X

വിദ്യാര്‍ത്ഥിയുള്ളതറിയാതെ ഡ്രൈവര്‍ ബസ് ലോക്ക് ചെയ്തു, മലയാളി വിദ്യാര്‍ത്ഥിയെ ദുബായില്‍ മരിച്ച നിലയില്‍ കണ്ടെത്തി

നേരത്തെയും യുഎഇയില്‍ സമാന സംഭവമുണ്ടായിട്ടുണ്ട്.

ബസ് സ്‌കൂള്‍ എത്തിയപ്പോള്‍ ഇറങ്ങാന്‍ മറന്ന കുട്ടിയെ വൈകീട്ട് മരിച്ച നിലയില്‍ കണ്ടെത്തി. ദുബായിലാണ് സംഭവം. മലയാളിയായ മുഹമ്മദ് ഫര്‍ഹാനാണ് ദാരുണമായി മരിച്ചത്. ആറ് വയസ്സായിരുന്നു.

രാവിലെ വീട്ടില്‍നിന്ന് സെന്റര്‍ ഫോര്‍ മെസ്മറസിംങ് ഖുറാന്‍ എന്ന സ്ഥാപനത്തിലേക്ക് പുറപ്പെട്ടതാണ് കെ പി ഫൈസലിന്റെ മകന്‍ മുഹമ്മദ് ഫര്‍ഹാന്‍. എന്നാല്‍ ബസ് സ്ഥാപനത്തിലെത്തിയപ്പോള്‍ മറ്റ് കുട്ടികള്‍ ഇറങ്ങിയെങ്കിലും ഫര്‍ഹാന്‍ ഉറങ്ങിപോയിട്ടാണെന്ന് കരുതുന്നു ബസില്‍നിന്ന് ഇറങ്ങിയില്ല. മറ്റുള്ളവര്‍ ആരും ഫര്‍ഹാന്‍ ഇറങ്ങാത്തത് ശ്രദ്ധിച്ചുമില്ലെന്നാണ് റിപ്പോര്‍ട്ട്. വൈകിട്ട് ബസ് തിരിച്ചുപോകാന്‍ ഡ്രൈവര്‍ കയറിയപ്പോഴാണ് ഫര്‍ഹാന്‍ മരിച്ചതായി കാണപ്പെട്ടത്. ബസ് സുപ്പര്‍വെസറെയും ഡ്രൈവറെയും പൊലീസ് ചോദ്യം ചെയ്യുകയാണ്.

ദുബായിലെ അല്‍ ഖ്വാസിലാണ് സംഭവം. അടുത്ത മാസം 25 ന് സഹോദരിയുടെ കല്യാണം നടക്കാനിരിക്കയാണ് ദുരന്തം കുടുംബത്തെ കീഴടക്കിയതെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ഒമ്പത് മണിക്കൂറോളം ഫര്‍ഹാന്‍ ബസില്‍ തനിച്ചായിപ്പോയെന്ന് ദുബായ് പോലീസ് അറിയിച്ചു. കുട്ടി ബസില്‍ ഇരിക്കുന്നത് അറിയാതെ ഡ്രൈവര്‍ ബസ് അടച്ചിട്ട് പോകുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ഫര്‍ഹാന് നാല് സഹോദരികളുണ്ട്. 2014 ല്‍ അബുദാബിയിലും സമാന സംഭവമുണ്ടായിട്ടുണ്ട്. അന്ന് നാല് വയസ്സുകാരിയായ ഇന്ത്യക്കാരി നിസ്സാഹ ആലയാണ് ബസ് അധികൃതരുടെ അനാസ്ഥ മൂലം മരിച്ചത്.

ബസ് ലോക്ക് ചെയ്യുന്നതോടെ താപനിലയില്‍ ഉണ്ടാകുന്ന ക്രമാതീതമായ വര്‍ധനയാണ് ജീവന്‍ നഷ്ടപെടുന്നതിലേക്ക് കലാശിച്ചതെന്നാണ് പ്രഥമിക നിഗമനം.

Read More: കുറഞ്ഞ കൂലിയില്‍ ജോലി ചെയ്യാന്‍ വിസമ്മതിക്കുന്നവരെ അടിച്ചോടിക്കും, തെരുവില്‍ നില്‍ക്കരുതെന്ന് ബോര്‍ഡും സ്ഥാപിച്ചു; ഇതര സംസ്ഥാന തൊഴിലാളികള്‍ക്കെതിരെ പെരുമ്പാവൂര്‍- മൂവാറ്റുപുഴയില്‍ നടക്കുന്നത്

This post was last modified on June 16, 2019 11:52 am