X

യുപിയില്‍ സംഘര്‍ഷം: എസ് പി അടക്കം 24 പേര്‍ കൊല്ലപ്പെട്ടു

അഴിമുഖം പ്രതിനിധി

ഉത്തര്‍പ്രദേശില്‍ കൈയേറ്റം ഒഴിപ്പിക്കുന്നതിനിടെ നടന്ന സംഘര്‍ഷത്തില്‍ മഥുര എസ്പി മുകുള്‍ ദ്വിവേദി അടക്കം 24 പേര്‍ കൊല്ലപ്പെട്ടു. കൈയേറ്റക്കാര്‍ നടത്തിയ വെടിവയ്പ്പില്‍ സന്തോഷ് കുമാര്‍ എന്ന പൊലീസുകാരനും കൊലപ്പെട്ടു.നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

മഥുരയിലെ ജവഹര്‍ ബാഗിലെ ഭൂമി കൈയേറിയിരുന്ന സ്വാധീന്‍ ഭാരത് ആന്ദോളന്‍ പ്രവര്‍ത്തകര്‍ കൈയേറിയിരുന്ന ഭൂമി പൊലീസ് ഒഴിപ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് സംഘര്‍ഷമുണ്ടായത്. 3000-ത്തോളം വരുന്ന കൈയറ്റക്കാര്‍ കല്ലേറ് നടത്തുകയും പിന്നീട് വെടിവയ്ക്കുകയും ചെയ്യുകയായിരുന്നു.

അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് പൊലീസ് ഒഴിപ്പിക്കല്‍ നടപടിയുമായി മുന്നോട്ടു പോയത്.

സംഘര്‍ഷം നിയന്ത്രാണാതീതമായതിനെ തുടര്‍ന്ന് പൊലീസും തിരികെ വെടിവയ്ക്കുകയും ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. 350-ല്‍ അധികം പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഒഴിഞ്ഞു പോകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയപ്പോള്‍ അത് ശ്രദ്ധിക്കാതെ പ്രതിഷേധക്കാര്‍ പൊലീസിനുനേരെ ആക്രമണം നടത്തുകയായിരുന്നുവെന്ന് എഡിജി ദല്‍ജീത് സിംഗ് ചൗധരി പറയുന്നു. മരങ്ങള്‍ക്ക് മുകളില്‍ ഇരുന്നാണ് പ്രതിഷേധക്കാര്‍ വെടിയുതിര്‍ത്തത്. കൈബോംബുകളും അവര്‍ പ്രയോഗിച്ചു.

സംഭവത്തെ കുറിച്ച് അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് ഉത്തരവിട്ടു. കൊല്ലപ്പെട്ട പൊലീസുകാരുടെ ബന്ധുക്കള്‍ക്ക് 20 ലക്ഷം രൂപയുടെ നഷ്ടപരിഹാരവും പ്രഖ്യാപിച്ചു. ഒരു വര്‍ഷം മുമ്പാണ് ജവഹര്‍ ബാഗിലെ നൂറുകണക്കിന് ഏക്കര്‍ ഭൂമി സ്വാധീന്‍ ഭാരത് ആന്ദോളന്‍ പ്രവര്‍ത്തകര്‍ കൈയേറിയത്. ധര്‍ണ്ണയുടെ പേരിലാണ് അവര്‍ ഭൂമി കൈയേറിയിരിക്കുന്നത്. ഇന്ത്യയുടെ രാഷ്ട്രപതിയുടേയും പ്രധാനമന്ത്രിയുടേയും തെരഞ്ഞെടുപ്പ് റദ്ദാക്കണം, നിലവിലെ കറന്‍സിക്ക് പകരം ആസാദ് ഹിന്ദ് ഫൗജിന്റെ കറന്‍സി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രവര്‍ത്തകര്‍ ധര്‍ണ ആരംഭിച്ചത്.

This post was last modified on December 27, 2016 4:13 pm