X

മുത്തൂറ്റ് സമരം; വിജയിക്കുമെന്ന പ്രതീക്ഷയില്‍ തൊഴിലാളികള്‍

അഴിമുഖം പ്രതിനിധി

തൊഴിലാളി സമരം നടക്കുന്ന മുത്തൂറ്റ് പ്രൈവറ്റ് ലിമിറ്റഡിലെ പ്രശ്നങ്ങള്‍പരിഹരിക്കാന്‍  നാളെ തൊഴില്‍ മന്ത്രിയുടെ സാന്നിധ്യത്തില്‍ തൊഴിലാളികളും കമ്പനി പ്രതിനിധികളുമായി തിരുവനന്തപുരത്ത് ചര്‍ച്ച നടത്തും. നാളെ രാവിലെ 10 മണിക്കാണ് ചര്‍ച്ച.

ശമ്പളം കൂട്ടി നല്‍കുക, യൂണിയന്‍ ഉണ്ടാക്കിയതിന്‍റെ പേരില്‍ പിരിച്ചു വിട്ട തൊഴിലാളികളെ തിരിച്ചെടുക്കുക, സസ്പെന്ഷനുകള്‍ പിന്‍വലിക്കുക തുടങ്ങിയ കാരണങ്ങള്‍ ഉയര്‍ത്തിക്കാട്ടി മുത്തൂറ്റ് ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡില്‍ തൊഴിലാളികള്‍ സമരം നടത്തി വരികയായിരുന്നു. ഇതിന്‍റെ ഭാഗമായി 72 മണിക്കൂര്‍ പണിമുടക്കും നടത്തിയിരുന്നു. 

തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ വേണ്ടി സംഘടന ഉണ്ടാക്കിയതാണ് മുതലാളിമാരെ പ്രകോപിപ്പിച്ചതെന്നും അതിന്‍റെ അനന്തര ഫലമാണ് ഇപ്പോള്‍ കമ്പനിയില്‍ നടക്കുന്ന സ്ഥലം മാറ്റങ്ങള്‍ എന്നുമാണ് തൊഴിലാളി നേതാക്കള്‍ പറഞ്ഞിരുന്നത്. 

കമ്പനിയില്‍ ഒരേ പോസ്റ്റില്‍ ഉള്ള ജീവനക്കാര്‍ക്ക് പലതരം ശമ്പളം ആണ് എന്നും കൃത്യമായ ശമ്പള സ്കെയില്‍ നടപ്പിലാക്കിയിട്ടില്ല എന്നും മതിയായ ആനുകൂല്യങ്ങള്‍ നല്‍കാതെയാണ് കമ്പനിയില്‍ നിന്ന് റിട്ടയര്‍ ആകുന്നവരെ യാത്രയയക്കുന്നത് എന്നും തൊഴിലാളികള്‍ പറയുന്നു. 

എന്നാല്‍ ഇതുവരെയും തൊഴിലാളികളുടെ സമരത്തെ പറ്റി പ്രതികരിക്കാന്‍ കമ്പനി തയ്യാറായിട്ടില്ല.

ചര്‍ച്ച വിജയമാകും എന്ന് തന്നെയാണ് തൊഴിലാളി നേതാക്കള്‍ പ്രതീക്ഷിക്കുന്നത്. മാനേജ്മെന്‍റ് അനുകൂല നിലപാട് എടുത്തില്ലെങ്കില്‍ വീണ്ടും സമരവുമായി മുന്നോട്ട് പോകാനാണ് തൊഴിലാളികളുടെ തീരുമാനം. 

This post was last modified on December 27, 2016 2:29 pm