ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചു വാങ്ങിയ വൈ കാറ്റഗറി സുരക്ഷ തനിക്ക് വേണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍ക്കില്ലാത്ത സുരക്ഷ തനിക്ക് വേണ്ടെന്നാണ് കുമ്മനം ഇപ്പോള്‍ പറയുന്നത്. ഇക്കാര്യം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി.
ഇന്നലെ കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെട്ട സാഹചര്യത്തിലാണ് കുമ്മനത്തിന്റെ പ്രതികരണം. വൈ കാറ്റഗറി സുരക്ഷ വേണ്ടെന്ന് നേരത്തെ തന്നെ കേന്ദ്രത്തെ അറിയിച്ചതായി കെ സുരേന്ദ്രനും അറിയിച്ചു. താനും എം ടി രമേശും നേരത്തെ തന്നെ ഇക്കാര്യം കേന്ദ്രത്തെ അറിയിച്ചിരുന്നുവെന്നാണ് സുരേന്ദ്രന്‍ പറയുന്നത്.
കേരളത്തിലെ നാല് ബിജെപി നേതാക്കള്‍ക്കാണ് വിഐപി വിഭാഗത്തില്‍പ്പെട്ട വൈ കാറ്റഗറി സുരക്ഷ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, മുന്‍ പ്രസിഡന്റ് പി കെ കൃഷ്ണദാസ്, ജനറല്‍ സെക്രട്ടറിമാരായ എം ടി രമേശ്, കെ സുരേന്ദ്രന്‍ എന്നിവര്‍ക്ക് വൈ കാറ്റഗറി സുരക്ഷ നല്‍കണമെന്ന് കേന്ദ്രത്തോട് ബിജെപിയുടെ സംസ്ഥാനഘടകം ആവശ്യപ്പെടുകയായിരുന്നു. ഇതുപ്രകാരം മുന്നൊരുക്കങ്ങള്‍ നടത്തി കേന്ദ്ര ആഭ്യന്തരമന്ത്രാലയം അനുകൂല തീരുമാനമെടുത്തു.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കേരളത്തിലെ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ 400ലേറെ ആക്രമണങ്ങളുണ്ടായെന്ന് സംസ്ഥാന നേതൃത്വം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചതിനെ തുടര്‍ന്നാണ് വൈ കാറ്റഗറി സുരക്ഷ ഒരുക്കാന്‍ കേന്ദ്രം തയ്യാറായത്. വൈ കാറ്റഗറി അനുസരിച്ച് 12 സിആര്‍പിഎഫ് ജവാന്മാരുടെ പരിരക്ഷയാണ് ഒരാള്‍ക്ക് ലഭിക്കുക.
Leave a Comment