X

ബീഫ് കഴിച്ചതിന്റെ പേരില്‍ ബംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനം; ഒരാളുടെ നില ഗുരുതരം

അഴിമുഖം പ്രതിനിധി

ബീഫ് കഴിച്ചെന്നാരോപിച്ച് ബംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് പ്രദേശവാസികളുടെ ക്രൂരമര്‍ദനം. വൃന്ദാവന്‍ കോളെജിലെ വിദ്യാര്‍ഥികളായ മെര്‍വിന്‍ മൈക്കിള്‍ ജോയ്, മുഹമ്മദ് ഹാഷിര്‍, നിഖില്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. സഞ്ജയ് നഗറിലെ ഭൂപസബ്ദ്രയില്‍ ഇവര്‍ താമസിച്ചിരുന്ന വാടകവീട്ടില്‍ എത്തിയാണ്  ഒരു സംഘം വടികളും ദണ്ഡുകളും ഉപയോഗിച്ചു ആക്രമിച്ചത്. വിദ്യാര്‍ത്ഥികളിപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. തലയ്ക്കു സാരമായി പരിക്കേറ്റ മെര്‍വിന്‍ ജോയിയുടെ നിലഗുരുതരമാണ്.

വിദ്യാര്‍ത്ഥികള്‍ ബീഫ് കഴിച്ച ശേഷം സമീപത്തെ ക്ഷേത്രത്തിനടുത്ത് വിശ്രമിച്ചതാണ്  ഇവരെ മര്‍ദ്ദിക്കുന്നതിനുള്ള കാരണം. ഇന്നു രാവിലെയായിരുന്നു സംഭവം. മര്‍വിനെ ആദ്യം ബൗറിംഗ് ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ നിംഹാന്‍സിലേക്കു മാറ്റുകയായിരുന്നു. മൂവരെയും മര്‍ദിച്ചശേഷം അക്രമികള്‍  ബൈക്കുകളില്‍ രക്ഷപ്പെടുകയായിരുന്നു.

കഴിഞ്ഞ കുറച്ചു ദിവസമായി ബംഗളുരുവില്‍ പലയിടങ്ങളിലും മലയാളികളെ തെരഞ്ഞുപിടിച്ച് ആക്രമണം നടക്കുന്നതായി വിദ്യാര്‍ഥികള്‍ പരാതിപ്പെടുന്നുണ്ട്. എന്താണ് കാരണമെന്നു തങ്ങള്‍ക്കറിയില്ലെന്നും കേരളത്തില്‍നിന്നുള്ളവരാണോ എന്നു ചോദിച്ച് അക്രമമുണ്ടായതായും ഇവര്‍ പറയുന്നു.

This post was last modified on December 27, 2016 3:49 pm