X

മികച്ചവരില്ല, മന്ത്രിസഭ പുനസംഘടിപ്പിക്കാനാകാതെ മോദി

അഴിമുഖം പ്രതിനിധി

ബീഹാര്‍ തോല്‍വിക്കു ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്ര മന്ത്രിസഭ പുനസംഘടിപ്പിക്കാന്‍ ഒരുങ്ങിയെന്നും എന്നാല്‍ പകരം മികച്ചവരെ ലഭിക്കാത്തതിനാല്‍ ഉദ്യമത്തില്‍ നിന്നും പിന്‍വാങ്ങിയെന്നും റിപ്പോര്‍ട്ട്. മന്ത്രിസ്ഥാനത്ത് മോശം പ്രകടനം കാഴ്ച്ച വച്ചവരെ കേന്ദ്രമന്ത്രിസഭയില്‍ നിന്നും പുറത്താക്കി സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ 2016-ന്റെ തുടക്കത്തില്‍ തന്നെയൊരു പുനസംഘടന പ്രതീക്ഷിക്കാമെന്ന് സ്രോതസ്സുകള്‍ പറയുന്നു. നിരവധി മന്ത്രിമാര്‍ക്ക് സ്ഥാന ചലനം ഉണ്ടാകുമെന്ന് മോദിയുമായി അടുപ്പമുള്ളവര്‍ വെളിപ്പെടുത്തുന്നു. എങ്കിലും മികച്ചവരുടെ ദാരിദ്ര്യം കാരണം വലിയൊരു പുനസംഘടന നടത്തുന്നതില്‍ നിന്നും മോദിക്ക്‌ തടസ്സമാകുമെന്ന് അവര്‍ പറയുന്നു.

ധനമന്ത്രി അരുണ്‍ ജെറ്റ്‌ലിയെ പ്രതിരോധ മന്ത്രാലയത്തിലേക്ക് മാറ്റുന്നത് പരിഗണിക്കുന്നുണ്ടെങ്കിലും പകരം ധനമന്ത്രിയാകാന്‍ ആളില്ല.

പാര്‍ട്ടിയുടെ ഭാവി സാധ്യതകളെ പുനരുജ്ജീവിപ്പിക്കാന്‍ മോദിയുടെ മേല്‍ സമ്മര്‍ദ്ദം ഏറുകയാണ്. ലോക്‌സഭയില്‍ ഭൂരിപക്ഷം നേടി അധികാരത്തില്‍ എത്തിയെങ്കിലും വാഗ്ദാനം ചെയ്തതുപോലെയുള്ള തൊഴിലും വളര്‍ച്ചയും ഉണ്ടാകാത്തതും രണ്ട് വര്‍ഷം ഗ്രാമങ്ങളില്‍ തുടര്‍ച്ചയായി വരള്‍ച്ച ഉണ്ടായതും കാരണം അസംതൃപ്തി ഉടലെടുക്കുന്നത് ബിജെപിയെ ആശങ്കപ്പെടുത്തുന്നുണ്ട്.

അതിവേഗമുള്ള പരിഷ്‌കരണങ്ങള്‍ക്കും നയങ്ങള്‍ക്കും ഒപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ശരിയായ ആളെ കണ്ടെത്തുകയാണ് മോദി നേരിടുന്നതെന്ന് പ്രധാനമന്ത്രിയുമായി അടുപ്പമുള്ള സ്രോതസ് പറയുന്നു.

This post was last modified on December 27, 2016 3:31 pm