X

‘തുഷാർ ജയിലിലായതിനു പിന്നിലെ യാഥാർത്ഥ്യം ഇങ്ങനെ’

ഇതിനിടെ നാസിലിനെതിരെ കേസ് നൽകിയ സ്പോൺസർ മരിച്ചു. അദ്ദേഹത്തിന്റെ മക്കള്‍ നാസിലിന്റെ അവസ്ഥയറിഞ്ഞ് മാപ്പ് നൽകാൻ തയ്യാറായി.

ബിടെക് പാസ്സായതിനു ശേഷം തൊഴിൽ തേടിയാണ് കൊടുങ്ങല്ലൂര്‍ പുതിയകാവ് നമ്പിപുള്ളിലത്ത് അബ്ദുള്ളയുടെ മകന്‍ നാസില്‍ അബ്ദുള്ള യുഎഇയിലെത്തിയത്. യുഎഇയിലെ അൽമോയി കമ്പനിയിൽ ജോലി ശരിയാകുകയും ചെയ്തു. പിന്നീട് സ്വന്തമായി ഒരു കമ്പനി തുടങ്ങി. കുറച്ചു മാസങ്ങൾ കൊണ്ടു തന്നെ കമ്പനിയെ നല്ല നിലയിലെത്തിക്കാൻ നാസിലിന്റെ നേതൃത്വത്തിന് കഴിഞ്ഞു. ലാഭത്തില്‍ പ്രവർത്തിച്ചു വന്നിരുന്ന ഒരു സ്ഥാപനമാണ് തുഷാർ വെള്ളാപ്പള്ളിയുടെ കെണിയിൽ കുടങ്ങി പൊളിഞ്ഞു പാളീസായത്. ഇതോടൊപ്പം തകർന്നത് ഒരു യുവ സംരംഭകന്റെ സ്വപ്നങ്ങൾ കൂടിയാണ്.

തുഷാർ വെള്ളാപ്പള്ളിയുടെ കമ്പനിയായ ബോയിങ് കൺസ്ട്രക്ഷന്റെ സബ് കോൺട്രാക്ട് ലഭിച്ചപ്പോൾ നാസിൽ അബ്ദുള്ള അത് സംശയങ്ങളൊന്നുമില്ലാതെ ഏറ്റെടുത്തു. ഇലക്ട്രിക് ജോലികളും പ്ലംബിങ് ജോലികളും മെക്കാനിക്കൽ ജോലികളുമെല്ലാം തുഷാറിന്റെ കമ്പനിക്കു വേണ്ടി നാസിൽ ചെയ്തു കൊടുത്തു. കൈയിൽ നിന്നുള്ള പണം മുടക്കിയും പല സ്ഥാപനങ്ങളിൽ നിന്നും കടമായി സാധനങ്ങൾ വാങ്ങിയുമാണ് നാസിൽ കരാർ പ്രകാരമുള്ള ജോലികൾ തീർത്തു കൊടുത്തത്.

പണികളെല്ലാം തീർന്നപ്പോൾ തുഷാർ പണം നൽകാൻ തയ്യാറായില്ല. നാസിലിന്റെ പക്കൽ ആകെയുണ്ടായിരുന്നത് കരാറിനൊപ്പം നൽകിയ തുകയെഴുതിയ ചെക്ക് മാത്രമായിരുന്നു. പണം നൽകാമെന്നു പറഞ്ഞ അവധികൾ പലത് കഴിഞ്ഞു പോയി. ഇതോടെ നാസിൽ കുടുങ്ങി.

സാധനങ്ങൾ കടമായി നൽകിയ സ്ഥാപനങ്ങൾ നാസിലിനെ സമീപിച്ചു തുടങ്ങി. നാസിലിന്റെ പക്കൽ പണമില്ലെന്ന് തിരിച്ചറിഞ്ഞതോടെ പല സ്ഥാപനങ്ങളും കേസ് നൽകി. ഇവരുടെ ബാധ്യത തീര്‍ക്കാൻ നാസിൽ പലരിൽ നിന്നായി പണം കടം വാങ്ങി. ബാധ്യതകൾക്കു മീതെ ബാധ്യതകളായെന്നല്ലാതെ കോടികളുടെ കടം തീർക്കാൻ നാസിലിന് സാധിച്ചില്ല. കോടതിയിൽ കേസുകളില്‍ നാസിലിനെതിരായി വിധി വന്നു. ഏഴ് വർഷം തടവ്!

തുഷാർ പണം നൽകാത്തതു മൂലം നാസിൽ ജയിലിലായ വിവരം ബന്ധുക്കളും സുഹൃത്തുക്കളും മുഖാന്തിരം അയാളെ അറിയിച്ചിരുന്നു. എന്നാൽ തുഷാർ പണം നൽകാൻ തയ്യാറായില്ല. ഇതിനിടെ നാസിലിനെതിരെ കേസ് നൽകിയ സ്പോൺസർ മരിച്ചു. അദ്ദേഹത്തിന്റെ മക്കള്‍ നാസിലിന്റെ അവസ്ഥയറിഞ്ഞ് മാപ്പ് നൽകാൻ തയ്യാറായി. ജയിൽമോചിതനായി.

ജയിലിനു പുറത്തിറങ്ങിയ നാസിലിന്റെ സ്ഥിതി ഏറെ ദയനീയമായിരുന്നു. ജയിലിൽ കഴിയുന്ന നാസിലിന്റെ സ്ഥിതിയിൽ നിസ്സഹായനായ പിതാവ് പിതാവ് ഇതിനകം കിടപ്പിലായിരുന്നു. നാട്ടിൽ വരാൻ വയ്യാത്ത സ്ഥിതിയായി. പിന്നീട് ചെറിയ ജോലികൾ ചെയ്ത് ജീവിതം കഴിച്ചുവരികെയാണ് മലപ്പുറം തിരുന്നാവായ സ്വദേശിയായ ഒരു ഗൾഫ് വ്യവസായി തുഷാറിനെതിരെ നിയമപോരാട്ടത്തിന് നാസിലിനെ പ്രേരിപ്പിച്ചത്. ഇതിനുള്ള സഹായം താൻ ചെയ്യാമെന്ന് അദ്ദേഹം വാക്ക് നൽകുകയും ചെയ്തു. ഇങ്ങനെയാണ് നാസിൽ കേസിനു പോയത്. ശക്തമായ തെളിവുകൾ നാസിലിന്റെ പക്കലുണ്ടായിരുന്നു.

നാസിലിന്റെ കാര്യം പറയാൻ വിളിച്ചാൽ തുഷാർ ഫോണെടുക്കില്ല. ഇക്കാരണത്താൽ തന്ത്രപരമായാണ് നീക്കങ്ങൾ നടത്തിയത്. യുഎഇയിൽ തുഷാറിന്റെ പേരിലുള്ള സ്ഥലം വാങ്ങാനെന്ന പേരിലാണ് വിളിച്ചു വരുത്തിയത്. സ്ഥലക്കച്ചവടത്തിന് തുഷാർ എത്തുകയും ചെയ്തു. തനിക്കെതിരെ കേസുള്ള വിവരം തുഷാർ അറിഞ്ഞിരുന്നില്ല.

തുഷാർ വെള്ളാപ്പള്ളി യുഎഇയിൽ പലർക്കും പണം നൽകാനുണ്ടെന്നാണ് നാസിൽ അബ്ദുള്ള പറയുന്നത്. പത്തോളം പേരെ തനിക്ക് നേരിട്ടറിയാമെന്നും അദ്ദേഹം പറയുന്നു. പേടി കാരണം ആരും പുറത്തു പറയാത്തതാണ്. പലരുടെയും പക്കൽ കരാർ മാത്രമാണുള്ളത്. തന്റെ പക്കൽ കരാറിനൊപ്പം സെക്യൂരിറ്റിയായി നല്‍കിയ ബ്ലാങ്ക് ചെക്കും ഉണ്ടായിരുന്നു. മനസ്സമാധാനത്തോടെ ജീവിക്കാനാഗ്രഹിക്കുന്ന ബിസിനസ്സുകാർ ചതിയിൽ പെട്ടത് പുറത്തു പറയാതെ കഴിയുകയാണ് ചെയ്യുന്നത്. ഇക്കാരണത്താൽ തുഷാർ തന്റെ ചതിവേലകൾ നിർബാധം തുടർന്നു വരികയായിരുന്നെന്ന് നാസിൽ പറയുന്നു.

This post was last modified on August 23, 2019 12:39 pm