X

നിയമസഭയില്‍ എന്തു ചോദിക്കണം? നിങ്ങള്‍ക്കും പറയാം; പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

അഴിമുഖം പ്രതിനിധി

നിയമ സഭയില്‍ ചോദിക്കാനുള്ള ചോദ്യങ്ങള്‍ ജനങ്ങളില്‍ നിന്ന് ക്ഷണിച്ചു കൊണ്ട് പ്രതിപക്ഷം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ജനങ്ങളോട് ചോദ്യങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നിങ്ങള്‍ ചോദിക്കുന്ന കാര്യങ്ങള്‍ ഞങ്ങള്‍ നിയമസഭയില്‍ ഉന്നയിക്കാന്‍ ശ്രമിക്കുമെന്നും സര്‍ക്കാരില്‍ നിന്ന് കിട്ടുന്ന മറുപടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുമെന്നും ചെന്നിത്തല തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ പറയുന്നു. പ്രതികൂലിച്ചും അനുകൂലിച്ചും നിരവധി കമന്റുകളാണ് ചെന്നിത്തലയുടെ പോസ്റ്റിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

പ്രിയപ്പെട്ടവരെ,

ഇത്തവണത്തെ നിയമസഭാ സമ്മേളനത്തില്‍ പങ്കാളികളാകാന്‍ പ്രതിപക്ഷം നിങ്ങളെയും ക്ഷണിക്കുന്നു. ഈ മാസം 26 നാണ് സമ്മേളനം ആരംഭിക്കുന്നത്. നിയമസഭയില്‍ ഞങ്ങള്‍ എന്തൊക്കെ ഉന്നയിക്കണമെന്ന് നിങ്ങള്‍ക്ക് നിര്‍ദ്ദേശിക്കാം. നിങ്ങളുടെ നാട്ടിലെ ഒരു നീറുന്ന പ്രാദേശിക പ്രശ്‌നം മുതല്‍ സംസ്ഥാനത്തെ ആകെ ബാധിക്കുന്ന വിഷയങ്ങള്‍ വരെ ഞങ്ങളെ അറിയിക്കുക. ഞങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി അത് നിയമസഭയില്‍ ഉന്നയിക്കാന്‍ ശ്രമിക്കും. സര്‍ക്കാരില്‍ നിന്ന് കിട്ടുന്ന മറുപടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യും. ഇതിന് പുറെമെ പൊതുവായ വിഷയങ്ങളില്‍ നിങ്ങളുടെ നിലപാടും ഞങ്ങളെ അറിയിക്കാം. അവ ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടവയാണ്. ഈ ഫേസ്ബുക്ക് അക്കൗണ്ടു വഴിയാണ് നിങ്ങള്‍ നിര്‍ദ്ദേശങ്ങള്‍ അറിയിക്കേണ്ടത്. നിയമസഭാ പ്രവര്‍ത്തനം ജനകീയമാക്കുന്നതിനും നമുക്ക് ഒത്തൊരുമിച്ച് സംസ്ഥാനത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുമുള്ള ഈ ഉദ്യമത്തില്‍ മനസ്സ് തുറന്ന് നിങ്ങളും പങ്കാളികളാകുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ക്കായി ഞങ്ങള്‍ കാത്തിരിക്കുന്നു.’

This post was last modified on December 27, 2016 2:26 pm