X

നീറ്റ് പരീക്ഷ ക്രമക്കേടുകള്‍ ഉന്നതതല സമിതി അന്വേഷിക്കണമെന്ന് കെ സി വേണുഗോപാല്‍

പരീക്ഷ എഴുതാന്‍ എത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിച്ച് പരിശോധിച്ച സംഭവം ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണ്

നീറ്റ് പരീക്ഷ നടത്തിപ്പില്‍ രാജ്യ വ്യാപകമായി ഉണ്ടായ ക്രമക്കേടുകള്‍ ഉന്നതതല സമിതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി പ്രധാനമന്ത്രിക്കും മാനവ വിഭവശേഷി മന്ത്രിക്കും കത്തയച്ചു. വിദ്യാര്‍ത്ഥികളുടെ മനോവീര്യം തകര്‍ക്കുന്ന തരത്തിലും മനുഷ്യാവകാശം ലംഘിക്കുന്നതരത്തിലുമുള്ള പ്രവര്‍ത്തികളാണ് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായത്. തികച്ചും അപ്രായോഗികമായ നിര്‍ദേശങ്ങളും ഇടപെടലുകളുമാണ് പരീക്ഷാനടത്തിപ്പില്‍ മാനവ വിഭവശേഷി വകുപ്പ് അധികൃതര്‍ സ്വീകരിച്ചത്.

ദേശിയതലത്തില്‍ പതിനൊന്നര ലക്ഷത്തോളം വിദ്യാര്‍ഥികള്‍ എഴുതിയ ഇത്ര ഗൗരവമേറിയ പരീക്ഷയ്ക്ക് ഉത്തരം നല്‍കാന്‍ അനുവദിച്ച സമയക്രമം ഒട്ടും പര്യാപതമായിരുന്നില്ലെന്ന പരാതികള്‍ വ്യാപകമാണ്. പരീക്ഷ എഴുതാന്‍ എത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിച്ച് പരിശോധിച്ച സംഭവം ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണ്. പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും സുരക്ഷാ സംവിധാത്തിന്റെ പേരില്‍ മാനസികമായി പീഡിപ്പിക്കുന്ന പെരുമാറ്റമാണ് ഉണ്ടായത്. നാലു വിരലുകളുടെ അടയാളമാണ് രേഖപ്പെടുത്തിയത്. ഇതിനുപുറമെ വീഡിയോ ഷൂട്ട് ചെയ്തതും വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി.

മാര്‍ഗനിര്‍ദേശകങ്ങള്‍ നടപ്പാക്കാനെന്ന പേരില്‍ പീഡനമാണ് പരീക്ഷ ഹാളില്‍ വിദ്യാര്‍ഥികള്‍ നേരിട്ടത്. ഈ നടപടി ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും വിദ്യാര്‍ത്ഥികളെ മാനസികമായി പീഡിപ്പിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും എംപി പ്രധാനമന്ത്രിക്കും മാനവ വിഭവശേഷി മന്ത്രിക്കും അയച്ച കത്തില്‍ ആവശ്യപ്പെട്ടു.