X

മദ്യനയത്തില്‍ തിരുത്ത്: ഗാന്ധിജയന്തി ദിനത്തില്‍ ഔട്ട്ലെറ്റുകള്‍ പൂട്ടില്ല

അഴിമുഖം പ്രതിനിധി

യുഡിഎഫ് മദ്യനയത്തില്‍ തിരുത്തുമായി എല്‍ഡിഎഫ് സര്‍ക്കാര്‍. ഗാന്ധിജയന്തി ദിനത്തില്‍ പത്ത് ശതമാനം വിദേശമദ്യഷോപ്പുകള്‍ പൂട്ടില്ല. സര്‍ക്കാരിന്‍റെ പുതിയ മദ്യനയം പ്രഖ്യാപിക്കുന്നതു വരെ തല്‍സ്ഥിതി തുടരും. അടുത്ത ദിവസം തന്നെ ഇത് സംബന്ധിച്ച് ഉത്തരവിറക്കും.

പത്ത് ശതമാനം വീതം ഔട്ട്ലെറ്റുകള്‍ ഗാന്ധിജയന്തി ദിനത്തില്‍ അടച്ചുപൂട്ടണമെന്നായിരുന്നു യുഡിഎഫ് സര്‍ക്കാരിന്‍റെ തീരുമാനം. 2014-15 വര്‍ഷങ്ങളില്‍ പത്ത് ശതമാനം വീതം ഔട്ട്ലെറ്റുകള്‍ അടച്ചുപൂട്ടുകയും ചെയ്തു. യുഡിഎഫ് മദ്യനയ പ്രകാരം 52 ബിവറേജസ് ഔട്ട്‌ലെറ്റുകളാണ് ഇതുവരെ പൂട്ടിയത്. സംസ്ഥാനത്ത് പൊതുമേഖലയില്‍ 306 വിദേശമദ്യ ചില്ലറ വില്‍പന കേന്ദ്രങ്ങളാണുള്ളത്. 270 എണ്ണം ബിവറേജസ് കോര്‍പറേഷന്‍റെയും 36 എണ്ണം കണ്‍സ്യൂമര്‍ഫെഡിന്‍റേതുമാണ്. നിലവിലെ മദ്യനയപ്രകാരം 10 ശതമാനം വീതം ഔട്ട്ലെറ്റുകള്‍ പൂട്ടണമായിരുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാറാണ് ബിവറേജസിന്‍റെയും കണ്‍സ്യൂമര്‍ഫെഡിന്‍റെയും പത്ത് ശതമാനം കടകള്‍ വീതം എല്ലാവര്‍ഷവും പൂട്ടാന്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. 

പുതിയ മദ്യനയം ആവിഷ്കരിക്കുമെന്ന് മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും നേരത്തെതന്നെ വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് തന്നെ മദ്യനിരോധമല്ല മദ്യവര്‍ജനമാണ് നിലപാടെന്ന് എല്‍ഡിഎഫ് വ്യക്തമാക്കിയിരുന്നു. പൂട്ടിയ ബാറുകള്‍ തുറക്കാനാണ് എല്‍ഡിഎഫ് നീക്കമെന്ന് അന്ന് യുഡിഎഫ് ആരോപണമുന്നയിച്ചിരുന്നു. എന്നാല്‍, ബാര്‍ തുറക്കുന്നതല്ല സര്‍ക്കാര്‍ നയമെന്ന് മുന്നണിനേതൃത്വം വിശദീകരിക്കുകയായിരുന്നു.

This post was last modified on December 27, 2016 2:26 pm