X

ദുരന്തത്തിന്റെ തുടര്‍ച്ചകളെ ഭയന്ന് നേപ്പാള്‍

ഉണ്ണികൃഷ്ണന്‍, കാര്‍ത്തികേയ് മെഹ്രോത്ര
(ബ്ലൂംബര്‍ഗ് ന്യൂസ്)

രാജ്യം കണ്ട ഏറ്റവും ഭീകരമായ ഭൂകമ്പത്തിന്റെ തുടര്‍ച്ചകളെയും പ്രത്യാഘാതങ്ങളെയും ഭയന്നിരിപ്പാണ് നേപ്പാള്‍. റിക്റ്റര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ പതിനായിരത്തിനടുത്ത് ജനങ്ങള്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഗതാഗതവും വാര്‍ത്താ വിനിമയ സംവിധാനങ്ങളും തകര്‍ന്നതിനാല്‍ കൃത്യമായ കണക്കുകള്‍ പുറത്ത് വരാനിരിക്കുന്നതേയുള്ളൂ. ഉള്‍പ്രദേശങ്ങളില്‍ ഇനിയും എത്രയോ പേര്‍ കുടുങ്ങിക്കിടക്കാനാണ് സാധ്യതയെന്ന് അധികൃതര്‍ ആശങ്കപ്പെടുന്നു.

എവറസ്റ്റില്‍ നിന്ന് 180ഓളം പര്‍വതാരോഹകരെ ഹെലികോപ്റ്റര്‍ വഴി രക്ഷപ്പെടുത്തിയിട്ടും ഇരുപതോളം പേരെങ്കിലും അവിടെ മരണപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ദിവസം കഴിയുന്തോറും രക്ഷാപ്രവര്‍ത്തനങ്ങളുടെ വഴിയടയുകയാണ്. രാജ്യത്തങ്ങോളമിങ്ങോളം താല്‍ക്കാലിക ടെന്റുകള്‍ ഉയര്‍ന്നു കഴിഞ്ഞു. ലോകമെമ്പാടു നിന്നും ഈ ദരിദ്ര രാജ്യത്തിലേക്ക് സഹായങ്ങള്‍ പ്രവഹിച്ച് കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇന്റര്‍നാഷണല്‍ റിലീഫ് ഏജന്‍സി ഇത്തരം സാഹചര്യങ്ങളില്‍ താമസിക്കുന്നവര്‍ക്കിടയില്‍ വ്യാപിക്കാന്‍ സാധ്യതയുള്ള ജലജന്യ രോഗങ്ങളെ പറ്റി മുന്നറിയിപ്പ് കൊടുത്ത് കഴിഞ്ഞിരിക്കുന്നു.

‘കുടുങ്ങിക്കിടക്കുന്നവരെയും ദുരന്തത്തെ അതിജീവിച്ചവരെയും കണ്ടെത്താനാണ് മുന്‍ഗണന’ എന്ന് നേപ്പാള്‍ സൈന്യത്തിലെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഡയറക്റ്ററായ കേണല്‍ നരേഷ് സുബ്ബ തിങ്കളാഴ്ച കാഠ്മണ്ഡുവില്‍ അറിയിച്ചു. താഴ്‌വരയിലെ 19ഓളം കേന്ദ്രങ്ങളിലായാണ് സൈന്യം തിരച്ചില്‍ നടത്തുന്നത്. മണ്‍വഴികളിലൂടെ മാത്രം എത്താന്‍ സാധിക്കുമായിരുന്ന ചില ഗ്രാമങ്ങള്‍ ‘പൂര്‍ണമായും നിരന്ന് പോയെ’ന്നാണ് വ്യോമനിരീക്ഷണത്തില്‍ കാണാന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചുകുട്ടികളുള്‍പ്പെടെയുള്ള ആയിരക്കണക്കിനാളുകളാണ് ദിവസങ്ങളോളം വെള്ളവും ഭക്ഷണവുമില്ലാതെ തുറസ്സായ സ്ഥലങ്ങളില്‍ കഴിച്ച് കൂട്ടുന്നത്. യു.എന്‍ കണക്ക് പ്രകാരം 9,40,000 കുട്ടികളാണ് ഇത്തരത്തിലുള്ളത്. ആശുപത്രികള്‍ നിറഞ്ഞ് കവിഞ്ഞിരിക്കുന്നു. കൃത്യമായ സൗകര്യങ്ങളില്ലാതെയാണ് അത്യാഹിത വിഭാഗങ്ങളടക്കം പ്രവര്‍ത്തിക്കുന്നത്. മുറിവ് തുന്നിക്കൂട്ടാന്‍ പോലും സൗകര്യമില്ലാത്ത ഈ സാഹചര്യത്തില്‍ വ്യാപകമായേക്കാവുന്ന ജലജന്യ രോഗങ്ങളെ പറ്റിയുള്ള ആശങ്കകള്‍ ഭീതിയുണര്‍ത്തുന്നതാണ്. 

അതിനിടെ കനത്ത മഴ പെയ്‌തേക്കാമെന്ന ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് രക്ഷാപ്രവര്‍ത്തനങ്ങളെ കൂടുതല്‍ ആശങ്കയിലാഴ്ത്തുന്നു. മണ്ണിടിച്ചില്‍ ശ്രദ്ധിക്കാനായി തദ്ദേശവാസികള്‍ക്ക് നിര്‍ദേശമുണ്ട്.

‘സാധാരണ ഗതിയില്‍ തന്നെ ഇത്തരം ഗ്രാമങ്ങളിലേക്ക് എത്തിച്ചേരാന്‍ ദിവസങ്ങളെടുക്കും. ഇപ്പോള്‍ ഈ ഭൂകമ്പത്തിന്റെയും മഴയുടെയും സാഹചര്യത്തില്‍ ഇത്തരം പ്രദേശങ്ങളിലെ ദുരന്തത്തിന്റെ കണക്കെടുക്കാന്‍ തന്നെ അതീവ ദുഷ്‌കരമാണ്’, എന്ന് യു.എന്‍ ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ മാനേജറായ റെനോഡ് മെയര്‍ പറഞ്ഞു.

കാഠ്മണ്ഡു വിമാനത്താവളം ഞായറാഴ്ചയുണ്ടായ തുടര്‍ ചലനത്തെ തുടര്‍ന്ന് താല്‍കാലികമായി അടച്ചിട്ടിരിക്കുകയാണ്. വിമാനത്താവളത്തിനു ചുറ്റും യാത്രക്കാര്‍ താല്‍ക്കാലിക ടെന്റില്‍ കാത്തിരിക്കുന്നതും കാണാം.

ടൂറിസം പ്രധാന വരുമാന മാര്‍ഗമായ നേപ്പാളിന് ഈ ദുരന്തത്തില്‍ നിന്ന് കര കയറാന്‍ ബുദ്ധിമുട്ടാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. നാശനഷ്ടങ്ങള്‍ ബില്ല്യണ്‍ ഡോളറുകള്‍ കവിഞ്ഞിരിക്കുന്നു. ഇനിയൊരു പുനര്‍നിര്‍മാണത്തിന് വര്‍ഷങ്ങളെടുത്തേക്കാം.

This post was last modified on April 29, 2015 4:09 pm