‍കുമ്പോള്‍ കോണ്‍ഗ്രസ് നയിക്കുന്ന കര്‍ണാടക സര്‍ക്കാരും പരോക്ഷമായി ബന്ദിന് അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ സ്‌കൂളുകളും കോളേജുകളും അടഞ്ഞു കിടക്കുകയാണ്. പൊതു മുതല്‍ നശിപ്പിക്കാതെ സമാധാനപരമായി ബന്ദ് ആചരിക്കാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

15,000 ഘന അടി കാവേരി നദീജലം തമിഴ്നാടിന് വിട്ടുകൊടുക്കണമെന്ന് സുപ്രീംകോടതി തിങ്കളാഴ്ച ആവശ്യപ്പെട്ടതിനെ തുടര്‍ന്നു കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്നലെ മുതല്‍ തമിഴ്‌നാടിന് ജലം ലഭ്യമാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് കര്‍ഷക സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും പ്രതിഷേധവുമായി രംഗത്തെത്തിയത്. ബന്ദ്‌ കണക്കിലെടുത്ത് കേരളത്തില്‍ നിന്നു കര്‍ണ്ണാടകയിലേക്കുള്ള സര്‍വീസുകള്‍ കെഎസ്ആര്‍ടിസി നിര്‍ത്തിവച്ചിരിക്കുകയാണ്.

This post was last modified on December 27, 2016 2:29 pm