X

കെജ്രിവാള്‍ കള്ളപ്പണം വെളുപ്പിച്ചു; രാജിവെച്ചില്ലെങ്കില്‍ കോളറില്‍ തൂക്കി തീഹാര്‍ ജയിലില്‍ അടയ്ക്കും-കപില്‍ മിശ്ര

ആദായ നികുതി വകുപ്പിനെയും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെയും കെജ്രിവാളും കൂട്ടരും തെറ്റിദ്ധരിപ്പിച്ചു

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണം ഉയര്‍ത്തി പുറത്താക്കപ്പെട്ട മുന്‍ മന്ത്രി കപില്‍ മിശ്ര. ആദായ നികുതി വകുപ്പിനെയും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെയും കെജ്രിവാളും കൂട്ടരും തെറ്റിദ്ധരിപ്പിച്ചു എന്നും മിശ്ര ആരോപിച്ചു. കെജ്രിവാള്‍ ഇന്ന് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും രാജിവെച്ചില്ലെങ്കില്‍ താന്‍ വീട്ടില്‍ വന്നു കോളറില്‍ തൂക്കിപ്പിടിച്ചു തീഹാര്‍ ജയിലിലേക്ക് കൊണ്ടുപോകുമെന്നും മിശ്ര പറഞ്ഞു. അഞ്ചാം ദിവസത്തിലേക്ക് കടന്ന നിരാഹാര സമരത്തിനിടയില്‍ കപില്‍ മിശ്ര ബോധം കെട്ട് വീഴുകയും ചെയ്തത് ഉദ്വേഗ ഭരിതമായ നിമിഷങ്ങളാണ് തലസ്ഥാനത്ത് സമ്മാനിച്ചത്.

മന്ത്രി സ്ഥാനത്ത് നിന്നു പുറത്താക്കപ്പെട്ടതു മുതല്‍ കെജ്രിവാളിനെതിരെ ഒരു ദിവസം ഒരു ആരോപണം എന്ന അടവുമായി രംഗത്തുള്ള മിശ്ര തന്റെ ആരോപണങ്ങള്‍ക്കെല്ലാം തെളിവുണ്ടെന്നും പറഞ്ഞു. തന്റെ കൈവശമുള്ള രേഖകള്‍ നാളെ 11 മണിയോടെ സിബിഐക്ക് സംര്‍പ്പിക്കുമെന്നും കപില്‍ മിശ്ര കൂട്ടിച്ചേര്‍ത്തു.

“ഹവാല ഇടപാടുകള്‍, സംഭാവനകള്‍, കടലാസ് കമ്പനികള്‍ സ്ഥാപിച്ച് അതിലൂടെ നടത്തുന്ന പണമിടപ്പാടുകള്‍ എന്നു തുടങ്ങി നിരവധി സംഗതികള്‍ കെജ്രിവാളിന് ഒളിച്ചു വെക്കാനുണ്ട്. ആദായ നികുതി വകുപ്പ് കെജ്രിവാളിന് നോട്ടീസ് അയച്ചു കഴിഞ്ഞു. നാല് കമ്പനികള്‍ സംബന്ധിച്ച വിവരങ്ങള്‍ നല്‍കണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ് നല്കിയിരിക്കുന്നത്.” എന്നാല്‍ കെജ്രിവാളിന് നൂറില്‍ കൂടുതല്‍ കമ്പനികള്‍ ഉണ്ടെന്നാണ് മിശ്രയുടെ ആരോപണം.

മൊഹല്ല ക്ലിനിക്കുകൾ സ്ഥാപിച്ചതിലും അഴിമതിയുണ്ടെന്ന് പറഞ്ഞ മിശ്ര ഇതിനെ കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. നേരത്തെ വാട്ടർ ടാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട് കെജ്രിവാളിന്റെ ഉപദേശകന് അഴിമതി നിരോധന വകുപ്പ് സമൻസ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് മിശ്രയുടെ പുതിയ വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്.

ആം ആദ്മി പാർട്ടിയിലെ നേതാക്കൾ നടത്തിയ വിദേശ യാത്രകളെ കുറിച്ച് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മിശ്ര നടത്തുന്ന നിരാഹാര സമരം ഞായറാഴ്ച അഞ്ചാം ദിവസത്തിലേക്ക് കടന്നു.

This post was last modified on May 14, 2017 4:12 pm