X

പത്താന്‍കോട്ട് ആക്രമണത്തില്‍ പാക് സര്‍ക്കാരിന്റെ പങ്കിന് തെളിവില്ല: എന്‍ഐഎ

അഴിമുഖം പ്രതിനിധി

പത്താന്‍കോട്ട് വ്യോമസേനാ താവളത്തില്‍ പാക് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ പാകിസ്താന്‍ സര്‍ക്കാരിന്റെയോ പാക് സര്‍ക്കാര്‍ ഏജന്‍സികളുടെയോ നേരിട്ടുള്ള പങ്കിന് തെളിവില്ലെന്ന് എന്‍ഐഎ ഡയറക്ടര്‍ ജനറല്‍ ശരദ് കുമാര്‍ പറഞ്ഞു. പത്താന്‍കോട്ട് ആക്രമണം നടത്താന്‍ ജെയ്‌ഷെ മുഹമ്മദിനെയോ മസൂദ് അസറിനെയോ സഹായികളെയോ പാക് സര്‍ക്കാരും ഏജന്‍സികളും സഹായിച്ചതിന് തെളിവൊന്നുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലെ അന്വേഷണം പൂര്‍ത്തിയാക്കിയ എന്‍ഐഎ സംഘം പാകിസ്താനില്‍ അന്വേഷണം നടത്താന്‍ അനുമതി കാത്തിരിക്കുകയാണ്.

ഇന്ത്യയില്‍ അന്വേഷണം നടത്താന്‍ പാകിസ്താനെ മോദി സര്‍ക്കാര്‍ അനുവദിച്ചിരുന്നു. പകരം ഇന്ത്യയുടെ അന്വേഷണ സംഘത്തെ പാകിസ്താനിലും അന്വേഷണം നടത്താന്‍ അനുവദിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ അതുണ്ടാകില്ലെന്ന് പാക് സംഘത്തിന്റെ സന്ദര്‍ശനത്തിന് ശേഷം പാകിസ്താന്‍ ഭരണകൂടം പ്രഖ്യാപിച്ചത് ഇന്ത്യയ്ക്ക് തിരിച്ചടിയായിരുന്നു. എങ്കിലും പാക് സര്‍ക്കാര്‍ അനുമതി നല്‍കുമെന്ന പ്രതീക്ഷയിലാണ് എന്‍ഐഎ.

പാകിസ്താന്‍ എന്‍ഐഎ സംഘത്തെ അനുവദിച്ചില്ലെങ്കില്‍ പോലും ഈ കേസിലെ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് ഡിജി പറഞ്ഞു. മസൂദ് അസറിനും സഹോദരന്‍ റൗഫ് അസറിനും എതിരെ ശക്തവും പര്യാപ്തവുമായ തെളിവുണ്ടെന്നും ഇരുവരുടേയും പേരുകള്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താവളത്തിനുള്ളില്‍ നിന്നും ആരുടേയും സഹായം ഭീകരര്‍ക്ക് ലഭിച്ചില്ലെന്നും ഡിജി വെളിപ്പെടുത്തി.

This post was last modified on December 27, 2016 4:13 pm