X

കോടതിയലക്ഷ്യ കേസ് നേരത്തെ പരിഗണിക്കണം: കട്ജു സുപ്രീംകോടതിയില്‍

അഴിമുഖം പ്രതിനിധി

തനിക്കെതിരായ കോടതിയലക്ഷ്യക്കേസ് നേരത്തെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു, സുപ്രീംകോടതിയെ സമീപിച്ചു. സൗമ്യ വധക്കേസിലെ പുനപരിശോധനാ ഹര്‍ജി തള്ളിയ സുപ്രീംകോടതി വിധിയെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിച്ചതിനാണ് കട്ജുവിനെതിരെ കോടതിയലക്ഷ്യ കേസെടുത്തത്. വിധിക്കെതിരെ മാത്രമല്ല ജഡ്ജിമാരെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയിലുള്ള പരാമര്‍ശങ്ങളും ജസ്റ്റിസ് കട്ജു നടത്തിയെന്ന് നോട്ടീസില്‍ കോടതി പറഞ്ഞിരുന്നു.
 
ശീതകാല അവധിക്ക് കോടതി പിരിയുന്നതിന് മുമ്പ് അപേക്ഷ പരിഗണിക്കണമെന്ന് കട്ജുവിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍, ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബഞ്ചിനോട് അഭ്യര്‍ത്ഥിച്ചു. ഇത് സംബന്ധിച്ച അപേക്ഷ താന്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും ധവാന്‍ കോടതിയെ അറിയിച്ചു. അപേക്ഷയില്‍ ജസ്റ്റിസ് കട്ജു ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും വ്യക്തിപരമായി ഹാജരാവുന്നതില്‍ നിന്നും ഒഴിവാക്കണമെന്ന് അപേക്ഷിച്ചിട്ടുണ്ടെന്നുമാണ് വിവരം. കഴിഞ്ഞ നവംബര്‍ പതിനൊന്നിനാണ് സുപ്രീം കോടതി കട്ജുവിനെതിരെ സ്വയം കോടതിയലക്ഷ്യത്തിന് കേസെടുത്തത്. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയിലെ തന്നെ അപൂര്‍വ സംഭവമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ജസ്റ്റിസ് കട്ജു 2006 മുതല്‍ 2011 വരെ സുപ്രീംകോടതി ജഡ്ജിയായിരുന്നു.

This post was last modified on December 27, 2016 2:14 pm