X

സൂര്യടിവി തൊഴിലാളി സമരം; തിങ്കളാഴ്ച ചര്‍ച്ച

അഴിമുഖം പ്രതിനിധി

ബോണസ്സ്, ശമ്പള വര്‍ധനവ് തുടങ്ങിയ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടി സൂര്യ ടിവി ജീവനക്കാര്‍ സമരത്തിലേക്ക് കടക്കുന്നതിന് മുമ്പ് മാനേജ്‌മെന്റെ് ചര്‍ച്ചയ്ക്കു വിളിച്ചു. തിങ്കളാഴ്ചയാണ് സമര പ്രതിനിധിയുമായി മാനേജ്‌മെന്റെ് കൂടിക്കാഴ്ച നടത്തുക. കൂടിക്കാഴ്‌ചയ്ക്കു ശേഷം മാനേജ്‌മെന്റെ് തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ കൂടുതല്‍ കടുത്ത സമരത്തിലേക്ക് കടക്കുമെന്നും യൂണിയന്‍ അംഗങ്ങള്‍ പറഞ്ഞു

ഏറണാകുളം വാഴക്കാലയില്‍ ഹെവന്‍ലി പ്ലാസയിലെ സൂര്യ ടിവി ഓഫീസിലെ ക്യാമറ, എഡിറ്റിങ്, പ്രൊഡ്യൂസര്‍ അടക്കമുള്ള ജീവനക്കാര്‍ ചേര്‍ന്ന് കഴിഞ്ഞ ദിവസം യൂണിയന്‍ ഉണ്ടാക്കിയിരുന്നു. ബിഎംഎസിന്റെ നേതൃത്വത്തിലായിരുന്നു യൂണിയന്‍ ആരംഭിച്ചത്. 200 ഓളം ജീവനക്കാരാണ് സൂര്യ ടിവി ഓഫീസിലുള്ളത്.

മാനേജ്മെന്റിനെതിരെ ‘തൊഴിലാളികള്‍ പുഴുക്കളല്ല’ എന്ന തലക്കെട്ടില്‍ ഒരു ഫ്ളക്സും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ശമ്പള വര്‍ദ്ധനവ് മുന്‍കാല പ്രാബല്യത്തിലൂടെ നടപ്പിലാക്കുക, പെര്‍ഫോമെന്‍സ് ബോണസ് എന്ന പകല്‍ക്കൊള്ള അവസാനിപ്പിക്കുക, ഓണത്തിന് അടിയന്തരമായി ബോണസ് നല്‍കുക, കാന്റീന്‍ സൗകര്യം അടിയന്തര പ്രാധാന്യത്തോടെ നടപ്പിലാക്കുക, രാത്രികാലങ്ങളിലും ഹര്‍ത്താല്‍ ദിനങ്ങളിലും വാഹനസൗകര്യം ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് ഇവര്‍ മുന്നോട്ടുവെച്ചിരിക്കുന്നത്.

മാസശമ്പളത്തില്‍ നിന്നും പെര്‍ഫോമെന്‍സ് ബോണസ് എന്ന പേരില്‍ കമ്പനി എല്ലാമാസവും ഒരു നിശ്ചിത തുക എടുക്കാറുണ്ട്. ആറുമാസം കഴിയുമ്പോള്‍ ഈ തുക അക്കൗണ്ടില്‍ വരുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഒരു വര്‍ഷത്തിനുശേഷമാണ് ഈ ആനുകൂല്യം കിട്ടാറുള്ളതെന്നാണ് ജീവനക്കാര്‍ പറയുന്നത്. ഇതിനു പുറമേ സൂര്യ ടിവിയുടെ സ്റ്റാഫായി നിയമനം കിട്ടിയവരെക്കൊണ്ട് സൂര്യ മ്യൂസിക്കിന്റെയും കൊച്ചു ടിവിയുടെയും കിരണ്‍ ടിവിയുടെയും വര്‍ക്കുകള്‍ ചെയ്യിക്കുന്നു എന്നും പ്രതിഫലം നല്‍കുമ്പോള്‍ സൂര്യയിലെ ജോലികള്‍ മാത്രമാണ് പരിഗണിക്കുന്നതെന്നും ജീവനക്കാര്‍ വ്യക്തമാക്കി.

This post was last modified on December 27, 2016 2:29 pm