X

ഇത്തവണയും ഓണം മദ്യത്തില്‍ മുങ്ങി; കേരളം കുടിച്ചത് 410 കോടിയുടെ മദ്യം

അഴിമുഖം പ്രതിനിധി

ഇത്തവണയും മലയാളി ഓണം ആഘോഷിച്ചത് പതിവുപോലെ മദ്യലഹരിയിൽ തന്നെ. ബാറുകൾ പൂട്ടി ബിയർപാർലറായി മാറിയെങ്കിലും മദ്യഉപഭോഗം കുറയ്ക്കാന്‍ അതുകൊണ്ടൊന്നും സാധിച്ചിട്ടില്ലെന്നാണ് സംസ്ഥാനത്തെ ഓണക്കുടി നല്‍കുന്ന സൂചന.

ഓണക്കാലത്തെ മദ്യവിൽപനയിൽ ഇത്തവണയും വലിയ വർദ്ധനവാണ് ഉണ്ടായത്. കഴിഞ്ഞ എട്ടു ദിവസം ബിവറേജസ് കോർപ്പറേഷൻ വിറ്റഴിച്ചത് 409.55 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വർഷം ഇതേ സമയത്ത് 353.08 കോടി രൂപയുടെ മദ്യമാണ് വിറ്റത് . മദ്യവിൽപനയിലൂടെയുള്ള വരുമാനത്തില്‍ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 16 ശതമാനം വർധനയാണ് ഇത്തവണ ഉണ്ടായത്. ഈ മാസം ഒന്നു മുതൽ ഉത്രാടദിനമായ ഇന്നലെ വരെയുള്ള 13 ദിവസംകൊണ്ട് വിറ്റത് 532.34 കോടി രൂപയുടെ മദ്യമാണെന്നും ബിവറേജസ് കോർപ്പറേഷൻ പുറത്തുവിട്ട കണക്കിൽ പറയുന്നു.

ഇത്തവണ ഉത്രാടദിനത്തിൽ മാത്രം 58.01 കോടി രൂപയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വർഷം ഇത് 59 കോടിയായിരുന്നു. കാലങ്ങളായി ചാലക്കുടി, ഇരിങ്ങാലക്കുട മേഖലയിലാണ് ഓണക്കാലത്ത് ഏറ്റവും കൂടുതലായി മദ്യം വിൽക്കുന്നത്. ഇത്തവണ ചാലക്കുടിയെ പിന്തള്ളിയ ഇരിങ്ങാലക്കുടയിലാണ് ഉത്രാടദിനത്തിൽ ഏറ്റവും കൂടുതൽ മദ്യം വിറ്റത്. ഇരിങ്ങാലക്കുടയിൽ ഓണക്കാലത്ത് 53.84 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ മദ്യം വിറ്റ ചാലക്കുടിയിൽ ഇത്തവണ 40 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റഴിഞ്ഞത്

ബിയർ-വൈൻ പാർലറുകളിൽ വിറ്റ മദ്യത്തിന്റെ കണക്കുകൾ പരിശോധിക്കാതെയുള്ള കണക്കുകളാണിത്.

This post was last modified on December 27, 2016 2:28 pm