X

മോദിക്ക് വീണ്ടും ശുദ്ധിപത്രം; പഠാനിലെ പ്രസംഗത്തിലും തിരഞ്ഞെടുപ്പ് കമ്മീഷന് ചട്ടലംഘനം കണ്ടെത്താനായില്ല

അഭിനന്ദൻ വർത്തമാന്റെ സുരക്ഷ പാകിസ്താൻ ഉറപ്പ് വരുത്തിയില്ലായിരുന്നെങ്കിൽ തന്റെ സർക്കാർ‌ കടുത്ത നടപടികളിലേക്ക് തിരിഞ്ഞേനെ എന്നായിരുന്നു മോദിയുടെ പ്രസംഗം.

പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന ആരോണങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വീണ്ടും തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശുദ്ധിപത്രം. ഗുജറാത്തിലെ പഠാനിൽ ഏപ്രിൽ 21 ന് നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങൾ തിരഞ്ഞെടുപ്പെ പെരുമാറ്റ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് കരുതാനാവില്ലെന്നാണ് കമ്മീഷന്റെ നിലപാട്. ബലാക്കോട്ട് ആക്രമണത്തെ തുടർന്നുണ്ടായ സംഘർഷ സംഭവങ്ങളെ തുടർന്ന് പാകിസ്താനിൽ പിടിയിലായ എയർ ഫോഴ്സ് വിങ് കമാണ്ടർ അഭിനന്ദർ വർത്തമാനെ കുറിച്ചുള്ള പാരമർശമായിരുന്നു പരാതിക്ക് അധാരം.

പാകിസ്താന്‍ പിടിയിൽ അകപ്പെട്ട അഭിനന്ദൻ വർത്തമാന്റെ സുരക്ഷ പാകിസ്താൻ ഉറപ്പ് വരുത്തിയില്ലായിരുന്നെങ്കിൽ തന്റെ സർക്കാർ‌ കടുത്ത നടപടികളിലേക്ക് തിരിഞ്ഞേനെ എന്നായിരുന്നു മോദിയുടെ പ്രസംഗം. ഇതിൽ ചട്ട ലംഘനത്തിന്റെ പ്രശ്നം ഉദിക്കുന്നില്ലെന്നാണ് കമ്മീഷന്റെ നിലപാട്. ചട്ടലംഘനം സംബന്ധിച്ച വിഷയം നിയമ വിദഗ്ദരുമായുൾ‌പ്പടെ ചർച്ചചെയ്ത് പരിശോധിച്ച ശേഷമാണ് നടപടിയെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നു.

നേരത്തെ, ഏപ്രിൽ ആറാംതിയ്യതി മഹാരാഷ്ട്രയിലെ നന്ദേദിൽ വെച്ച് നടത്തിയ പ്രസ്താവനയിലും, ഏപ്രിൽ 25ന് വാരണസിയിൽ നടത്തിയ പ്രസ്താവനയിലും, ഏപ്രിൽ 26ന് ആജ്തക് ചാനലിലെ അഭിമുഖത്തിൽ നടത്തിയ പ്രസ്താവനയിലും ഉണ്ടെന്നാരോപിക്കപ്പെട്ട പെരുമാറ്റച്ചട്ട ലംഘനങ്ങളാണ് കമ്മീഷൻ തള്ളിയിരിക്കുന്നത്. ആകെ 11 പരാതികളാണ് മോദിക്കെതിരെ ഈയിടെ ഉയർന്നിട്ടുള്ളത്. മെയ് ആറിനകം എല്ലാ പരാതികളിലും തീർപ്പുണ്ടാകണമെന്ന് സുപ്രീംകോടതിയുടെ ഉത്തരവുണ്ട്.

ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷായ്ക്കെതിരെ കോൺഗ്രസ്സ് നൽകിയ ചട്ടലംഘന പരാതിയും ഇന്ന് തള്ളിയിട്ടുണ്ട്. പശ്ചിമബംഗാളിലെ നാദിയ ജില്ലയില്‍ കൃഷ്ണനഗറിൽ വെച്ച് ഷാ നടത്തിയ പരാമർശമാണ് പരാതിക്ക് കാരണമായത്. നന്ദേദിൽ വെച്ച് മോദി വർഗീയ പരാമർശം നടത്തിയെന്നാണ് പരാതി. “രാജ്യത്തെ ഭൂരിപക്ഷം വയനാട്ടിൽ ന്യൂനപക്ഷമാണ്” എന്നായിരുന്നു മോദിയുടെ പ്രസ്താവന. മഹാരാഷ്ട്രയിൽ വെച്ച് വെച്ച് നടത്തിയ മറ്റൊരു പ്രസ്താവനയിലും മോദിക്ക് ക്ലീൻ ചിറ്റ് ലഭിച്ചിരുന്നു. ബാലാകോട്ട് ആക്രമണം നടത്തിയവർക്ക് വോട്ടു ചെയ്യണമെന്ന പരാമർശമായിരുന്നു ഇത്. സംസ്ഥാന ചീഫ് ഇലക്ഷൻ ഓഫീസർ മോദിയുടേത് ചട്ടലംഘനമാണെന്ന് റിപ്പോർട്ട് നൽകിയിരുന്നു. കമ്മീഷൻ ഇതിനെ പൂർണമായും തള്ളിയാണ് മോദിക്ക് ക്ലീൻ ചിറ്റ് നൽകിയത്.

ആണവായുധം പ്രയോഗിക്കുന്നത് സംബന്ധിച്ച് രാജസ്ഥാനിൽ നടത്തിയ പ്രസംഗം ചട്ടലംഘനത്തിന്റെ പരിധിയിൽ പെടുന്നതല്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം മോദിക്ക് കമ്മീഷൻ ക്ലീൻ ചിറ്റ് നൽകിയിരുന്നു. സൈന്യത്തെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഉപയോഗിക്കരുതെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ കർശനമായ നിർദേശം നിലനില്‍ക്കെയായിരുന്നു ആണവായുധങ്ങളെ കുറച്ച് മോദി പ്രസംഗത്തിൽ വിവാദ പരാമർശം നടത്തിയത്. രാജ്യത്തെ ആണവായുധങ്ങൾ ദീപാവലിക്ക് വേണ്ടി ഉള്ളതല്ലെന്നായിരുന്നും പ്രസംഗം. പാക്കിസ്താന് താക്കീത് എന്ന നിലയിലാണ് മോദി തിരഞ്ഞെടുപ്പ റാലിയിൽ ഇക്കാര്യം പരാമർശിച്ചത്. എന്നാൽ പ്രധാമന്ത്രിയുടെ പരാമർശം ചട്ടലംഘനം ആണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് കമ്മീഷനെ സമീപിക്കുകയായിരുന്നു.

മഹാരാഷ്ട്രയിലെ ലത്തൂർ ജില്ലയിലുള്ള ഔസയില്‍ സംഘടിപ്പിച്ച ഒരു റാലിയിൽ മോദി നടത്തിയ പരാമർശം സംബന്ധിച്ച പരാതിയിൽ തൊട്ടു മുമ്പത്തെ ദിവസവും തെരഞ്ഞെടുപ്പ് കമ്മീഷൻ മോദിക്ക് ക്ലീൻ ചിറ്റ് നൽകിയിരുന്നു. പുൽവാമ ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനികർക്ക് യുവാക്കൾ തങ്ങളുടെ വോട്ട് നൽകണമെന്നായിരുന്നു മോദിയുടെ പ്രസ്താവന ചട്ടലംഘനമല്ലെന്നായിരുന്നു കമ്മീഷന്റെ നിലപാട്. ഇത് രാജ്യത്തിന്റെ സൈന്യത്തെ തെരഞ്ഞെടുപ്പു നേട്ടത്തിനായി ഉപയോഗിക്കലാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി പോയത്. ഏപ്രിൽ 9നായിരുന്നു മോദിയുടെ വിവാദ പ്രസ്താവന.

This post was last modified on May 4, 2019 10:17 pm