X

വ്യാജ ക്യാംപസ് പ്ലേസ്മെന്‍റ്; നെഹ്റു കോളേജിനെതിരെ ആരോപണവുമായി വിദ്യാര്‍ത്ഥി

മാനേജ്‌മെന്റ് എൻജിനീയറിങ് കോളേജ് എന്ന നിലയിൽ ആളുകളെ ആകർഷിക്കാനുള്ള ഏക മാർഗം മികച്ച പ്ലേസ്മെന്റ് ആയതിനാൽ ആളുകളുടെ കണ്ണിൽ പൊടിയിട്ട് വിദ്യാഭ്യാസ കച്ചവടം നടത്താനാണ് നെഹ്റു ഗ്രൂപ്പ് ഓഫ് മാനേജ്മെന്റ് ശ്രമിക്കുന്നതെന്നാണ് ആരോപണം

വീണ്ടുമൊരു വിവാദത്തിന് തിരികൊളുത്തി പാമ്പാടി നെഹ്റു കോളേജ്. അഡ്മിഷൻ സമയങ്ങളിൽ പൂർവ വിദ്യാർഥികളുടെ പ്ലേസ്‌മെന്റിനെ സംബന്ധിച്ച വ്യാജ വിവരങ്ങളാണ് പുതുതായി വരുന്ന വിദ്യാർഥികളുടെയും രക്ഷിതാക്കളുടേയും മുൻപിൽ പ്രദർശിപ്പിക്കുന്നതെന്നാണ് പരാതി. നെഹ്റു കോളേജിലെ 2012-2016 മെക്കാനിക്കൽ വിഭാഗം വിദ്യാർത്ഥിയായിരുന്നു സ്വാതിൻ രാജാണ് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്.

നെഹ്റു കോളേജ് ഈ വർഷം ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പ്ലേസ്‌മെന്റ് നേടിയ വിദ്യാർഥികളുടെ ലിസ്റ്റിൽ തന്റെ പേരുണ്ടെന്നും, അതിൽ പ്രദർശിപ്പിക്കുന്ന പ്രകാരമൊരു കമ്പനിയിൽ തനിക്ക് ഇതുവരെ ജോലി ലഭിച്ചിട്ടില്ലെന്നും സ്വാതിൻ പറയുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റ് പലരും ഷെയർ ചെയ്തതിനെ തുടര്‍ന്ന് ഒഫീഷ്യൽ വെബ്‌സൈറ്റിൽ നിന്നും വാർത്ത അപ്രത്യക്ഷമായെന്നും സ്വാതിൻ കൂട്ടിച്ചേർക്കുന്നു. മാത്രമല്ല, എല്ലാ വർഷങ്ങളിലും കോളേജ് പ്രസിദ്ധീകരിക്കുന്ന ബ്രോഷറുകളിലും, കോളേജ് പരിസരത്തു പ്രദർശിപ്പിക്കുന്ന വിദ്യാർഥികളുടെ ഉന്നത വിജയത്തെയും പ്ലേസ്‌മെന്റിനെയും സംബന്ധിക്കുന്ന ബോർഡുകളിലെയും വിവരങ്ങൾ പകുതിയിലധികവും വ്യാജമാണെന്ന് വിദ്യാർഥികൾ പരാതിപ്പെടുന്നു.

പഠന കാലത്ത്, ഏഴാം സെമസ്റ്ററിന് ശേഷം എല്ലാ കോളേജുകളിലെയും എൻജിനീയറിങ് വിദ്യാർഥികൾക്ക് ഏതെങ്കിലുമൊരു കമ്പനിയിൽ ഇൻഡസ്ട്രിയൽ വിസിറ്റ് നടത്തണമെന്നൊരു അക്കാദമിക് വ്യവസ്ഥയുണ്ട്. അതുപ്രകാരം ഞാൻ 2016ൽ Hwashin എന്ന ഹ്യുണ്ടായിയുടെ കാറിന്റെ ഔട്ഡോർ പാർട്ടുകൾ റിപ്പയർ ചെയ്യുന്ന കമ്പനിയിൽ വിസിറ്റ് നടത്തിയിരുന്നു. ചെന്നൈയിലാണ് കമ്പനി സ്ഥിതി ചെയ്യുന്നത്. ഇൻഡസ്ട്രിയൽ വിസിറ്റിന് ശേഷം പ്രസ്തുത കമ്പനിയെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും കോളേജിൽ റിപ്പോർട്ടും സമർപ്പിച്ചിരുന്നു. ഇപ്പോൾ, ഈ വർഷം കോളേജ് പുറത്തിറങ്ങിയ നോട്ടിഫിക്കേഷനിൽ, ഇതേ കമ്പനിയിൽ എനിക്ക് ജോലി ലഭിച്ചതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തീർത്തും വ്യാജമായ കാര്യമാണിത്.” സ്വാതിന്‍ പറയുന്നു.

ഒരു സ്വകാര്യ എൻജിനീയറിങ് കോളേജ് എന്ന നിലയിൽ ആളുകളെ ആകർഷിക്കാനുള്ള ഏക മാർഗം മികച്ച പ്ലേസ്മെന്റ് ആയതിനാൽ ആളുകളുടെ കണ്ണിൽ പൊടിയിട്ട് വിദ്യാഭ്യാസ കച്ചവടം നടത്താനാണ് നെഹ്റു ഗ്രൂപ്പ് ഓഫ് മാനേജ്മെന്റ് ശ്രമിക്കുന്നതെന്നാണ് ആരോപണം.

“ഉയർന്ന ഡൊണേഷൻ നൽകേണ്ടി വരാറുണ്ടെങ്കിലും നെഹ്റു കോളേജിലേക്ക് ആളുകളെ ആകർഷിക്കുന്നത് ഉയർന്ന കമ്പനികളിൽ പ്ലേസ്മെന്റ് നൽകാറുണ്ടെന്ന വസ്തുതയാണ്. എന്നാൽ വസ്തുതയ്ക്ക് പിന്നിലെ യാഥാർഥ്യം ഇതാണ്. കുട്ടികളുടെ ഫോട്ടോയ്ക്കൊപ്പം ജോലി ലഭിച്ച കമ്പനികളുടെ പേരുകൾ ചേർത്ത് ക്യാംപസിന്റെ മുൻവശത്ത് പ്രദർശിപ്പിക്കുന്ന ഫ്ലക്സുകളിലും, ഓരോ വർഷവും അഡ്മിഷൻ സമയത്ത് വിതരണം ചെയ്യുന്ന കോളേജ് ബ്രോഷറിലും ഉൾപ്പെടുത്തിയിരിക്കുന്ന പല കാര്യങ്ങളും ഇതുപോലെ വ്യാജമാണ്. ആളുകളെ കബളിപ്പിച്ച് വിദ്യാഭ്യാസത്തെ കച്ചവടവൽക്കരിക്കുന്ന രീതികളിൽ ഒന്നുതന്നെയാണ് ഇതും. മുൻപും സീനിയേഴ്‌സിൽ നിന്നും കോളേജിന്റെ ഇത്തരം കാപട്യങ്ങൾ തിരിച്ചറിയാൻ സാധിച്ചിരുന്നു. എന്നാൽ വലിയ കർശന നടപടികൾ സ്വീകരിക്കുന്ന കോളേജിനെതിരെ ആരും ശബ്ദിച്ചിരുന്നില്ല. ഇപ്പോൾ എന്റെ പേര് ഉൾപ്പെടുത്തിയൊരു വ്യാജ വാർത്ത വന്നതിനാലാണ് ഞാൻ പ്രതികരിച്ചത്.” സ്വാതിൻ കൂട്ടിച്ചേര്‍ക്കുന്നു.

വെബ്‌സൈറ്റില്‍ പ്ലേസ്മെന്റ് വിഭാഗത്തില്‍ നിന്ന് ഈ വിവരങ്ങള്‍ നിന്നും പിന്‍വലിച്ച നിലയില്‍ കണ്ടതിനെ തുടര്‍ന്ന് ആരോപണങ്ങളിലെ സത്യാവസ്ഥയുമായി ബന്ധപ്പെട്ട് കോളേജ് അധികൃതരുമായി അഴിമുഖം പലതവണ ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അവര്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. പ്ലേസ്മെന്‍റ് വിവരങ്ങള്‍ക്ക് പകരം ഈ വര്‍ഷത്തേക്കുള്ള അഡ്മിഷന്‍ സംബന്ധിച്ച വിവരങ്ങളാണ് കോളേജ് വെബ്സൈറ്റില്‍ ഉള്ളത്.

നെഹ്‌റു കോളേജിന് ഇനിയും വേണോ ജിഷ്ണു പ്രണോയിമാരെ? ഒരു വിദ്യാര്‍ഥി കൂടി ആത്മഹത്യക്ക് ശ്രമിച്ചു

ദീഷ്‌ണ സി.

മാധ്യമ വിദ്യാര്‍ത്ഥി

More Posts

Follow Author:

This post was last modified on January 22, 2018 1:14 pm