X

ഇടത് പക്ഷത്തിനേറ്റ തിരിച്ചടിയുടെ കാരണം ന്യൂനപക്ഷ ഏകീകരണം മാത്രമല്ല, മറ്റ് പ്രശ്നങ്ങളും ബാധിച്ചെന്ന് സിപിഎം

തിരഞ്ഞെടുപ്പിലെ പ്രകടനം സംബന്ധിച്ച് വിലയിരുത്തലിനായി സിപിഐയുടെയും സംസ്ഥാന സമിതിയോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കുന്നുണ്ട്.

സംസ്ഥാനത്ത് എൽഡിഎഫ് നേരിട്ട വലിയ തിരിച്ചടിക്ക് കാരണം ന്യൂന പക്ഷ വോട്ടുകളുടെ ഏകീകരണം മാത്രമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ വിലയിരുത്തൽ. ഇന്ന് തിരുവനന്തപുരത്ത് നടന്ന യോഗത്തിലെ പ്രാഥമിക നിഗമനമാണിതെന്ന് മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു. ശബരിമല വിഷയത്തിലെ നിലപാട് തിരിച്ചടിക്ക് ഒരു ഘടകമായേക്കാമെന്നും സെക്രട്ടേറിയേറ്റ് വിലയിരുത്തുന്നു.  തിരഞ്ഞെടുപ്പിലെ മുന്നണിയുടെ പ്രകടനം ഉൾപ്പെടെ വിലയിരുത്തുന്നതിനായാണ് ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ചേർന്നത്.

അതേസമയം തിരഞ്ഞെടുപ്പിലെ പ്രകടനം സംബന്ധിച്ച് വിലയിരുത്തലിനായി സിപിഐയുടെയും സംസ്ഥാന സമിതിയോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കുന്നുണ്ട്. അതിനിടെ യോഗത്തിൽ സിപിഐ നേതാവും തിരുവനന്തപുരത്തെ ഇടത് സ്ഥാനാർത്ഥിയുമായ സി ദിവാകരൻ വിട്ട് നിന്നത് വാര്‍ത്തയായിരുന്നു. എന്നാൽ ദിവാകരൻ വിട്ട് നിന്നതിൽ അസ്വാഭാവികതയില്ലെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രതികരണം.

എന്നാൽ സംസ്ഥാനത്ത് ഇടത് പക്ഷം നേരിട്ട പരാജയത്തിൽ ഇടത് മുന്നണിയിൽ വ്യപക വിമർശനങ്ങള്‍ ഉയരുകയാണ്. ജനങ്ങള്‍ക്ക് ഇടതുപക്ഷത്തോടുള്ള വിശ്വാസം കുറയുന്നുവെന്ന് തിരുവനന്തപുരത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി. ദിവാകരന്‍ ആരോപിച്ചിരുന്നു. ഇടതുപക്ഷത്തിന് ജനങ്ങളെ വിശ്വാസത്തിലെടുക്കാന്‍ കഴിയുന്നില്ല, കേരളത്തില്‍ ഇത്രയും വലിയ തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ ഇടതുപക്ഷം രാഷ്ട്രീയ പരിശോധന നടത്തണമെന്നുമായിരുന്നു ദിവാകന്റെ പ്രതികരണം.

പരാജയത്തില്‍ പ്രതികരണവുമായി സിപിഐ നേതാവ് സി എന്‍ ജയദേവനും രംഗത്തെത്തി. തൃശൂരിലുണ്ടായത് അപ്രതീക്ഷിത തോല്‍വിയാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാളിച്ചയുണ്ടായിട്ടില്ല. എന്നാല്‍, പാർട്ടിയുടെ ഏക എംപിയായ തന്നെ മാറ്റിയതില്‍ ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയുണ്ടായിരിക്കാമെന്നും സി എന്‍ ജയദേവന്‍ പ്രതികരിച്ചിരുന്നു.

അതേസമയം, പാലക്കാട്ടെ തോൽവിയിൽ ഗൂഡാലോചന ഉണ്ടെന്നായിരുന്നു എംബി രാജേഷിന്റെ പ്രതികരണം. വലിയ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ അതിനെല്ലാം അപ്പുറത്ത് പാലക്കാട്ടെ ഒരു സ്വാശ്രയ കോളജ് മുതലാളിയുടെ ഇടപെടലുണ്ടെന്നും അദ്ദേഹം അരോപിച്ചിരുന്നു.

അച്ഛനെ പോലെ നടന്നുനേടിയ വിജയം, ആന്ധ്രയില്‍ കോണ്‍ഗ്രസിനെ ജഗന്‍മോഹന്‍ റെഡ്ഢി തകര്‍ത്തത് ഇങ്ങനെ

 

 

This post was last modified on May 24, 2019 2:09 pm