X

ശശി തരൂരിന്റെ വിശദീകരണത്തിൽ തൃപ്തിയായി: ‘മോദി സ്തുതി’ വിവാദത്തിൽ നടപടിയില്ലെന്ന് മുല്ലപ്പള്ളി

പ്രതിപക്ഷ നേതാവടക്കം നിരവധി പ്രമുഖ നേതാക്കളാണ് ശശി തരൂരിനെതിരെ കഴിഞ്ഞ ദിവസങ്ങളിൽ രംഗത്തുണ്ടായിരുന്നത്.

‘മോദി സ്തുതി’ വിവാദത്തിൽ തിരുവനന്തപുരം എംപി ശശി തരൂരിനെതിരെ നടപടിയില്ലെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. വിവാദം അവസാനിച്ചതായും ഇനി ഇതിന്മേൽ പരസ്യപ്രതികരണവുമായി ആരും വരേണ്ടെന്നും അദ്ദേഹം പറഞ്ഞു.

താൻ മോദിയെ ന്യായീകരിച്ചില്ലെന്നും തന്നോളം മോദിയെ വിമർശിച്ച ഒരാളെങ്കിലും കേരളത്തിലെ കോൺഗ്രസ്സിലുണ്ടോയെന്നും ചോദിച്ച് കഴിഞ്ഞദിവസം ശശി തരൂർ കെപിസിസി പ്രസിഡണ്ടിന് കത്തെഴുതിയിരുന്നു. കെപിസിസി പ്രസിഡണ്ട് തനിക്ക് നൽകിയ കാരണം കാണിക്കൽ നോട്ടീസ് എങ്ങനെയാണ് ചോർന്നതെന്നും അദ്ദേഹം ആരായുകയുണ്ടായി.

പ്രതിപക്ഷ നേതാവടക്കം നിരവധി പ്രമുഖ നേതാക്കളാണ് ശശി തരൂരിനെതിരെ കഴിഞ്ഞ ദിവസങ്ങളിൽ രംഗത്തുണ്ടായിരുന്നത്. തരൂരിനെ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ വളഞ്ഞിട്ട് ആക്രമിക്കുന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടിരുന്നു.

കോൺഗ്രസ് നേതാവ് ജയ്റാം രമേശ് ഒരു പുസ്തകപ്രകാശനച്ചടങ്ങിൽ വിശകലനാത്മകമായി പറഞ്ഞ ചില കാര്യങ്ങളെ തരൂർ പിന്തുണച്ചിരുന്നു. ഇതാണ് വിവാദങ്ങൾക്ക് കാരണമായത്. മോദിയെ നിഷ്ഠൂരനായി ചിത്രീകരിക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഗുണം ചെയ്യില്ലെന്നാണ് ജയ്റാം രമേശ് പറഞ്ഞത്. അദ്ദേഹത്തിന്റെ ചില പദ്ധതികൾ ജനങ്ങളെ ആകർഷിക്കുന്നുണ്ട്. അതുകൂടി മനസ്സിലാക്കാതെ കണ്ണടച്ച് വിമർശിക്കുന്നത് കോൺഗ്രസ് നേതാക്കളുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും ജയ്റാം രമേശ് പറയുകയുണ്ടായി. ഇതിനെ പിന്തുണച്ച് തരൂർ ട്വീറ്റ് ചെയ്തു. മോദി നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ അത് പറയാനും തയ്യാറാകണമെന്ന് തരൂർ ഈ ട്വീറ്റിൽ പറഞ്ഞിരുന്നു. ഇത് പ്രത്യേകമായി എടുത്താണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ആക്രമണം തുടങ്ങിയത്.

അതെസമയം തരൂരിനെ ഫാഷിസ്റ്റ് പക്ഷത്തേക്ക് തള്ളിയിടരുതെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് നേതാവ് എംകെ മുനീർ രംഗത്തു വന്നു. തരൂർ മോദി അനുകൂലിയാണെന്ന് താൻ വിശ്വസിക്കുന്നില്ല. ശശി തരൂരിന്റെ ‘പാരഡോക്‌സിക്കൽ പ്രൈംമിനിസ്റ്റർ, വൈ അയാം എ ഹിന്ദു’ എന്ന പുസ്തകം വായിച്ചൊരാൾക്ക് അദ്ദേഹത്തിന് ഒരു മോദി ഫാനായി മാറാൻ കഴിയുമെന്ന് ഒരിക്കലും വിശ്വസിക്കാനാവില്ല. കോൺഗ്രസ് ഇല്ലാത്ത ശശി തരൂരിനെയോ, ശശി തരൂർ ഇല്ലാത്ത കോൺഗ്രസിനെയോ മതേതര കേരളത്തിന് സങ്കൽപിക്കാൻ കഴിയില്ലെന്നും മുനീർ പറഞ്ഞു.