X

സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതി, ഹൈസ്‌കൂള്‍-ഹയര്‍ സെക്കന്‍ഡെറി ക്ലാസ്മുറികള്‍ ഹൈടെക് ആക്കും; മന്ത്രിസഭാ തീരുമാനങ്ങള്‍

അഴിമുഖം പ്രതിനിധി

സമ്പൂര്‍ണ്ണ പാര്‍പ്പിടം പദ്ധതിയും, സര്‍ക്കാര്‍ ഹൈസ്‌കൂള്‍-ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ ക്ലാസ്മുറികള്‍ ഹൈടെക് ആക്കാനും മന്ത്രിസഭ തീരുമാനിച്ചു. സര്‍ക്കാര്‍ ആശുപത്രികളെ ജനസൗഹൃദമാക്കാന്‍ പ്രത്യേക ടാസ്‌ക്ഫോഴ്സ് രൂപീകരിക്കാനും ധാരണയായിട്ടുണ്ട്. ഭൂമിയും വീടും ഇല്ലാത്തവര്‍ക്ക് ഭൂമി നല്‍കുന്നതിനു പാര്‍പ്പിട സമുച്ചയ പദ്ധതി നടപ്പിലാക്കാനും അവിടെ തൊഴില്‍ പരിശീലനം നല്‍കാനുമാണ് തീരുമാനം.

20 വര്‍ഷം കൊണ്ട് വീട് സ്വന്തമാക്കുന്ന പദ്ധതിയാണ് ആവിഷ്‌കരിക്കുന്നത്. അതിനായി ചെറിയ തുക അടയ്ക്കണം. ഈ വീട് വാടകയ്ക്ക് കൊടുക്കാനോ വില്‍ക്കാനോ പറ്റില്ല. വീട് നല്‍കുന്നതിനൊപ്പം കുടുംബത്തിലെ ഒരാള്‍ക്ക് ജോലിയും ഉറപ്പാക്കും. സേവനക്ഷേമ പദ്ധതികളുടെ സഹായവും ലഭ്യമാക്കാനും ഇവരുടെ സുരക്ഷ ഉറപ്പാക്കാനും നടപടികളുണ്ട്.

സംസ്ഥാനത്ത് പ്രീപ്രൈമറി മുതലുള്ള പഠനസൗകര്യം ഉറപ്പാക്കും. പഠനത്തില്‍ പിന്നിലാകുന്നവര്‍ക്ക് പ്രത്യേക ശിക്ഷണവും ഐടി പഠനത്തിന് പ്രത്യേക ശ്രദ്ധയും നല്‍കും. അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്‌കൂളുകളാക്കി സര്‍ക്കാര്‍ വിദ്യാലയങ്ങളെ ഉയര്‍ത്താനും ഒപ്പം ഹൈസ്‌കൂള്‍-ഹയര്‍ സെക്കണ്ടറി ക്ലാസ്മുറികള്‍ ഹൈടെക് ആക്കുവാനും പദ്ധതിയുണ്ട്.

കൗമാരക്കാര്‍ക്ക് പ്രത്യേക കൗണ്‍സിലിംഗ് ഏര്‍പ്പാടാക്കും. വിവിധ തൊഴിലില്‍ വൈവിധ്യം നേടുന്നതിനു സ്‌കില്‍ ഡവലപ്പ്മെന്റ് കേന്ദ്രങ്ങളും വയോജന പരിപാലനവും പാലിയേറ്റീവ് ശൂശ്രൂഷയും നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രോഗികള്‍ക്ക് അടിയന്തരമായി വൈദ്യപരിശോധന ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ആശുപത്രികളെ ജനസൗഹൃദമാക്കാന്‍ പ്രത്യേക ടാസ്‌ക്ഫോഴ്സ് രൂപീകരിക്കും. അലോപ്പതി-ആയുര്‍വേദ-ഹോമിയോ രംഗത്തും രോഗികളുടെ സാന്ദ്രതയ്ക്ക് അനുസരിച്ച് പദ്ധതി നടപ്പാക്കും.

 

This post was last modified on December 27, 2016 2:26 pm