X

സവര്‍ണരുടെ സംവരണ സ്വപ്‌നങ്ങള്‍: ഓഡിയിലും ബുള്ളറ്റിലും മറാത്തകളുടെ റാലി

അഴിമുഖം പ്രതിനിധി

മുംബൈ നഗരം ഇന്നലെ ഒരു വലിയ സംവരണ പ്രക്ഷോഭ റാലിയ്ക്ക് സാക്ഷ്യം വഹിച്ചു. ദളിതരോ ആദിവാസികളോ സാമ്പത്തികമായോ സാമൂഹ്യമായോ പിന്നാക്കം നില്‍ക്കുന്ന ഏതെങ്കിലും ജനവിഭാഗങ്ങളോ അല്ല റാലി സംഘടിപ്പിച്ചത്. മഹാരാഷ്ട്രയിലെ ഏറ്റവും പ്രബലമായ സവര്‍ണ സമുദായങ്ങളില്‍ ഒന്നായ മറാത്തകളാണ് സംവരണം ആവശ്യപ്പെട്ട് മൂക് മോര്‍ച്ച എന്നറിയപ്പെടുന്ന മൗനജാഥ നടത്തിയത്. മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ മറാത്തകള്‍ ഇത്തരം മൂക് മോര്‍ച്ചകള്‍ നടത്തുന്നത് പതിവാണ്.       

റോയല്‍ എന്‍ഫീല്‍ഡ് അടക്കമുള്ള ബൈക്കുകള്‍, സ്‌കൂട്ടറുകള്‍ മുതല്‍ ഓഡി കാര്‍ വരെ റാലിയില്‍ പങ്കെടുത്തു. ഗവണ്‍മെന്‌റ് ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം വേണമെന്നാണ് ഇവരുടെ ആവശ്യം. ദളിത്, ആദിവാസി പീഡനങ്ങള്‍ കുറ്റകരമാക്കുന്ന നിയമങ്ങളില്‍ ഇളവ് വേണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. നഗരത്തിലെ 11 ഇടങ്ങളില്‍ ഗതാഗതം വഴിതിരിച്ച് വിടേണ്ടി വന്നു. രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ ചുനഭട്ടിയില്‍ നിന്ന് ഛത്രപതി ശിവജി ടെര്‍മിനസിലേയ്ക്ക് നടന്ന റാലിയില്‍ 20,000 ബൈക്കുകള്‍ പങ്കെടുത്തു.

തങ്ങള്‍ പിന്നാക്ക വിഭാഗക്കാരൊന്നുമല്ല എന്ന് റാലിയില്‍ പങ്കെടുത്തവര്‍ തന്നെ വളരെ അഭിമാനത്തോടെ പറയുന്നുണ്ട് എന്നതാണ് രസകരം. മറാത്തകള്‍ പിന്നാക്കക്കാരല്ല. ഞങ്ങള്‍ മറ്റാരെക്കാളും ഒരു പടി മുകളില്‍ തന്നെയാണ്. പിന്നാക്ക സമുദായക്കാര്‍ ഞങ്ങളേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ നേടിയെടുക്കുന്നുണ്ട്. ഉത്തര്‍പ്രദേശില്‍ നിന്നുള്ളവര്‍ക്ക് പോലും മറാത്തികളേക്കാള്‍ കൂടുതല്‍ ജോലിയും സൗകര്യങ്ങളും ലഭിക്കുന്നു. ഇതിനെതിരെയാണ് ഞങ്ങളുടെ പ്രതിഷേധം – ചുനഭട്ടിയില്‍ നിന്നുള്ള 28കാരനായ ഹാര്‍ഡ് വെയര്‍ എഞ്ചിനിയര്‍ അഭിജിത് ടാക്ലെ പറയുന്നു. രാഷ്ട്രീയബന്ധമുണ്ടെന്ന് സമ്മതിക്കാന്‍ അഭിജിത് തയ്യാറല്ലെങ്കിലും ശിവസേനയുടെ രാഷ്ട്രീയം തന്നെയാണ് അയാള്‍ സംസാരിക്കുന്നത്. കുര്‍ളയില്‍ നിന്നുള്ള അക്ഷയ് ജാദവിന് അടുത്തിടെയാണ് ബൃഹന്‍ മുംബയ് ഇലക്ട്രിസിറ്റി, സപ്ലൈ ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ടില്‍ ക്ലര്‍ക്കായി ജോലി കിട്ടിയത്. അക്ഷയും സംവരണം ആവശ്യപ്പെട്ടുള്ള റാലിക്കെത്തിയിരുന്നു. എനിയ്ക്ക് ജോലിയ്ക്കായി മൂന്ന് വര്‍ഷം കാത്തിരിക്കേണ്ടി വന്നു. മറ്റ് ജാതികൡല്‍ പെട്ട പലര്‍ക്കും നേരത്തെ ജോലി കിട്ടി – അക്ഷയ് ജാദവ് പറഞ്ഞു.

ദളിതര്‍ക്കെതിരായ അതിക്രമം ഗുരുതരമായ കുറ്റമാക്കിയതിലാണ് ചീഫ് ട്രാഫിക് ഓഫീസറായി വിരമിച്ച പി.ആര്‍.സാവന്തിന്‌റെ പരാതി. താന്‍ ഈ നിയമത്തിന്‌റെ ഇരയാണെന്നും 2005ല്‍ ഇത് മൂലം എട്ട് വര്‍ഷത്തേയ്ക്ക് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടെന്നും സാവന്ത് പറയുന്നു. വിരമിക്കുന്നതിന് ഒരു മാസം മുമ്പ് മാത്രമാണ് തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞതെന്നും സാവന്ത് പറഞ്ഞു. സംഗതി മൗനജാഥയെന്നൊക്കെയാണ് പേരെങ്കിലും ഇടയ്ക്ക് മൈക്ക് വച്ച് അനൗണ്‍സ്‌മെന്‌റുകളും മുദ്രാവാക്യങ്ങളുമുണ്ടായിരുന്നു. കാവിക്കൊടികളേന്തിയായിരുന്നു റാലി. നിരവധി പുരുഷന്മാരും സ്ത്രീകളും കാവി തലപ്പാവ് അണിഞ്ഞിരുന്നു. മറാത്തി ദിനപ്പത്രം നവകാലിന്‌റെ ഒരു ലക്കം തന്നെ മറാത്തകളുടെ ഈ റോഡ്‌ഷോയ്ക്ക് വേണ്ടി മാറ്റി വച്ചിരിക്കുകയായിരുന്നു.

This post was last modified on December 27, 2016 2:18 pm