X

എതിർപ്പ് രൂക്ഷമായി; കരി ഓയില്‍ കേസ് പിന്‍വലിക്കില്ല

അഴിമുഖം പ്രതിനിധി

ഹയര്‍ സെക്കന്‍ഡറി ഡയറക്ടറായിരുന്ന കേശവേന്ദ്ര കുമാര്‍ ഐഎഎസിനു മേല്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ കരി ഓയില്‍ ഒഴിച്ച കേസ് പിന്‍വലിക്കുന്ന കാര്യം പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേസ് പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ പുനഃപരിശോധന നടത്തുമെന്നും വേണമെങ്കില്‍ കേസ് പിന്‍വലിക്കാതിരിക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. നല്ല ഉദ്ദേശത്തോടെയായിരുന്നു കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നും  അദ്ദേഹം പറഞ്ഞു.

നേരത്തെ കേശവേന്ദ്ര കുമാറിനെ കരി ഓയില്‍ ഒഴിച്ച് അപമാനിച്ച കേസ് പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ തന്നെ സര്‍ക്കാരിനെതിരെ രംഗത്ത് വന്നിരുന്നു. കേസുകള്‍ പിന്‍വലിക്കുമ്പോള്‍ ശരിയായ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും അപലപിച്ചിരുന്നു. മുഖ്യമന്ത്രി ധാര്‍ഷ്ട്യത്തോടെയാണ് ഭരണം നടത്തുന്നതെന്ന് പിണറായി ആരോപിച്ചു.

This post was last modified on December 27, 2016 2:42 pm